Enter your Email Address to subscribe to our newsletters

Thiruvananthapuram, 20 മാര്‍ച്ച് (H.S.)
തിരുവനന്തപുരം: സിപിഎമ്മിന്റെ മനോനില തെറ്റിത്തുടങ്ങിയെന്നും അതിന്റെ തെളിവാണ് ബിജെപി നേതാക്കളെ ജാതിപരമായി ആക്ഷേപിക്കില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. ആരെയും എന്തും പറയാമെന്ന സിപിഎമ്മിന്റെ ധാര്‍ഷ്ട്യത്തെ വെറുതെവിടാന്‍ ബിജെപി ഒരുക്കമല്ല. ഇരുപത്തിനാല് മണിക്കൂറിനകം സിപിഎം നേതാവ് സുരേഷ്‌കുമാര്‍ തന്റെ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ ബിജെപി ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കാലഘട്ടത്തിന്റെ ആവശ്യം ബിജെപി, എന്‍ഡിഎ ആണെന്ന് തിരിച്ചറിഞ്ഞ നിരവധിപേര്‍ മറ്റുപാര്‍ട്ടികളില്‍ നിന്ന് രാജി വച്ച് ബിജെപിയില്‍ ചേര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ വിഭ്രാന്തി പൂണ്ട ചില സിപിഎം നേതാക്കള്‍ ബിജെപിയിലേക്ക് വരുന്ന നേതാക്കള്‍ക്കെതിരെ വളരെ മ്‌ളേച്ചമായ, അപഹാസ്യമായ രീതിയിലാണ് പ്രതികരിക്കുന്നതെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്.സുരേഷും പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന ഒരു ചാനല്‍ ചര്‍ച്ചയില്‍ ജില്ല പഞ്ചായത്ത് മുന്‍ അധ്യക്ഷനും സിപിഎം നേതാവുമായ സുരേഷ്‌കുമാര്‍ വൈക്കത്തെ മുന്‍ എംഎല്‍എ കെ.അജിത്ത്, ദേവികുളത്തെ എസ്.രാജേന്ദ്രന്‍, നാട്ടികയിലെ സി.സി മുകുന്ദന്‍ എന്നിവര്‍ ബിജെപിലേക്ക് വന്നതിനെക്കുറിച്ച് പറഞ്ഞത് അട്ടയെപിടിച്ച് മെത്തയില്‍ കിടത്തിയാല്‍ കിടക്കില്ല എന്ന ജാതീയമായ അധിക്ഷേപമാണ്. സിപിഎം നേതാക്കള്‍ പൊതുവേദികളില്‍ ചാനല്‍ ചര്‍ച്ചകളില്‍ നടത്തി കേരളത്തിലെ പട്ടികജാതി പട്ടിക വര്‍ഗ പിന്നാക്ക ദളിത് വിഭാഗങ്ങളെ അധിക്ഷേപിച്ചിരിക്കുകയാണ്. ഇതിനെതിരെ കേരളത്തിലെ ബിജെപിയും എന്‍ഡിഎയും നിയമനടപടികളുമായി മുന്നോട്ട് പോകും. ജാതി അധിക്ഷേപം നടത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയനും എം.വി ഗോവിന്ദനും മാപ്പു പറയണമെന്നും എസ്.സുരേഷ് ആവശ്യപ്പെട്ടു.
*പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു*
തിരുവനന്തപുരം: ദളിത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷനും കഴിഞ്ഞനിയസഭാ തെരഞ്ഞെടുപ്പില്‍ ചിറയിന്‍കീഴ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ബി.എസ് അനൂപ്, മൂന്ന് തവണയൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കെപിസിസി എക്‌സിക്യൂട്ടീവ് അംഗവുമായിരുന്ന ചടയമംഗലം സ്വദേശിയായ ആര്‍.എസ് അരുണ്‍രാജ് എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ രണ്ട് പേരെയും ബിജെപിയിലേക്ക് ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
കോണ്‍ഗ്രസിന്റെ ദളിത് പീഡനത്തില്‍ പ്രതിഷേധിച്ചുകൊണ്ടാണ് ബി.എസ് അനൂപ് ബിജെപിയില്‍ ചേര്‍ന്നത്. ജില്ലയില്‍ കോണ്‍ഗ്രസിന് വേണ്ടി ചോരയും നീരും ഒഴുക്കിയവരോട് നേതൃത്വം അനീതി കാണിക്കുകയാണെന്ന് അനൂപ് പറഞ്ഞു. നേതൃത്വത്തിന്റെ തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെ പുറത്താക്കാനുള്ള റിസര്‍ച്ച് നടത്തുന്ന പഠനകേന്ദ്രമായി കോണ്‍ഗ്രസ് മാറിയെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ ജില്ലയിലെ അക്രമ രാഷ്ട്രീയത്തിനും കൊലപാതക രാഷ്ട്രീയത്തിനും ചുക്കാന്‍ പിടിച്ച, നേതൃത്വം നല്‍കിയ ടി.കെ ഗോവിന്ദനെയും കുഞ്ഞികൃഷ്ണനെയും പോലെയുള്ള സിപിഎമ്മിന്റെ ക്രിമിനലുകള്‍ക്ക് കുടപിടിക്കുന്ന നേതാക്കമാരെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള പട്ടികയാണ് പുറത്ത് വന്നത്. കൃപേഷ്, ശരത്‌ലാല്‍, ശുഹൈബ് തുടങ്ങിയവരുടെ കൊലയാളികള്‍ക്ക് സംരക്ഷണമൊരുക്കിയ സിപിഎം നേതാക്കളെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് താന്‍ കോണ്‍ഗ്രസില്‍ നിന്നും രാജി വച്ച് ബിജെപിയില്‍ ചേര്‍ന്നതെന്ന് ആര്‍.എസ് അരുണ്‍രാജ് പറഞ്ഞു.
---------------
Hindusthan Samachar / Sreejith S