ഹിപ്പോപ്പൊട്ടാമസിൻ്റെ ആക്രമണത്തിൽ വനിത മൃഗഡോക്ടര്ക്ക് ദാരുണാന്ത്യം.
Banglore, 20 മാര്ച്ച് (H.S.) ഹിപ്പോപ്പൊട്ടാമസിൻ്റെ ആക്രമണത്തിൽ വനിത മൃഗഡോക്ടര്ക്ക് ദാരുണാന്ത്യം. ശിവമോഗയിലെ തവരെകൊപ്പ കടുവ-സിംഹ സങ്കേതത്തിൽ വന്യജീവികളെ ചികിത്സിക്കുന്നതിനിടെയാണ് മരണം. ബെംഗളൂരു സ്വദേശിയായ ഡോ. സമീക്ഷ റെഡി (27) ആണ് മരിച്ചത്. ഇന്നലെ
Tavarekoppa Zoo


Banglore, 20 മാര്ച്ച് (H.S.)

ഹിപ്പോപ്പൊട്ടാമസിൻ്റെ ആക്രമണത്തിൽ വനിത മൃഗഡോക്ടര്ക്ക് ദാരുണാന്ത്യം. ശിവമോഗയിലെ തവരെകൊപ്പ കടുവ-സിംഹ സങ്കേതത്തിൽ വന്യജീവികളെ ചികിത്സിക്കുന്നതിനിടെയാണ് മരണം. ബെംഗളൂരു സ്വദേശിയായ ഡോ. സമീക്ഷ റെഡി (27) ആണ് മരിച്ചത്.

ഇന്നലെ (വ്യാഴാഴ്ച 19) രാത്രിയാണ് സംഭവം. കടുവ സങ്കേതത്തിലെ ഒരു സൺ കോണൂർ പക്ഷിയെ ചികിത്സിക്കാനാണ് ഡോക്ടറെ അടിയന്തരമായി വിളിച്ചത്. രാത്രി 10:30 ആയപ്പോള് ഡോക്ടര് എത്തിച്ചേരുകയും പക്ഷിയ ചികിത്സിക്കുകയും ചെയ്തു.

പിന്നാലെയാണ് സങ്കേതത്തിലെ ഗർഭിണിയായ ഒരു ഹിപ്പോപ്പൊട്ടാമസിനെ കൂടി പരിശോധിക്കണമെന്ന് ഉദ്യോഗസ്ഥര് ഡോക്ടറിനെ അറിയിച്ചത്. രാത്രി 11:45 ഓടെയാണ് ഗർഭിണിയായ ഒരു ഹിപ്പോപ്പൊട്ടാമസിനെ പരിശോധിക്കാന് പോയത്. ശരീര താപനില പരിശോധിക്കുന്നതിനിടെ ഹിപ്പോപ്പൊട്ടാമസ് അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു.

ആക്രമണത്തില് ഗുരുതര പരിക്കേറ്റ സമീക്ഷ റെഡിയെ ഉടന് തന്നെ സമീപത്തെ ആശുപത്രിയില് പ്രവേശിച്ചു. ഡോക്ടര്ക്ക് ഉടന് തന്നെ ശസ്ത്രക്രിയ വേണമെന്ന് നിര്ദേശിച്ചു. തുടര്ന്ന് ഇന്ന് രാവിലെ ശസ്ത്രക്രിയയ്ക്ക് വിധേയയായതിന് പിന്നാലെ ഡോക്ടര്മാര് മരണം സ്ഥിരീകരിച്ചു.

അനുശോചനം രേഖപ്പെടുത്തി വനം വകുപ്പ്

ശിവമോഗയിലെ തവരെകൊപ്പ കടുവ-സിംഹ സങ്കേതത്തിലെ ഹിപ്പപ്പൊട്ടാമസിൻ്റെ ആക്രമണത്തില് കൊല്ലപ്പെട്ട വനിത ഡോക്ടര്ക്ക് വനം മന്ത്രി ഈശ്വര് ഖന്ദ്രെ അനുശോചനം രേഖപ്പെടുത്തി. ഓരോ ജീവനും വിലപ്പെട്ടതാണ്. വേർപാടിൻ്റെ വേദന താങ്ങാൻ ദൈവം അവരുടെ കുടുംബത്തിന് ശക്തി നൽകട്ടെ മന്ത്രി പറഞ്ഞു. ഈ ദുഃഖസമയത്ത് മരിച്ച ഡോക്ടറുടെ കുടുംബത്തോടൊപ്പം സർക്കാർ നിലകൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

അതേസമയം മരണപ്പെട്ട യുവ മൃഗഡോക്ടറുടെ കുടുംബത്തിന് നിയമങ്ങൾ പ്രകാരം അടിയന്തര നഷ്ടപരിഹാരം നൽകാൻ മന്ത്രി നിർദ്ദേശിച്ചു. കൂടാതെ സംസ്ഥാനത്തെ എല്ലാ മൃഗശാലകളിലെയും മൃഗഡോക്ടർമാർ ഏതെങ്കിലും വന്യജീവികളെ ചികിത്സിക്കുമ്പോൾ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമം (SOP) പാലിക്കണമെന്ന് വ്യക്തമായ നിർദ്ദേശവും നൽകി.

ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച് 7 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി ഉത്തരവിട്ടു. ഇതിനായി മുതിർന്ന മൃഗഡോക്ടർമാരും വനം ഉദ്യോഗസ്ഥരും അടങ്ങുന്ന ഒരു പ്രത്യേക സംഘത്തെ നിയോഗിക്കാനും ഈശ്വര് ഖന്ദ്രെ നിർദ്ദേശിച്ചു.

സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമം (SOP)

ഒരു സ്ഥാപനത്തിലെ ജോലികൾ കൃത്യതയോടെയും സുരക്ഷിതമായും ചെയ്ത് തീർക്കാനുള്ള ഘട്ടം ഘട്ടമായുള്ള നിര്ദ്ദേശങ്ങളാണ് സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമം. ഇത് പിഴവുകൾ കുറയ്ക്കാനും, നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാനും സഹായിക്കുന്നു. അതേസമയം സുരക്ഷിതമായ ഒരു തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഇവ പാലിക്കേണ്ടതുണ്ടെന്നും അധികൃതര് പറയുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News