കപ്പലുകള്ക്ക് ടോള് ഏര്പ്പെടുത്താനൊരുങ്ങി ഇറാന്; ചരക്ക് നീക്കത്തെ പ്രതിസന്ധിയിലാക്കും
Kerala, 19 മാര്‍ച്ച് (H.S.) ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്താനൊരുങ്ങി ഇറാന്‍ ഭരണകൂടം. കപ്പല്‍ ഗതാഗതം, ഇന്ധന കൈമാറ്റം, ഭക്ഷ്യവിതരണം എന്നിവയ്ക്കായി ഈ പാത ഉപയോഗിക്കുന്ന രാജ്യങ്ങളില്‍നിന്ന് ടോള്‍ ഈട
IRAN ISRAEL US WAR


Kerala, 19 മാര്‍ച്ച് (H.S.)

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്താനൊരുങ്ങി ഇറാന്‍ ഭരണകൂടം. കപ്പല്‍ ഗതാഗതം, ഇന്ധന കൈമാറ്റം, ഭക്ഷ്യവിതരണം എന്നിവയ്ക്കായി ഈ പാത ഉപയോഗിക്കുന്ന രാജ്യങ്ങളില്‍നിന്ന് ടോള്‍ ഈടാക്കുന്നതിനുള്ള ബില്‍ ഇറാന്‍ പാര്‍ലമെന്റിന്റെ പരിഗണനയിലാണെന്ന് ഇറാനിയന്‍ സ്റ്റുഡന്റ്‌സ് ന്യൂസ് ഏജന്‍സി വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

യുദ്ധം അവസാനിക്കുന്നതോടെ ഹോര്‍മുസ് കടലിടുക്കില്‍ പുതിയ നിയമങ്ങള്‍ നിലവില്‍വരുമെന്നും ഇറാനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങള്‍ക്കുമേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ഇറാന്റെ പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

നിലവില്‍ അമേരിക്കയും ഇസ്രയേലും ഇറാനുമായി സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍, തങ്ങളുടെ ശത്രുരാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകളുടെ ഗതാഗതം ഇറാന്‍ ഹോര്‍മുസില്‍ തടസപ്പെടുത്തുന്നുണ്ട്. ഫെബ്രുവരി മുതല്‍ ഈ പ്രദേശത്ത് ഇരുപതോളം വ്യാപാര കപ്പലുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും സുപ്രധാന ഊര്‍ജവിതരണ പാതയായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കയറ്റുമതിയുടെ 80 ശതമാനവും ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ് എത്തുന്നത്. സൗദി അറേബ്യ, ഇറാഖ്, യുഎഇ, കുവൈറ്റ് എന്നീ പ്രധാന എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ആഗോള വിപണിയില്‍ എത്തിക്കാന്‍ പ്രധാനമായും ആശ്രയിക്കുന്നത് ഈ പാതയെയാണ്. ഇറാന്റെ പുതിയ നീക്കം ആഗോള സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് സാമ്പത്തികവിദഗ്ദര്‍ വിലയിരുത്തുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News