Enter your Email Address to subscribe to our newsletters

Alappuzha , 20 മാര്ച്ച് (H.S.)
ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരത്തിലേറാനുള്ള സാധ്യതയില്ലെന്ന് ജി സുധാകരൻ. പിണറായി വിജയൻ മുഖ്യമന്ത്രിയാകുന്നതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞതിനെക്കുറിച്ചും ജി സുധാകരൻ പ്രതികരിച്ചു. പിണറായി മുഖ്യമന്ത്രി ആകുന്നതിൽ സന്തോഷമുണ്ട് എന്നാൽ നിലവിലെ സാഹചര്യത്തിൽ മൂന്നാം തവണയും ജനങ്ങൾ വോട്ട് ചെയ്യാൻ സാധ്യതയില്ലെന്നും ജി സുധാകരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. അമ്പലപ്പുഴയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് സുധാകരൻ്റെ പ്രതികരണം.
അമ്പലപ്പുഴയിൽ ജനകീയ സ്വതന്ത്രനായി മത്സരിക്കും. നോമിനേഷൻ കൊടുക്കുന്ന തീയതിയെപ്പറ്റിയും പ്രചാരണത്തെക്കുറിച്ചും ഇതുവരെയൊന്നും തീരുമാനിച്ചിട്ടില്ലെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. എനിക്ക് തെരഞ്ഞെടുപ്പ് കമ്മറ്റിയില്ല. താൻ ഒരു കൺവെൻഷനും വിളിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി പി പ്രസാദിനെയും സുധാകരൻ രൂക്ഷമായി വിമർശിച്ചു. അമ്പലപ്പുഴയിലല്ലാതെ മറ്റെവിടെയും പ്രചാരണത്തിന് ഇറങ്ങില്ലെങ്കിലും പി പ്രസാദിനെതിരെ ചേർത്തലയിൽ പ്രചാരണത്തിന് ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഇതയാൾ ചോദിച്ച് വാങ്ങുന്നതാണ്. അയാളുടെ രാഷ്ട്രീയ വിജയം തുലാസിലാണ്. സിപിഐയിൽ ഒരാൾ മാത്രമാണ് തനിക്കെതിരെ പ്രസ്താവന നടത്തിയത്.
അയാൾ മാന്യനായി ഭാവിക്കുകയല്ലേ. പി പ്രസാദ് എന്തിനാണ് തന്നെ കമ്മ്യൂണിസം പഠിപ്പിക്കാൻ വരുന്നത്. അയാൾ എനിക്കെതിരെ മോശമായി സംസാരിക്കുകയും ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു. കഴിഞ്ഞ തവണ പി പ്രസാദിന് കിട്ടിയത് ആറായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു.
തനിക്ക് പാർലമെൻ്ററി വ്യാമോഹമാണുള്ളതെന്നാണ് പൊതുവിലുള്ള ആരോപണങ്ങൾ. ഇങ്ങനെ പറയുന്നവർക്ക് നാണവും മാനവുമുണ്ടോ എന്നും സുധാകരൻ ചോദിച്ചു. ആറാമതും നിയമസഭയിൽ മത്സരിക്കുന്ന എഎം ആരിഫിന് പാർലമെൻ്ററി മോഹമില്ലേ? സജി ചെറിയാൻ, യു പ്രതിഭ, വിഎൻ വാസവൻ എന്നിവരെല്ലാം മൂന്നാം തവണയാണ് മത്സരിക്കുന്നത്. എന്നിട്ട് തനിക്ക് പാർലമെൻ്ററി വ്യാമോഹമാണെന്ന് പറയുന്നവർ കണ്ണടച്ച് ഇരിക്കുകയാണോ എന്നും ജി സുധാകരൻ ചോദിച്ചു.
ഇന്നലെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ വീട്ടിലെത്തുകയും സ്വീകരണം നൽകുകയും ചെയ്തു. യുഡിഎഫ് സീറ്റ് ഒഴിച്ചിട്ടത് അവരുടെ ഉത്തരവാദിത്തമാണെന്നും ജി സുധാകരൻ എടുത്ത് പറഞ്ഞു. താൻ ഉടൻ ജനകീയ സ്വതന്ത്ര സ്ഥാനാർഥിയായി പ്രചാരണം ആരംഭിക്കും. തന്നെ സഹായിക്കാൻ ഏത് മുന്നണികൾക്കും മുന്നോട്ട് വരാവുന്നതാണ്.
കൂടാതെ സിപിഐഎമ്മിൽ നിന്ന് സ്വയം ഒഴിഞ്ഞതാണെന്നും തന്നെ ആരും പുറത്താക്കിയതല്ലെന്നും ജി സുധാകരൻ പറഞ്ഞു. പൊളിറ്റിക്കൽ ക്രിമിനലിസത്തിനെതിരെയാണ് ആണ് തൻ്റെ തെരഞ്ഞെടുപ്പ് ക്യാമ്പയിനെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR