Enter your Email Address to subscribe to our newsletters

New delhi, 19 മാര്‍ച്ച് (H.S.)
ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യന്‍ കപ്പലുകളുടെ സുരക്ഷിത യാത്രയ്ക്ക് നടപടി സ്വീകരിച്ച് ഇന്ത്യ. ഇവിടേക്ക് കൂടുതല്‍ യുദ്ധക്കപ്പലുകള്‍ അയയ്ക്കാന്‍ ഇന്ത്യന്‍ നാവികസേന തീരുമാനിച്ചു. ഹോര്‍മുസ് കടലിടുക്കിന്റെ ദക്ഷിണഭാഗത്തുള്ള ഒമാന്‍ തീരക്കടലിലാണ് ഇന്ത്യന്‍ യുദ്ധക്കപ്പല്‍ വിന്യസിക്കുക. ഇന്ത്യന്‍ പതാകവാഹകരായ കൂടുതല്‍ ഇന്ധന കപ്പലുകളെ ഇതുവഴി കടന്നുപോകാന്‍ ഇറാന്‍ അനുവദിച്ചേക്കുമെന്ന പ്രതീക്ഷയാണ് നാവികസേനയുടെ പുതിയ നീക്കത്തിന് പിന്നില്‍.
ഈ അധിക വിന്യാസത്തോടെ മേഖലയിലെ ഇന്ത്യന്‍ യുദ്ധക്കപ്പലുകളുടെ എണ്ണം ആറ്-ഏഴ് വരെയാകും. ഈ ആഴ്ച ആദ്യം, യുഎഇയിലെ ഫുജൈറ തുറമുഖത്തുനിന്ന് പുറപ്പെട്ട ഇന്ത്യന്‍ എണ്ണക്കപ്പല്‍ ഇന്ത്യന്‍ യുദ്ധക്കപ്പലിന്റെ അകമ്പടിയോടെ രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് സുരക്ഷിതമായി എത്തിച്ചിരുന്നു.
ഫെബ്രുവരി 28-ന് ആരംഭിച്ച ഇറാനെതിരെയുള്ള യുഎസ്-ഇസ്രയേല്‍ ആക്രമണം ആഗോള ക്രൂഡ് ഓയില്‍ വിതരണത്തിന്റെ 20% കൈകാര്യം ചെയ്യുന്ന നിര്‍ണായക സമുദ്രപാതയായ ഹോര്‍മുസ് കടലിടുക്കിനെ ഫലത്തില്‍ അടച്ചിരിക്കുകയാണ്. ഷിപ്പിംഗ് മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 22 ഇന്ത്യന്‍ കപ്പലുകളാണ് അവിടെ കുടുങ്ങിക്കിടക്കുന്നത്.
നിലവില്‍ മൂന്ന് ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ ഒമാന്‍ ഉള്‍ക്കടലില്‍ വിന്യസിച്ചിട്ടുണ്ട്. ശിവാലിക് (Shivalik), നന്ദാദേവി (Nanda Devi) എന്നീ രണ്ട് ഇന്ത്യന്‍ എല്‍പിജി കപ്പലുകള്‍ കഴിഞ്ഞ ആഴ്ച ഹോര്‍മുസ് കടലിടുക്ക് കടന്ന് സുരക്ഷിതമായി ഇന്ത്യയിലെത്തിയിരുന്നു. മേഖലയിലെ ഇന്ത്യന്‍ നാവികസേനയുടെ സാന്നിധ്യം 'ഓപ്പറേഷന്‍ സങ്കല്‍പ്പിന്' (Operation Sankalp) കീഴിലാണ് തുടരുന്നത്.
ഫെബ്രുവരി 28-ന് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം, ഹോര്‍മുസ് മേഖലയിലെ തങ്ങളുടെ യുദ്ധക്കപ്പലുകളുടെ സാന്നിധ്യത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും ഇന്ത്യന്‍ നാവികസേന ഇതുവരെ ഔദ്യോഗികമായി പങ്കുവെച്ചിട്ടില്ല. കൂടാതെ, 2008 ഒക്ടോബര്‍ മുതല്‍ ഇന്ത്യന്‍ വ്യാപാര കപ്പലുകള്‍ക്ക് സംരക്ഷണം നല്‍കാനായി ഒരു യുദ്ധക്കപ്പല്‍ ഏഡന്‍ ഉള്‍ക്കടലില്‍ പട്രോളിംഗ് നടത്തുന്നുണ്ട്.
---------------
Hindusthan Samachar / Sreejith S