Enter your Email Address to subscribe to our newsletters

Kerala, 21 മാര്ച്ച് (H.S.)
തിരുവനന്തപുരം സെൻട്രല് മണ്ഡലത്തില് നടൻ സുധീർ കരമനയെ എല്.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി. എൻ.ഡി.എ സഖ്യം സ്ഥാനാർത്ഥിയായി ബിജെപി സിറ്റി ജില്ലാ പ്രസിഡൻറ് കരമന ജയനെയും പ്രഖ്യാപിച്ചിട്ടുണ്ട്. സിഎംപി ജനറല് സെക്രട്ടറി സി.പി.ജോണ് ആണ് യു.ഡി.എഫ് സ്ഥാനാർത്ഥി.
നേരത്തെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച യുഡിഎഫ് പ്രചരണരംഗത്ത് മുന്നേറിക്കഴിഞ്ഞു. മൂന്ന് മുന്നണികളും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ തിരുവനന്തപുരം സെൻട്രല് മണ്ഡലത്തിലെ മത്സരചിത്രം തെളിഞ്ഞു.
തൊണ്ടി മുതല് തിരിമറി കേസില് സിറ്റിങ്ങ് എം.എല്.എ ആൻറണി ശിക്ഷിക്കപ്പെടുകയും പിന്നാലെ മത്സരിക്കുന്നതില് നിന്ന് അയോഗ്യനാക്കപ്പെടുകയും ചെയ്തതോടെ മുഖം നഷ്ടപ്പെട്ട് നില്ക്കുന്ന എല്.ഡി.എഫിന് സുധീർ കരമനയുടെ സ്ഥാനാർത്ഥിത്വം അനുഗ്രഹമായി മാറുകയാണ്.
തലസ്ഥാന നഗരത്തില് ജനിച്ചുവളർന്നയാള് എന്ന നിലയില് മണ്ഡലവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്ന സുധീർ കരമനയ്ക്ക് ഒട്ടേറെ അനുകൂല ഘടകങ്ങളുണ്ട്.
അന്തരിച്ച പ്രശസ്ത നടൻ കരമന ജനാർദ്ദനൻ നായരുടെ മകൻ എന്ന നിലയില് തിരുവനന്തപുരത്തുകാർക്ക് സുധീർ കരമന ചിരപരിചിതനാണ്.
'കരമന' എന്ന കുടുംബപ്പേര് മണ്ഡലത്തില് വലിയ തോതില് വോട്ടർമാരെ സ്വാധീനിക്കാൻ സഹായിക്കും. കേവലം ഒരു നടൻ എന്നതിലുപരി, കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും മറ്റും ഇടതുപക്ഷത്തിന് വേണ്ടി സജീവമായി പ്രചാരണ രംഗത്ത് ഉണ്ടായിരുന്ന വ്യക്തിയാണ് അദ്ദേഹം.
വിദ്യഭ്യാസ മേഖലയില് പ്രിൻസിപ്പലായി ദീർഘകാലം സേവനമനുഷ്ഠിച്ച അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം നിഷ്പക്ഷ വോട്ടുകളെ ആകർഷിക്കാൻ സാധ്യതയുണ്ട്. നിലവിലെ രാഷ്ട്രീയ വിവാദങ്ങളില് നിന്നോ ആരോപണങ്ങളില് നിന്നോ സ്വതന്ത്രമായ ഒരു പ്രതിച്ഛായ സുധീറിനുണ്ട്.
ആൻ്റണി രാജുവിന്റെ കേസ് ഉയർത്തിക്കാട്ടി പ്രതിപക്ഷം നടത്തുന്ന പ്രചാരണത്തെ മറികടക്കാൻ സുധീറിന്റെ 'ക്ലീൻ ഇമേജ്' സഹായകമാകും. മണ്ഡലത്തിലെ വിവിധ ജാതി-മത വിഭാഗങ്ങളുമായുള്ള അദ്ദേഹത്തിന്റെ വ്യക്തിപരമായ ബന്ധം എല്.ഡി.എഫിന് ഗുണകരമാകും.
എന്നാല് ജനാധിപത്യ കേരളാ കോണ്ഗ്രസിന് നീക്കിവെച്ചിരിക്കുന്ന സീറ്റില് സുധീർ കരമനയെ മത്സരിപ്പിക്കുമ്പോള് ചില പ്രതിബന്ധങ്ങളും ഉയർന്നുവരാൻ സാധ്യതയുണ്ട്. ആൻ്റണി രാജുവിന്റെ ജനാധിപത്യ കേരള കോണ്ഗ്രസിന് അവകാശപ്പെട്ട സീറ്റാണ് സെൻട്രല് മണ്ഡലം
ഏറെ സസ്പെൻസ് നിലനിന്ന മണ്ഡലം ആയിരുന്നു തിരുവനന്തപുരം സെൻട്രൽ. കോൺഗ്രസിൽ നിന്നും വി എസ്ശി വകുമാർ സീറ്റ് വേണമെന്ന് ആവശ്യത്തിലുറച്ച് നിന്നുവെങ്കിലും അവസാനം കടകകക്ഷിയായ സിഎംപിക്ക് സീറ്റ് നൽകുകയായിരുന്നു. കരമന സുധീർ കൂടി രംഗത്തെത്തിയതോടെ ശക്തമായ ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിക്കുന്ന ജില്ലയിലെ മറ്റൊരു മണ്ഡലമാകും തിരുവനന്തപുരം സെൻട്രൽ.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR