Enter your Email Address to subscribe to our newsletters

New delhi, 19 മാര്‍ച്ച് (H.S.)
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതും ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായും മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമുമായും ചര്‍ച്ച നടത്തി. ഹോര്‍മുസ് കടലിടുക്കിലൂടെ സുരക്ഷിതവും സ്വതന്ത്രവുമായ ചരക്ക് ഗതാഗതം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മോദി ഇരു നേതാക്കളുമായും ടെലിഫോണില്‍ സംസാരിച്ചു.
സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി ഫലപ്രദമായ സംഭാഷണം നടത്തിയെന്നും സംഘര്‍ഷം കുറയ്ക്കുന്നതിനും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുമായി ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും മുന്‍ഗണന നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചുവെന്നും മോദി എക്സില്‍ കുറിച്ചു.
ഒമാന്റെ പരമാധികാരത്തിന്റെയും പ്രാദേശിക സമഗ്രതയുടെയും ലംഘനത്തെ ഇന്ത്യ അപലപിക്കുന്നതായി പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളുടെ സുരക്ഷിതമായ മടക്കം സാധ്യമാക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതവും സ്വതന്ത്രവുമായ ഗതാഗതത്തിന് വേണ്ടിയാണ് ഇന്ത്യയും ഒമാനും നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
'പശ്ചിമേഷ്യയിലെ ആശങ്കാജനകമായ സ്ഥിതിഗതികള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തു. സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനും സംഘര്‍ഷം ലഘൂകരിക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു' - അദ്ദേഹം പറഞ്ഞു.
അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിക്കുകയും തിരിച്ചടിയായി ഇറാന്‍ നിരവധി ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കുകയും ചെയ്തതിന് ശേഷം മോദി ഒമാന്‍ സുല്‍ത്താനുമായി നടത്തുന്ന രണ്ടാമത്തെ സംഭാഷണമാണിത്. ഒമാനിലെ ജനങ്ങള്‍ക്ക് മുന്‍കൂട്ടി ഈദ് ആശംസകള്‍ അറിയിച്ച മോദി, മലേഷ്യന്‍ പ്രധാനമന്ത്രിക്കും അവിടുത്തെ ജനങ്ങള്‍ക്കും ഹരിരായ ഐദില്‍ഫിത്രി ഉത്സവത്തിന്റെ ഊഷ്മളമായ ആശംസകള്‍ നേര്‍ന്നു.
പശ്ചിമേഷ്യയിലെ സ്ഥിതിഗതികളെക്കുറിച്ചും സംഘര്‍ഷം ലഘൂകരിക്കേണ്ടതിന്റെയും നയതന്ത്രത്തിലേക്ക് മടങ്ങേണ്ടതിന്റെയും അടിയന്തര ആവശ്യകതയെക്കുറിച്ചും ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായും മോദി ചര്‍ച്ച നടത്തി.
---------------
Hindusthan Samachar / Sreejith S