Enter your Email Address to subscribe to our newsletters

Kozhikode , 20 മാര്ച്ച് (H.S.)
പാചകവാത പ്രതിസന്ധി മുതലെടുത്ത് ഗ്യാസ് ബുക്കിങിൻ്റെ മറവിൽ സൈബർ തട്ടിപ്പ്. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതോടെ മുന്നറിയിപ്പുമായി സൈബർ ക്രൈം പൊലീസ് രംഗത്തെത്തി.
ഗ്യാസ് സിലിണ്ടർ ബുക്കിങ്ങിൻ്റെയും ബിൽ അപ്ഡേഷൻ്റെയും പേരിലാണ് സംസ്ഥാനത്ത് സൈബർ തട്ടിപ്പ് സംഘങ്ങൾ സജീവമായത്. സിലിണ്ടറുകളുടെ ലഭ്യതകുറവ് മുതലെടുത്താണ് തട്ടിപ്പുകാർ ഉപഭോക്താക്കളെ വലയിലാക്കുന്നത്.
ആദ്യം മൊബൈൽ ഫോണിലേക്ക് ഒരു ടെക്സ്റ്റ് സന്ദേശം വരും. തുടർന്ന് വാട്സാപ്പ് വഴി ബന്ധപ്പെടുന്ന തട്ടിപ്പുകാർ 'GAS BILL UPDATE APK' എന്ന പേരിലുള്ള ഒരു ഫയൽ അയച്ചു തരും. ഗ്യാസ് ബുക്കിങ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനോ കുടിശിക തീർക്കാനോ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്ന് ഇവർ ആവശ്യപ്പെടും.
ഈ APK ഫയൽ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിൻ്റെ പൂർണ നിയന്ത്രണം തട്ടിപ്പുകാരുടെ കൈവശമാകും.
ഇതിലൂടെ ഫോണിലുള്ള ബാങ്ക് വിവരങ്ങളും UPI പിൻ നമ്പറുകളും ചോർത്തുകയും ഉപഭോക്താവ് അറിയാതെ തന്നെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാവുകയും ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
സംസ്ഥാനത്ത് മൂന്ന് കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ട് കേസുകൾ എപികെ ഫയലുകൾ ഡൗൺലോഡ് ചെയ്താണ് നടത്തിയത്. ഒരെണ്ണം ഉപഭോക്താവിന് ഗ്യാസ് ബുക്കിങ്ങിലൂടെയുള്ള സബ്സിഡി ക്രെഡിറ്റ് ചെയ്യാനുണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ചുമാണ്. നിലവിലെ അവസ്ഥയിൽ തികഞ്ഞ ജാഗ്രത വേണം എന്ന് സൈബർ കൈ പൊലീസ് അസിസ്റ്റൻ്റ് കമ്മീഷണർ പ്രദീപ് കുമാർ ഇടിവി ഭാരതിനോട് പറഞ്ഞു.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് എണ്ണ വിതണത്തിലും പാചക വിതരണത്തിലും പ്രതിസന്ധിയുണ്ട്. ഇന്ത്യയിലേക്ക് വേണ്ട മുക്കാൽ ഭാഗം എണ്ണയും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നാണ് വരുന്നത്. അതേസമയം രാജ്യത്ത് ഇന്ധന വിതരണം സുസ്ഥിരമാണെന്നും ആരും പരിഭ്രാന്താരാകേണ്ട ആവശ്യമില്ലെന്നും പെട്രോളിയം മന്ത്രാലയം ഇന്നലെ നടത്തിയ വാർ്തതാ സമ്മേളനത്തിൽ പറഞ്ഞിരുന്നു.
വാണിജ്യ എൽപിജി ഉപഭോക്തക്കളോട് സാധ്യമാകുന്നിടതെല്ലാം പിഎൻജിയിലേക്ക് മാറാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഗാർഹിക ആവശ്യങ്ങൾക്കുള്ള ഗ്യാസ് വിതരണത്തിലും മുടക്കമുണ്ടാവില്ലെന്നും എല്ലാം സാധാരണ നിലയിൽ നടക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി
തട്ടിപ്പിനിരയാകാതിരിക്കാനുള്ള ജാഗ്രത നിർദ്ദേശങ്ങൾ
അപരിചിത ലിങ്കുകൾ ഒഴിവാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. വാട്സാപ്പ് വഴിയോ എസ്.എം.എസ് വഴിയോ ലഭിക്കുന്ന APK ഫയലുകൾ യാതൊരു കാരണവശാലും ഇൻസ്റ്റാൾ ചെയ്യരുത്.
സിലിണ്ടർ ബുക്കിങ്ങിനും പേയ്മെൻ്റിനുമായി ഗ്യാസ് ഏജൻസികളുടെ ഔദ്യോഗിക വെബ്സൈറ്റുകളോ മൊബൈൽ ആപ്പുകളോ മാത്രം ഉപയോഗിക്കുക.
അടിയന്തര സന്ദേശങ്ങൾ ലഭിക്കുമ്പോൾ പരിഭ്രാന്തരാകാതെ അതിൻ്റെ സത്യാവസ്ഥ നേരിട്ട് ഏജൻസിയുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തുക.
ബാങ്ക് വിവരങ്ങളോ പാസ്വേഡുകളോ അപരിചിതമായ വെബ്സൈറ്റുകളിലോ ആപ്പുകളിലോ നൽകരുത്.
സൈബർ തട്ടിപ്പിന് ഇരയായാൽ ഉടൻതന്നെ 1930 എന്ന ഹെൽപ്ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന പോർട്ടൽ വഴിയോ പരാതി രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് പൊലീസ് അറിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR