Enter your Email Address to subscribe to our newsletters

Hyderabad , 20 മാര്ച്ച് (H.S.)
ആഗോള സിനിമാ ഭൂപടത്തിൽ നഗരം ശ്രദ്ധാകേന്ദ്രമായി ഉയർന്നുവരുന്നുവെന്നും ഹോളിവുഡ് സിനിമകൾക്ക് പോലും വേദിയാകുന്ന ഒരു ഘട്ടത്തിലേക്ക് ഹൈദരാബാദ് എത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി രേവന്ത് റെഡി. തെലങ്കാന സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ്റെ ആഭിമുഖ്യത്തിൽ മധാപൂരിൽ നടന്ന 'തെലങ്കാന ഗദ്ദർ ഫിലിം അവാർഡ്' ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചലച്ചിത്ര വ്യവസായത്തെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കാന്നതിനും സർക്കാർ മികച്ച തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദ് ഐടി, വ്യവസായങ്ങൾ അല്ലെങ്കിൽ ബിരിയാണി എന്നിവയ്ക്ക് മാത്രമല്ല, ഒരു സിനിമാ കേന്ദ്രമായും വികസിച്ചുകൊണ്ടിരിക്കുകയാണ്. മുഴുവൻ ഇന്ത്യൻ സിനിമാ വ്യവസായവും നഗരത്തിൽ ഒരു കുടക്കീഴിൽ ഒന്നിക്കും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഹൈദരാബാദിൻ്റെ സുരക്ഷയും നിക്ഷേപക സൗഹൃദ അന്തരീക്ഷവും എടുത്തുകാണിച്ചുകൊണ്ട്, ദുബായിൽ നിന്നുള്ള നിക്ഷേപകർ പോലും ഇവിടെ നിക്ഷേപിക്കാൻ താത്പര്യം കാണിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തെലുഗ് ചലച്ചിത്ര വ്യവസായത്തെ ചെന്നൈയിൽ നിന്ന് ഹൈദരാബാദിലേക്ക് മാറ്റുന്നതിൽ എൻ ടി രാമറാവുവും അക്കിനേനി നാഗേശ്വര റാവുവും നിർണായക പങ്ക് വഹിച്ചതായി രേവന്ത് റെഡി പറഞ്ഞു. എന്നിരുന്നാലും, നഗരത്തിൽ വ്യവസായം ശക്തമായി വേരുറപ്പിക്കാൻ അക്ഷീണം പ്രവർത്തിച്ചത് റാമോജി റാവു എന്ന മഹത് വ്യക്തിയാണ്. ഒരു കഥയുമായി വന്ന് സിനിമയുമായി തിരിച്ച് പോകാനുള്ള തരത്തിലാണ് റാമോജി ഫിലിം സിറ്റി സെറ്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് അദ്ദേഹം പറഞ്ഞു.
വളരെക്കാലമായി മുടങ്ങിക്കിടന്ന 'നന്ദി സിനിമ അവാർഡുകൾ' പുതിയ പേരിൽ വീണ്ടും അവതരിപ്പിക്കാനുള്ള തീരുമാനത്തെക്കുറിച്ചും മുഖ്യമന്ത്രി വിശദീകരിച്ചു. ഗായകനും ആക്ടിവിസ്റ്റുമായിരുന്ന ഗദ്ദറിൻ്റെ ബഹുമാനാർത്ഥം അവ 'ഗദ്ദർ അവാർഡുകൾ' എന്ന പേരിൽ വീണ്ടും ആരംഭിച്ചിരിക്കുന്നു. തെലങ്കാന പ്രക്ഷോഭത്തെ സ്വാധീനിക്കുകയും സാമൂഹിക അനീതികൾക്കെതിരെ പോരാടുകയും ചെയ്ത ശക്തമായ ശബ്ദമായിട്ടാണ് ഗദ്ദറിനെ അദ്ദേഹം വിശേഷിപ്പിച്ചത്.
അദ്ദേഹത്തിൻ്റെ പേരിൽ അവാർഡുകൾ നൽകുന്നത് നമ്മുടെ സാമൂഹിക ഉത്തരവാദിത്തത്തിൻ്റെ പ്രതിഫലനമാണ്. പൊതുജനാഭിപ്രായം രൂപപ്പെടുത്താൻ കഴിവുള്ള ശക്തമായ ഒരു മാധ്യമമാണ് സിനിമ. സാമൂഹിക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അർത്ഥവത്തായ ഉള്ളടക്കം നിർമിക്കാനും ചലച്ചിത്ര പ്രവർത്തകർക്ക് പ്രേരണ നൽകുന്നു മുഖ്യമന്ത്രി പറഞ്ഞു.
സിനിമയിൽ നിന്നുള്ള നിരവധി പ്രമുഖ വ്യക്തികളും താരങ്ങളും പരിപാടിയുടെ ഭാഗമായി. അവാർഡ് നിർണയ പ്രക്രിയ പൂർണ സുതാര്യതയോടെയാണ് നടന്നതെന്ന് ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാർക്ക പറഞ്ഞു. ചലച്ചിത്ര വ്യവസായത്തെ ആദരിക്കുന്നതിലും ഹൈദരാബാദിനെ ആഗോള സിനിമാ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിലും തെലങ്കാന സർക്കാരിൻ്റെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ ചടങ്ങെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR