നിയമസഭ തെരഞ്ഞെടുപ്പിന് പത്രിക സമർപ്പിക്കാൻ അവസാന ദിവസം തിങ്കളാഴ്ച
Thiruvananthapuram , 21 മാര്ച്ച് (H.S.) സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ആവേശം കൊടുമുടിയേറുന്നു. സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കാനിരിക്കെ, സംസ്ഥാനത്തുടനീളം പ്രചാരണം കൂടുതൽ ശക്തമായി. ഇടവേളകളായി വന്ന
Assembly election


Thiruvananthapuram , 21 മാര്ച്ച് (H.S.)

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ആവേശം കൊടുമുടിയേറുന്നു. സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കാനിരിക്കെ, സംസ്ഥാനത്തുടനീളം പ്രചാരണം കൂടുതൽ ശക്തമായി. ഇടവേളകളായി വന്ന അവധി ദിവസങ്ങൾ കഴിഞ്ഞുള്ള ചുരുങ്ങിയ പ്രവൃത്തി ദിവസങ്ങളിൽ പത്രിക നൽകാൻ സ്ഥാനാർഥികൾ കൂട്ടത്തോടെ എത്തുന്നതിനാൽ വരണാധികാരികളുടെ ഓഫിസുകളിൽ വലിയ തിരക്ക് അനുഭവപ്പെടാനാണ് സാധ്യത.

നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി തെരഞ്ഞെടുപ്പ് കമ്മിഷൻ നീട്ടിയേക്കുമെന്ന് ചില സ്ഥാനാർഥികൾക്കെങ്കിലും പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അത്തരത്തിലൊരു ഔദ്യോഗിക തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം തന്നെ മുഖ്യമന്ത്രി തൻ്റെ നാമനിർദേശ പത്രിക സമർപ്പിച്ചു കഴിഞ്ഞു. വരും ദിവസങ്ങളിൽ മറ്റ് മന്ത്രിമാരും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പത്രിക നൽകുന്നതായിരിക്കും.

വി ശിവൻകുട്ടി, പിഎ മുഹമ്മദ് റിയാസ്, സജി ചെറിയാൻ, രാമചന്ദ്രൻ കടന്നപ്പള്ളി, റോഷി അഗസ്റ്റിൻ, കെഎൻ ബാലഗോപാൽ തുടങ്ങി മന്ത്രിമാരുടെ വലിയൊരു നിര തന്നെ ഇന്ന് നാമനിർദേശ പത്രിക നൽകുന്നതിനായി എത്തുന്നുണ്ട്. ഭരണപക്ഷത്തിന് പുറമെ, പ്രതിപക്ഷ നിരയിൽ നിന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ മുരളീധരൻ, ശബരിനാഥൻ, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ പ്രമുഖരായ നേതാക്കളും ഇന്ന് പത്രിക സമർപ്പിക്കും. അതേസമയം, പ്രതിപക്ഷ നേതാവ് വിഡി സതീശൻ തിങ്കളാഴ്ചയായിരിക്കും പത്രിക നൽകുകയെന്നാണ് ലഭ്യമാകുന്ന വിവരം.

ശക്തമായ ത്രികോണ മത്സരം

എൻഡിഎ നിരയിൽ നിന്നും പ്രമുഖ നേതാക്കളായ കെ സുരേന്ദ്രൻ, രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ എന്നിവർ ഇന്ന് പത്രിക നൽകും. ഇതിനുപുറമെ, വട്ടിയൂർക്കാവ് മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരം കാഴ്ചവയ്ക്കുന്ന എൻഡിഎ സ്ഥാനാർഥി ആർ ശ്രീലേഖ ഉൾപ്പെടെയുള്ളവരും ഇന്ന് പത്രികാ സമർപ്പണത്തിന് എത്തുന്നുണ്ട്.

ഭരണമുന്നണിയായ സിപിഎമ്മിനെ കടുത്ത പ്രതിസന്ധിയിലാക്കിക്കൊണ്ട് അമ്പലപ്പുഴ മണ്ഡലത്തിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന സിപിഎം മുൻ നേതാവ് ജി സുധാകരനും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. പത്രിക നൽകിയതിന് ശേഷം അദ്ദേഹം മണ്ഡലത്തിലെ തീരദേശ മേഖലകൾ കേന്ദ്രീകരിച്ച് വിപുലമായ റോഡ് ഷോയും നടത്തും. ഇതിനെല്ലാം പുറമെ മങ്കട മണ്ഡലത്തിൽ മുസ്ലിം ലീഗ് വിമതനും ഇന്ന് പത്രിക നൽകുന്നുണ്ട്. ഈ വിമത സ്ഥാനാർഥിയെ ഏതുവിധേനയും തങ്ങൾക്കൊപ്പം നിർത്താനുള്ള ഊർജിത ശ്രമങ്ങളിലാണ് എൽഡിഎഫ് നേതൃത്വം.

വിവിധ മണ്ഡലങ്ങളിലായി മറ്റു പ്രമുഖരും ഇന്ന് നാമനിർദേശ പത്രിക നൽകുന്നുണ്ട്. ബാലുശ്ശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി വിടി സൂരജ്, ബേപ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥിയും മന്ത്രിയുമായ പിഎ മുഹമ്മദ് റിയാസ്, കൊയിലാണ്ടിയിലെ എൽഡിഎഫ് സ്ഥാനാർഥി കെ ദാസൻ, കോഴിക്കോട് നോർത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ ജയന്ത്, കോഴിക്കോട് നോർത്തിലെ എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് എന്നിവരും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കുന്നവരുടെ പട്ടികയിലുണ്ട്. പത്രികാ സമർപ്പണത്തിൻ്റെ ഭാഗമായി നവ്യ ഹരിദാസിൻ്റെ നേതൃത്വത്തിൽ നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിൽ നിന്നുള്ള മുതിർന്ന നേതാവായ രേഖ ശർമയും എത്തിച്ചേരും.

തിരുവനന്തപുരം സെൻട്രലിലെ സ്ഥാനാർഥി

സ്ഥാനാർഥി പ്രഖ്യാപനം ഏറ്റവും വൈകി നടന്ന തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി സുധീർ കരമന എന്ന് പത്രിക സമർപ്പിക്കുമെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. പാർട്ടിയുടെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നതിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങളിൽ പ്രതികരിക്കുകയുള്ളൂ എന്നാണ് സുധീർ വ്യക്തമാക്കിയിട്ടുള്ളത്.

നിലവിലെ എംഎൽഎയായ ആൻ്റണി രാജുവിന് ഇത്തവണ മത്സരിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഈ മണ്ഡലത്തിൽ എൽഡിഎഫിന് സ്ഥാനാർഥിയെ കണ്ടെത്തുന്നതിൽ പ്രതിസന്ധി നേരിട്ടത്. ജനാധിപത്യ കേരള കോൺഗ്രസിന് അനുയോജ്യനായൊരു സ്ഥാനാർഥിയെ കണ്ടെത്താൻ കഴിയാത്തതിനാൽ പ്രസ്തുത സീറ്റ് സിപിഎം ഏറ്റെടുക്കണമെന്ന ആവശ്യം പാർട്ടി പ്രവർത്തകർക്കിടയിൽ തന്നെ ശക്തമായിരുന്നു. ഇതിനെത്തുടർന്നാണ് സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെട്ട് പൊതുസമ്മതനായ സുധീർ കരമനയെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിപ്പിക്കാൻ തീരുമാനമെടുത്തത്.

കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ വൈകിയ സമയത്ത് സിനിമ ഡയലോഗുകൾ ഉൾപ്പെടെ ഉപയോഗിച്ച് സിപിഎം പ്രവർത്തകർ സൈബർ ഇടങ്ങളിൽ അവരെ വലിയ രീതിയിൽ പരിഹസിച്ചിരുന്നു. എന്നാൽ ഇപ്പോൾ തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം വൈകിയതോടെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇതിനെതിരെ രൂക്ഷവിമർശനവുമായി കഴിഞ്ഞ ദിവസം രംഗത്തുവരികയുണ്ടായി.

അടിയ്ക്കടി തിരിച്ചടി എന്ന രീതിയിൽ മുന്നണികൾക്കിടയിൽ രാഷ്ട്രീയ ആരോപണങ്ങളും പ്രത്യാരോപണങ്ങളും സജീവമാകുമ്പോഴാണ് പത്രികാ സമർപ്പണവും വളരെ വേഗത്തിൽ പുരോഗമിക്കുന്നത്. സാധാരണയായി എല്ലാവരും പറയാറുള്ള തെരഞ്ഞെടുപ്പ് ചൂട് എന്നതിനപ്പുറം അക്ഷരാർഥത്തിൽ വലിയ തെരഞ്ഞെടുപ്പ് ആവേശവും ഒപ്പം കടുത്ത കാലാവസ്ഥ ചൂടുമാണ് ഇത്തവണത്തെ പ്രത്യേകത. തെരഞ്ഞെടുപ്പ് പ്രക്രിയകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർത്തിയാക്കാൻ സമയം വളരെ കുറവായതുകൊണ്ടു കൂടിയാണ് ഇത്തവണ തിരക്ക് ഇത്രത്തോളം വർധിച്ചതെന്നും വിലയിരുത്തപ്പെടുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News