കെവിഎസ് അഡ്മിഷൻ 2026-27: കേന്ദ്രീയ വിദ്യാലയങ്ങളിൽ പ്രവേശനത്തിനായി അപേക്ഷിക്കാം; രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു
Newdelhi, 20 മാര്ച്ച് (H.S.) ന്യൂഡൽഹി: രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലേക്കുള്ള (KVS) 2026-27 അധ്യയന വർഷത്തെ പ്രവേശന നടപടികൾ ആരംഭിച്ചു. ഒന്നാം ക്ലാസിലേക്കും ബാലവാടിക (ലെവൽ 1, 2, 3) ക്ലാസുകളിലേക്കുമുള്ള ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾക്ക് ഇന്ന് തുടക്കമ
കെവിഎസ് അഡ്മിഷൻ 2026-27: കേന്ദ്രീയ വിദ്യാലയങ്ങളിൽ പ്രവേശനത്തിനായി അപേക്ഷിക്കാം; രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു


Newdelhi, 20 മാര്ച്ച് (H.S.)

ന്യൂഡൽഹി: രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലേക്കുള്ള (KVS) 2026-27 അധ്യയന വർഷത്തെ പ്രവേശന നടപടികൾ ആരംഭിച്ചു. ഒന്നാം ക്ലാസിലേക്കും ബാലവാടിക (ലെവൽ 1, 2, 3) ക്ലാസുകളിലേക്കുമുള്ള ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾക്ക് ഇന്ന് തുടക്കമായി. താൽപ്പര്യമുള്ള രക്ഷിതാക്കൾക്ക് കേന്ദ്രീയ വിദ്യാലയ സംഗതാന്റെ ഔദ്യോഗിക വെബ്സൈറ്റായ kvsangathan.nic.in വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

പ്രധാന തീയതികൾ

ഒന്നാം ക്ലാസിലേക്കും ബാലവാടികയിലേക്കുമുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഏപ്രിൽ 2-ന് അവസാനിക്കും. രണ്ടാം ക്ലാസ്സിലേക്കും അതിനു മുകളിലോട്ടുള്ള ക്ലാസുകളിലേക്കുമുള്ള (സീറ്റുകളുടെ ലഭ്യത അനുസരിച്ച്) ഓഫ്ലൈൻ അപേക്ഷകൾ ഏപ്രിൽ 2 മുതൽ ഏപ്രിൽ 8 വരെ സമർപ്പിക്കാം. ഒന്നാം ക്ലാസ്സിലെയും ബാലവാടികയിലെയും അധ്യയനം ഏപ്രിൽ 20-ന് ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

പ്രായപരിധി (2026 മാർച്ച് 31 പ്രകാരം):

വിവിധ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് നിശ്ചിത പ്രായപരിധി പാലിക്കേണ്ടതുണ്ട്:

-

ഒന്നാം ക്ലാസ്: 6 വയസ്സ് തികഞ്ഞിരിക്കണം.

-

ബാലവാടിക 1: 3 മുതൽ 4 വയസ്സ് വരെ.

-

ബാലവാടിക 2: 4 മുതൽ 5 വയസ്സ് വരെ.

-

ബാലവാടിക 3: 5 മുതൽ 6 വയസ്സ് വരെ.

അപേക്ഷിക്കേണ്ട വിധം:

രക്ഷിതാക്കൾക്ക് താഴെ പറയുന്ന ഘട്ടങ്ങളിലൂടെ അപേക്ഷ സമർപ്പിക്കാം:

-

kvsangathan.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

-

ഹോം പേജിലെ 'Admission 2026-27' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

-

ആവശ്യമായ വിവരങ്ങൾ നൽകി ആദ്യം രജിസ്റ്റർ ചെയ്യുക.

-

രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

-

കുട്ടിയുടെയും രക്ഷിതാക്കളുടെയും വിവരങ്ങൾ കൃത്യമായി പൂരിപ്പിക്കുക.

-

ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്ത ശേഷം അപേക്ഷ സമർപ്പിക്കുക.

-

ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ പ്രിന്റൗട്ട് സൂക്ഷിക്കുക.

ആവശ്യമായ രേഖകൾ:

രജിസ്ട്രേഷൻ സമയത്ത് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ, താമസരേഖ (ആധാർ കാർഡ്, വോട്ടർ ഐഡി അല്ലെങ്കിൽ യൂട്ടിലിറ്റി ബില്ലുകൾ), ബാധകമെങ്കിൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് എന്നിവ കരുതേണ്ടതാണ്.

ഓരോ ക്ലാസ്സിലെയും ഒഴിവുള്ള സീറ്റുകളുടെ എണ്ണം അനുസരിച്ചായിരിക്കും പ്രവേശനം നൽകുക. പ്രവേശന നടപടികളെക്കുറിച്ചുള്ള കൂടുതൽ അപ്ഡേറ്റുകൾക്കും മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതികൾക്കുമായി രക്ഷിതാക്കൾ കെവിഎസ് വെബ്സൈറ്റ് നിരന്തരം പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. മികച്ച നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്ന കേന്ദ്രീയ വിദ്യാലയങ്ങളിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ സമയപരിധിക്കുള്ളിൽ തന്നെ അപേക്ഷകൾ സമർപ്പിക്കാൻ ശ്രദ്ധിക്കുക.

---------------

Hindusthan Samachar / Roshith K


Latest News