Enter your Email Address to subscribe to our newsletters

Wayanad , 20 മാര്ച്ച് (H.S.)
മാനന്തവാടി നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയായി മന്ത്രി ഒ ആർ കേളു നാമനിർദേശ പത്രിക സമർപ്പിച്ചു. വ്യാഴാഴ്ച (മാർച്ച് 19) ഉച്ചയ്ക്ക് 1.50 ഓടെയാണ് വയനാട് സബ് കലക്ടർ അതുൽ സാഗർ മുമ്പാകെ പത്രിക സമർപ്പിച്ചത്. കണിയാരം സെൻ്റ് ജോസഫ് കത്തീഡ്രൽ ദേവാലയ ഓഡിറ്റോറിയത്തിൽ ചേർന്ന മണ്ഡലം കൺവൻഷനുശേഷമായിരുന്നു പത്രിക സമർപണം.
എരുമത്തെരുവ് സി ഐ ടി യു സി ഓഫിസ് പരിസരത്തുനിന്ന് പ്രവർത്തകർക്കൊപ്പമാണ് മാനന്തവാടിയിലെ ആർ ഡി ഒ ഓഫിസിൽ എത്തിയത്. എൽഡിഎഫ് നേതാക്കളായ ഇ ജെ ബാബു, പി വി സഹവേദൻ, എ എൻ പ്രഭാകരൻ, കുര്യാക്കോസ് മുള്ളൻമട എന്നിവരും പത്രികാ സമർപ്പണത്തിന് ഒ ആർ കേളുവിൻ്റെ ഒപ്പമുണ്ടായിരുന്നു. സബ് കലക്ടറുടെ ചേംബറിലെത്തി പത്രിക നൽകി. മൂന്ന് മണിയോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി സ്ഥാനാർഥിയും നേതാക്കളും മടങ്ങി.
തുടർച്ചയായ മൂന്നാം തവണയാണ് മണ്ഡലത്തിൽ ഒ ആർ കേളു ജനവിധി തേടുന്നത്. കഴിഞ്ഞ രണ്ടുതവണയും മാനന്തവടി മണ്ഡലത്തിൽ വലിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് സ്ഥാനാർഥി ഒ ആർ കേളു വിജയിച്ചിരുന്നു. യുഡിഎഫിന്റെ ഉരുക്കുകോട്ടയായ മാനന്തവാടി മണ്ഡലത്തില് 2016ൽ പട്ടികവര്ഗ വികസന വകുപ്പ് മന്ത്രിയായിരുന്ന പി കെ ജയലക്ഷ്മിയെ തോല്പ്പിച്ചാണ് ഒ ആര് കേളു നിയമസഭയിൽ എത്തിയത്.
ആദ്യ തെരഞ്ഞടുപ്പില് പി കെ ജയലക്ഷ്മിയെ 1307 വോട്ടിന് മാത്രം തോല്പ്പിച്ച ഒ ആര് കേളു രണ്ടാം തെരഞ്ഞെടുപ്പില് ഭൂരിപക്ഷം 9282 ആയി ഉയര്ത്തിയാണ് വീണ്ടും ജയലക്ഷ്മിയെ തോല്പ്പിച്ചത്. തിരുനെല്ലി ഗ്രാമപഞ്ചായത്തില് 15 വര്ഷം പ്രതിനിധിയായിരുന്ന ഒ ആര് കേളു പത്ത് വര്ഷം പ്രസിഡന്റായിരുന്നു. ആറുമാസം മാനന്തവാടി ബ്ലോക്ക് പഞ്ചായത്തംഗമായും പ്രവര്ത്തിച്ചിരുന്നു.
ആദിവാസി ക്ഷേമസമിതി (എകെഎസ്) സംസ്ഥാന പ്രസിഡന്റ്, ആദിവാസി അധികാര് രാഷ്ട്രീയ മഞ്ച് (എഎആര്എം) അഖിലേന്ത്യ കമ്മിറ്റിയംഗം, എസ്സിഎസ്ടി നിയമസഭ സമിതി ചെയര്മാന് എന്നീ സ്ഥാനങ്ങളൊക്കെ തെരഞ്ഞെടുപ്പിൽ ഒ ആര് കേളുവിന് അനുകൂല ഘടകമായി. ന്യൂനപക്ഷ മേഖയിലെ സ്വാധീനം, രാഷ്ട്രീയത്തിനുപരി ജനങ്ങളുമായുള്ള ബന്ധം, പാര്ട്ടിക്കുള്ളിലെ സ്വീകാര്യത എന്നിവയും ഒ ആര് കേളുവിന് ഗുണം ചെയ്തു. മൂന്നാം തവണയും കേളുവിനെ തന്നെ കളത്തിൽ ഇറക്കി മണ്ഡലം നിലനിർത്തും എന്ന ആത്മവിശ്വാസം എൽഡിഎഫിനുണ്ട്.
10 വർഷത്തെ വികസനക്കുതിപ്പിൽ മണ്ഡലത്തിൻ്റെ മുഖച്ഛായ മാറ്റിയതോടെ നാട്ടുകാർക്കിടയിൽ പ്രത്യേക പരിചയപ്പെടുത്തലിൻ്റെ ആവശ്യമില്ലാത്ത വ്യക്തിയായും ഒ ആർ കേളു മാറി. വയനാട് ടൗൺഷിപ്പ് ഉൾപ്പെടെ വികസന നേട്ടങ്ങൾ ചൂണ്ടിക്കാണിച്ചാണ് എൽഡിഎഫിൻ്റെ ഈ വർഷത്തെ പ്രചാരണ യാത്ര. തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ വിജയം യുഡിഎഫിന് മാനന്തവാടിയിൽ ഉണ്ടായെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിൽ ആരെ സ്ഥാനാർഥിയാക്കണമെന്നുള്ള കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR