കേരള മനഃസാക്ഷിയെ നടുക്കിയ ഡോ വന്ദന ദാസ് കൊലക്കേസിൽ ഇന്ന് നിർണായക വിധി.
Kollam , 21 മാര്ച്ച് (H.S.) കേരള മനഃസാക്ഷിയെ നടുക്കിയ ഡോ വന്ദന ദാസ് കൊലക്കേസിൽ ഇന്ന് നിർണായക വിധി. പ്രതിയായ അധ്യാപകൻ സന്ദീപിനുള്ള ശിക്ഷ കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ഇന്ന് പ്രസ്താവിക്കുന്നത്. സുരക്ഷിതമായി ജോലി ചെയ്യാനുള്ള ആരോഗ്യപ്രവർത്തകരു
Dr. Vandana Das


Kollam , 21 മാര്ച്ച് (H.S.)

കേരള മനഃസാക്ഷിയെ നടുക്കിയ ഡോ വന്ദന ദാസ് കൊലക്കേസിൽ ഇന്ന് നിർണായക വിധി. പ്രതിയായ അധ്യാപകൻ സന്ദീപിനുള്ള ശിക്ഷ കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ഇന്ന് പ്രസ്താവിക്കുന്നത്. സുരക്ഷിതമായി ജോലി ചെയ്യാനുള്ള ആരോഗ്യപ്രവർത്തകരുടെ അവകാശങ്ങളെക്കുറിച്ച് വലിയ ചർച്ചകൾക്ക് വഴിവച്ച ഈ കേസിൽ, വിധി കേൾക്കാൻ കേരളം ഒന്നാകെയാണ് കാത്തിരിക്കുന്നത്.

2023 മെയ് 10നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹൗസ് സർജൻ ഡോ വന്ദനാ ദാസിനെ പ്രതി അതിദാരുണമായി കൊലപ്പെടുത്തുകയായിരുന്നു. വീടിന് സമീപത്തുവച്ച് ഒരു സംഘം ആളുകൾ തന്നെ മർദിക്കുന്നുവെന്ന് സന്ദീപ് തന്നെ പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു.

തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും, ശരീരത്തിലുണ്ടായിരുന്ന പരിക്കുകൾക്ക് ചികിത്സ നൽകുന്നതിനായി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഇവിടെവച്ച് വൈദ്യസഹായം നൽകുന്നതിനിടെ യാതൊരു പ്രകോപനവുമില്ലാതെ പ്രതി അവിടെയുണ്ടായിരുന്ന കത്രികയെടുത്ത് ഡോക്ടറെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച മറ്റ് ജീവനക്കാരെയും പൊലീസുകാരെയും ഇയാൾ ആക്രമിച്ചു.

വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻകേസ് അപൂർവങ്ങളിൽ അപൂർവമായി പരിഗണിച്ച് പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി ആവശ്യപ്പെട്ടത്. മാതാ, പിതാ, ഗുരു, ദൈവം എന്ന സങ്കല്പം നിലനിൽക്കുന്ന നമ്മുടെ സമൂഹത്തിൽ, വിദ്യാർഥികൾക്ക് മാതൃകയാകേണ്ട ഒരു അധ്യാപകൻ്റെ ഭാഗത്തുനിന്നാണ് യാതൊരു പ്രകോപനവുമില്ലാതെ അതിക്രൂരമായ ആക്രമണം ഉണ്ടായതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

ആരുമില്ലാത്ത ഒരു യുവതിക്ക് നേരെ നടന്ന ഈ അക്രമത്തിൽ യാതൊരു വിട്ടുവീഴ്ചയും ഇളവും നൽകരുത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ഇതിനകം പുറത്തുവന്നതാണ്. മാത്രമല്ല, കൃത്യം നടക്കുമ്പോൾ പ്രതിക്ക് യാതൊരു മാനസിക പ്രശ്നവുമില്ലെന്ന കാര്യം മെഡിക്കൽ പരിശോധനയിൽ കൃത്യമായി വ്യക്തമായതാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

