ഐഎസ്എല്ലിൽ പഞ്ചാബ് എഫ്സിക്കെതിരായ നിർണായക പോരാട്ടത്തിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ ആത്മവിശ്വാസം നിറയുന്നു.
Kochi , 20 മാര്ച്ച് (H.S.) ഐഎസ്എല്ലിൽ പഞ്ചാബ് എഫ്സിക്കെതിരായ നിർണായക പോരാട്ടത്തിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ ആത്മവിശ്വാസം നിറയുന്നു. ടീമിന്റെ പ്രകടനത്തെക്കുറിച്ചും വരാനിരിക്കുന്ന വെല്ലുവിളികളെക്കുറിച്ചും ഹെഡ് കോച്ച് ഡേവിഡ് കറ്റാല
KBFC VS PUNJAB FC MATCH


Kochi , 20 മാര്ച്ച് (H.S.)

ഐഎസ്എല്ലിൽ പഞ്ചാബ് എഫ്സിക്കെതിരായ നിർണായക പോരാട്ടത്തിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ ആത്മവിശ്വാസം നിറയുന്നു. ടീമിന്റെ പ്രകടനത്തെക്കുറിച്ചും വരാനിരിക്കുന്ന വെല്ലുവിളികളെക്കുറിച്ചും ഹെഡ് കോച്ച് ഡേവിഡ് കറ്റാല പ്രീ-മാച്ച് പ്രസ് കോൺഫറൻസിൽ സംസാരിച്ചു. പ്രതിരോധ താരം ഐബനും കോച്ചിനൊപ്പം പങ്കെടുത്തു.

പ്രകടനത്തിൽ പുരോഗതി, ലക്ഷ്യം വിജയം

കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ ടീം കാണിച്ച പോരാട്ടവീര്യത്തിൽ തൃപ്തനാണെന്ന് കോച്ച് പറഞ്ഞു. 'മുൻപത്തെ മത്സരങ്ങളെ അപേക്ഷിച്ച് ഞങ്ങൾ മെച്ചപ്പെട്ടു. ആദ്യ പകുതിയിൽ മികച്ച രീതിയിൽ മത്സരിക്കാൻ സാധിച്ചു. ലഭിച്ച പോയിന്റിൽ സന്തോഷമുണ്ടെങ്കിലും നിലവിലെ അവസ്ഥയിൽ പൂർണ്ണ സംതൃപ്തനല്ല. ഇതൊരു തുടക്കമാണ്, കാര്യങ്ങൾ മെച്ചപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നു,' കറ്റാല വ്യക്തമാക്കി.

കളിക്കാരുടെ കരുത്തിൽ വിശ്വാസം

ടീമിൽ ക്രിയേറ്റീവ് പ്ലേമേക്കർമാരുടെ കുറവുണ്ടോ എന്ന ചോദ്യത്തിന്, നിലവിലുള്ള താരങ്ങളിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നായിരുന്നു കോച്ചിന്റെ മറുപടി. 'പരിശീലനത്തിൽ അവർ എത്രത്തോളം കഠിനാധ്വാനം ചെയ്യുന്നുണ്ടെന്ന് ഞാൻ ദിവസവും കാണുന്നുണ്ട്. ഇല്ലാത്ത കളിക്കാരെക്കുറിച്ച് ആലോചിച്ച് സമയം കളയുന്നതിൽ കാര്യമില്ല. ഇപ്പോൾ കൂടെയുള്ള കളിക്കാരെ സജ്ജമാക്കുന്നതിലാണ് ശ്രദ്ധയെന്ന് അദ്ദേഹം പറഞ്ഞു.

