പശ്ചിമേഷ്യ സംഘര്ഷം ഗള്ഫ് രാജ്യങ്ങളിലെ പ്രവാസി സമൂഹത്തെ മാനസികമായ അസ്വസ്ഥതയിലേക്ക് നയിക്കുന്നത്; മുഖ്യമന്ത്രി
Thiruvanathapuram, 19 മാര്‍ച്ച് (H.S.) പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി സമൂഹത്തെ മാനസികമായ അസ്വസ്ഥതയിലേക്കും ആശയക്കുഴപ്പത്തിലേക്കുമാണ് നയിക്കുന്നത്. അതിന്റെ പ്രതിഫലനം ഏറ്റവും വ്യക്തമായി അനുഭവപ്പെടുന്നത് കേരളത്തിലെ പ്രവാസി
Kerala CM Pinarayi Vijayan


Thiruvanathapuram, 19 മാര്‍ച്ച് (H.S.)

പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി സമൂഹത്തെ മാനസികമായ അസ്വസ്ഥതയിലേക്കും ആശയക്കുഴപ്പത്തിലേക്കുമാണ് നയിക്കുന്നത്. അതിന്റെ പ്രതിഫലനം ഏറ്റവും വ്യക്തമായി അനുഭവപ്പെടുന്നത് കേരളത്തിലെ പ്രവാസി കുടുംബങ്ങളിലാണ്.

ഈദ് ആഘോഷകാലം എന്നത് സാധാരണയായി പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങിയെത്തുന്ന സന്തോഷ നിമിഷങ്ങളാണ്. എന്നാല്‍ ഇത്തവണ അനേകര്‍ക്ക് യാത്ര തന്നെ മുടങ്ങിയിരിക്കുന്നു. ആവശ്യത്തിന് വിമാന സര്‍വീസുകളുടെ അഭാവം പ്രതിസന്ധിയാകുന്നു. ലഭ്യമായ വിമാനങ്ങള്‍ക്കുപോലും അമിതമായ തിരക്കും ടിക്കറ്റ് നിരക്കുകളും സാധാരണക്കാരുടെ കയ്യെത്തുന്നതിന് പുറത്താണ്.

അതിലും വലിയ ആശങ്ക, നാട്ടിലെത്തിയാല്‍ തിരികെ ജോലി സ്ഥലങ്ങളിലേക്കെത്താന്‍ കഴിയുമോ എന്നതാണ്. യാത്രാ അനിശ്ചിതത്വം കാരണം സമയത്ത് തിരിച്ചെത്താന്‍ കഴിയാത്ത സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ തൊഴിലില്‍ തന്നെ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും എന്ന ഭയം പ്രവാസികളിലുണ്ട്.

കേരളത്തിലെ പ്രവാസി സമൂഹത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് അനുപാതികമായ വിമാന സര്‍വീസുകള്‍ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തി കൂടുതല്‍ വിമാന സര്‍വീസുകള്‍ ക്രമീകരിക്കുകയും യാത്രാ സൗകര്യങ്ങള്‍ സുഗമമാക്കുകയും വേണം.

പ്രവാസികള്‍ നമ്മുടെ നാടിന്റെ അഭേദ്യ ഭാഗമാണ്. അവരുടെ ആശങ്കകള്‍ പരിഹരിക്കുന്നത് സാമൂഹിക ബാധ്യത എന്നതിനേക്കാള്‍ എത്രയോ വലിയ ഉത്തരവാദിത്തമാണ്. ഈദ് പോലുള്ള ആഘോഷകാലത്ത് അവരുടെ മനസ്സില്‍ ആശ്വാസവും ആത്മവിശ്വാസവും സൃഷ്ടിക്കാന്‍ ആവശ്യമായ നടപടികള്‍ അടിയന്തരമായി കൈക്കൊള്ളാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാവണം.

ഏത് പ്രതിസന്ധിയിലും പ്രവാസി സഹോദരങ്ങള്‍ക്കൊപ്പം ഈ നാട് ഉണ്ടാകും. ഈ അസ്വസ്ഥതയുടെ ഘട്ടത്തില്‍ പ്രവാസികള്‍ക്ക് സഹായം നല്‍കാന്‍ ലോകകേരള സഭാംഗങ്ങളും ഗള്‍ഫ് നാടുകളിലെ പ്രവാസി സംഘടനകളും ഒത്തൊരുമിച്ച് ഇടപെടുന്നത് ഏറ്റവും അഭിനന്ദനാര്‍ഹമായ കാര്യമാണ്. അത്തരം ഇടപെടലുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തും എന്ന് പ്രതീക്ഷിക്കുകയാണ്.

---------------

Hindusthan Samachar / Sreejith S


Latest News