ഇളവ് തേടി പ്രതിഭാഗംഎന്നാൽ തനിക്ക് കുറഞ്ഞ ശിക്ഷ നൽകണമെന്നാണ് പ്രതിയായ സന്ദീപ് കോടതിയോട് നേരിട്ട് ആവശ്യപ്പെട്ടത്. തനിക്ക് പ്രായമായ അമ്മയുണ്ടെന്നും അവരെ നോക്കാൻ അവസരം നൽകണമെന്നും പ്രതി വ്യക്തമാക്കി. മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമല്ലെന്നും, പെട്ടെന്നുണ്ടായ മാനസിക വിഭ്രാന്തി കാരണമാണ് കൃത്യം ചെയ്തതെന്നുമാണ് പ്രതിഭാഗത്തിൻ്റെ പ്രധാന വാദം.

കൊലപ്പെടുത്തണമെന്ന ഉദ്ദേശം പ്രതിക്ക് ഉണ്ടായിരുന്നില്ല. തനിക്ക് തെറ്റിൽ പശ്ചാത്തപിക്കാനും പ്രായശ്ചിത്തം ചെയ്യാനും അവസരം നൽകണം. മുൻപ് മറ്റ് ക്രിമിനൽ കേസുകളിൽ ഒന്നും ഉൾപ്പെട്ടിട്ടില്ലെന്നും, കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട അധ്യാപകനായിരുന്നു സന്ദീപ് എന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.

കേരളം കാത്തിരിക്കുന്ന വിധികഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രതിക്കുള്ള ശിക്ഷയിന്മേലുള്ള വാദം കോടതിയിൽ പൂർത്തിയായത്. ശിക്ഷ സംബന്ധിച്ച വാദത്തിനിടെ അങ്ങേയറ്റം വൈകാരികമായ രംഗങ്ങൾക്കാണ് കോടതിമുറി സാക്ഷ്യം വഹിച്ചത്. പ്രതി സന്ദീപിൻ്റെ അമ്മയും കൊല്ലപ്പെട്ട വന്ദനയുടെ മാതാപിതാക്കളും കോടതിയിൽ എത്തിയിരുന്നു. മകൾക്ക് നീതി ലഭിക്കുമെന്ന വലിയ പ്രതീക്ഷയിലാണ് വന്ദനയുടെ കുടുംബം ഇപ്പോഴുള്ളത്.

കോടതിയിലെ വാദങ്ങൾ കേട്ട് മാതാപിതാക്കൾ വിതുമ്പിക്കരയുന്നത് നൊമ്പരപ്പെടുത്തുന്ന കാഴ്ചയായി. ഇന്ന് രാവിലെ 10ന് തന്നെ കോടതി കേസ് പരിഗണിക്കുമെന്നാണ് ലഭിക്കുന്ന സൂചന. 11 മണിയോടെ നടപടികൾ ആരംഭിച്ച് അധികം വൈകാതെ തന്നെ ശിക്ഷാവിധി പ്രസ്താവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഒരു ആരോഗ്യപ്രവർത്തകയ്ക്ക് നേരെ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത സംഭവമാണ് അന്ന് നടന്നത്.

പൊലീസിൻ്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെക്കുറിച്ചും വലിയ വിമർശനങ്ങൾ ഉയർന്ന സാഹചര്യമാണിത്. അതിനാൽ തന്നെ അക്രമാസക്തനായ പ്രതിക്ക് ഇത്തരം ഒരു സാഹചര്യത്തിൽ എന്ത് ശിക്ഷ ലഭിക്കുമെന്നത് നിയമവ്യവസ്ഥയെ സംബന്ധിച്ച് വളരെ പ്രധാനമാണ്. കേസിൽ പ്രതിക്ക് അർഹിക്കുന്ന ശിക്ഷ തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരള ജനത.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News