Enter your Email Address to subscribe to our newsletters

Kannur, 19 മാര്‍ച്ച് (H.S.)
നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിക്കണമെന്ന് കെ സുധാകരന്റെ ആവശ്യം പൂര്‍ണ്ണമായും തള്ളി കോണ്‍ഗ്രസ്. കണ്ണൂരില്‍ മുന്‍ മേയര്‍ ടി.ഒ.മോഹനന്‍ സ്ഥാനാര്‍ഥിയാകും. എംപിമാര്‍ മത്സരിക്കേണ്ടെന്ന് ഹൈക്കമാന്‍ഡ് നിലപാട് കടുപ്പിച്ചതോടെയാണ് സുധാകരന് സീറ്റ് ലഭിക്കാതിരുന്നത്. ലോക്‌സഭയില്‍ കോണ്‍ഗ്രസ് എംപിമാരുടെ എണ്ണം കുറയുന്നതില്‍ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. സമ്മര്‍ദം ശക്തമാക്കിയതിന് പിന്നാലെ സുധാകരന്‍ തന്നെ കണ്ണൂരില്‍ സ്ഥാനാര്‍ഥിയായേക്കുമെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇന്നലെ പുലര്‍ച്ചെ വരെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ എംപിമാര്‍ മത്സരിക്കേണ്ട എന്ന നിലപാടില്‍ നേതൃത്വം ഉറച്ചു നിന്നതാണ് സുധാകരന് വിനയായത്. കോന്നി സീറ്റ് ആവശ്യപ്പെട്ട അടൂര്‍പ്രകാശിനും നേതൃത്വം സീറ്റ് നിഷേധിച്ചു. കോന്നിയില്‍ സതീഷ് കൊച്ചുപറമ്പില്‍ സ്ഥാനാര്‍ഥിയായേക്കും.
സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് തന്നെ തഴഞ്ഞതില്‍ കെ.സുധാകരന് കടുത്ത അതൃപ്തി. സ്വതന്ത്രനായി മത്സരിക്കാന്‍ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മാധ്യമങ്ങളെ കണ്ടേക്കും. എഐസിസിയുടെ തീരുമാനം കടുത്ത വഞ്ചനയും അപമാനിക്കലുമാണെന്ന് സുധാകരന്‍ പറഞ്ഞതായാണ് വിവരം. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ നിന്ന് രാജിവയ്ക്കാനും തീരുമാനമെടുത്തെന്നാണു സൂചന. 11 മണി വരെ കാത്തിരിക്കണമെന്നും പ്രകോപിതരാകരുതെന്നും അണികളോട് സുധാകരന്‍ പറഞ്ഞു. ബിജെപി കേന്ദ്ര നേതൃത്വം സുധാകരന്റെ അടുത്ത ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചെന്നാണ് വിവരം.
പുലര്‍ച്ചെ 2.30വരെ യോഗം മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വീട്ടില്‍ യോഗം തുടര്‍ന്നെങ്കിലും ഔദ്യോഗികമായി ഒരു പ്രഖ്യാപനവും നടത്താന്‍ കഴിയാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. ചര്‍ച്ചകള്‍ ഏറെ നീണ്ടതോടെ പുലര്‍ച്ചെയുള്ള വിമാനത്തില്‍ നാട്ടിലേക്ക് വരേണ്ടതു കൊണ്ട് കേരള നേതാക്കള്‍ മടങ്ങുകയായിരുന്നു. ഇതുവരെയും പട്ടികയുടെ കാര്യത്തില്‍ ഔദ്യോഗിക തീരുമാനം വന്നിട്ടില്ല. എന്നാല്‍ സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമായെന്നാണ് വിവരം. ഉച്ചയ്ക്ക് മുന്‍പ് പട്ടിക പുറത്തുവന്നേക്കും.
കേരള നേതാക്കള്‍ക്കിടയില്‍ ഏകസ്വരം ഉണ്ടാകാത്തതില്‍ ഹൈക്കമാന്‍ഡ് അതൃപ്തി രേഖപ്പെടുത്തിയെന്നാണു വിവരം. എംപിമാരുടെ മത്സരതാല്‍പര്യത്തോടും ഖര്‍ഗെ അതൃപ്തി അറിയിച്ചു. എംപിമാര്‍ മത്സരത്തിനിറങ്ങുമ്പോള്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് എംപിമാരുടെ എണ്ണം കുറയുന്നതിലും വലിയ അതൃപ്തി ഹൈക്കമാന്‍ഡിനുണ്ട്. ആ നിലപാടാണ് ആദ്യം മുതല്‍ അവര്‍ സ്വീകരിക്കുന്നതും. എന്നാല്‍ അതിനിടയിലും സുധാകരനും അടൂര്‍ പ്രകാശും സമ്മര്‍ദ തന്ത്രവുമായെത്തിയതില്‍ നേതൃത്വത്തിന് വലിയ അതൃപ്തിയുണ്ട്. സംസ്ഥാന നേതൃത്വത്തിന്റെ താല്‍പര്യത്തോടെ സ്‌ക്രീനിങ് സമിതി തയാറാക്കിയ ചില പേരുകളിലും രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ അതൃപ്തി രേഖപ്പെടുത്തിയെന്നാണ് വിവരം.
---------------
Hindusthan Samachar / Sreejith S