സ്ഥിരതയുള്ള ആദ്യ ഇലവൻ

എല്ലാ മത്സരങ്ങളിലും ഒരേ ഇലവനെ കളിപ്പിക്കാനാണ് ഏതൊരു കോച്ചും ആഗ്രഹിക്കുന്നത്. എന്നാൽ എതിരാളികൾക്കും സാഹചര്യങ്ങൾക്കും അനുസരിച്ച് മാറ്റങ്ങൾ വരുത്തേണ്ടി വരുമെന്ന് കറ്റാല വിശദീകരിച്ചു. 'നമുക്ക് 25 കളിക്കാരും സജ്ജരായിരിക്കണം. ആർക്കും എപ്പോൾ വേണമെങ്കിലും ആദ്യ ഇലവനിലോ സബ്സ്റ്റിറ്റ്യൂഷനിലോ അവസരം ലഭിക്കാം. എല്ലാവരും മത്സരത്തിന് തയ്യാറായിരിക്കുക എന്നതാണ് എന്റെ ലക്ഷ്യം.

പ്രതിരോധത്തിലെ കരുത്തും ഓപ്പൺ പ്ലേ ഗോളുകളും

ഇതുവരെ സെറ്റ് പീസുകളിൽ നിന്ന് മാത്രമാണ് ബ്ലാസ്റ്റേഴ്സ് ഗോൾ നേടിയത് എന്ന പോരായ്മ കോച്ച് സമ്മതിച്ചു. അഞ്ചു മത്സരങ്ങളിൽ ഏഴു ഗോളുകൾ വഴങ്ങിയത് തിരുത്തപ്പെടേണ്ട കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഫാലു ഡിയാന്യെയുടെ വരവ് പ്രതിരോധ നിരയ്ക്ക് വലിയ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. അദ്ദേഹം ടീമിനെ നയിക്കുന്ന രീതിയിൽ കോച്ച് സന്തോഷം പ്രകടിപ്പിച്ചു.

പഞ്ചാബ് എഫ്സിയുടെ വെല്ലുവിളി

പഞ്ചാബ് എഫ്സി പ്രതിരോധത്തിൽ അതീവ കരുത്തരാണെന്നും അവരെ തോൽപ്പിക്കുക പ്രയാസകരമാണെന്നും കോച്ച് നിരീക്ഷിച്ചു. അവരുടെ പ്രധാന സ്ട്രൈക്കർക്ക് റെഡ് കാർഡ് മൂലം കളിക്കാൻ കഴിയില്ല എന്നത് അവർക്ക് വലിയ തിരിച്ചടിയാണ്. അവർക്ക് അതൊരു വലിയ നഷ്ടം തന്നെയാണ്. എങ്കിലും എതിരാളികളുടെ പോരായ്മയേക്കാൾ സ്വന്തം ടീമിന്റെ താളത്തിലും ഊർജ്ജത്തിലുമാണ് ഞാൻ വിശ്വസിക്കുന്നതെന്ന് ഡേവിഡ് കാറ്റല പറഞ്ഞു. ചില താരങ്ങൾക്ക് പേശി സംബന്ധമായ പരിക്കുകളുണ്ടെന്നും മെഡിക്കൽ ടീമുമായി സംസാരിച്ച ശേഷമേ നാളത്തെ ഫൈനൽ ഇലവനെ തീരുമാനിക്കൂ എന്നും അദ്ദേഹം അറിയിച്ചു.

ഇനിയുള്ള ഓരോ മത്സരവും അഗ്നിപരീക്ഷ

സീസണിന്റെ തുടക്കത്തിൽ മോഹൻ ബഗാൻ, മുംബൈ സിറ്റി എഫ്സി, ചെന്നൈയിൻ എഫ്സി, ഇന്റര് കാശി എന്നീ ടീമുകളോട് പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സിനു ഇത് അതിനിർണ്ണായകമായ സമയമാണ്. കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ സമനിലയിൽ തളച്ച് സീസണിലെ ആദ്യ പോയിന്റ് നേടിയെങ്കിലും, നിലവിൽ പട്ടികയിൽ 12-ാം സ്ഥാനത്താണ് ടീമുള്ളത്. ലീഗിലെ തങ്ങളുടെ നില മെച്ചപ്പെടുത്താൻ ഇനിയുള്ള ഓരോ പോരാട്ടവും ബ്ലാസ്റ്റേഴ്സി നെ സംബന്ധിച്ച് ഏറെ നിർണ്ണായകമാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News