നാടിനെ ആശങ്കയിൽ ആഴ്ത്തി പെരുവയൽ ഗ്രാമപഞ്ചായത്തിലെ എരഞ്ഞിക്കലിൽ കൂടുതൽ പേർക്ക് ഷിഗല്ല സ്ഥിരീകരിച്ചു.
Kozhikode, 21 മാര്ച്ച് (H.S.) നാടിനെ ആശങ്കയിൽ ആഴ്ത്തി പെരുവയൽ ഗ്രാമപഞ്ചായത്തിലെ എരഞ്ഞിക്കലിൽ കൂടുതൽ പേർക്ക് ഷിഗല്ല സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം നടത്തിയ സാമ്പിൾ പരിശോധനയിൽ പന്ത്രണ്ട് പേർക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചതായി ആരോഗ്യ വിഭാഗം ഗ്രാമപഞ്ചായത്ത്
Shigella


Kozhikode, 21 മാര്ച്ച് (H.S.)

നാടിനെ ആശങ്കയിൽ ആഴ്ത്തി പെരുവയൽ ഗ്രാമപഞ്ചായത്തിലെ എരഞ്ഞിക്കലിൽ കൂടുതൽ പേർക്ക് ഷിഗല്ല സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം നടത്തിയ സാമ്പിൾ പരിശോധനയിൽ പന്ത്രണ്ട് പേർക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചതായി ആരോഗ്യ വിഭാഗം ഗ്രാമപഞ്ചായത്ത് അറിയിച്ചു.

നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ ബന്ധുക്കളിൽ ആണ് കൂടുതലും രോഗ ലക്ഷണങ്ങൾ കണ്ടത്. കൂടുതൽ പേർക്ക് ഷിഗല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ പെരുവയൽ ഗ്രാമപഞ്ചായത്തിൻ്റേയും ആരോഗ്യ വിഭാഗത്തിൻ്റേയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.

രോഗം സ്ഥിരീകരിച്ച പൂവാട്ടുപറമ്പ് എരഞ്ഞിക്കൽ ഭാഗത്തും പരിസര പ്രദേശങ്ങളിലുമാണ്പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്. നേരത്തെ രോഗം ബാധിച്ച് മരിച്ച കുട്ടി ഉൾപ്പെടെ നാല് പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. എന്നാൽ അതിനുശേഷം നടത്തിയ പരിശോധനയിൽ മറ്റ് പന്ത്രണ്ട് പേർക്ക് കൂടി ഷിഗല്ല ബാധിച്ചതായി സ്ഥിരീകരിച്ചു.

അതിനുശേഷം ഇന്നും സമാനമായ വിധത്തിൽ ലക്ഷണങ്ങളോടെ മറ്റ് ചിലരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തുമെന്നാണ് ആരോഗ്യ വിഭാഗം അറിയിക്കുന്നത്. ഷിഗല്ല കൂടുതൽ പേർക്ക് സ്ഥിരീകരിച്ചതോടെ എരഞ്ഞിക്കൽ അംഗനവാടിയിൽ ആരോഗ്യ വിഭാഗവും ആശാപ്രവർത്തകരും ഗ്രാമപഞ്ചായത്ത് അധികൃതരും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്.

ആശാപ്രവർത്തകരുടെ നേതൃത്വത്തിൽ വീടുകൾ തോറും കയറിയിറങ്ങി കിണറുകൾ ക്ലോറിനേഷൻ ചെയ്തു കഴിഞ്ഞു. ഇതിന് പുറമേ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ പ്രദേശത്തെ ഭക്ഷണ സാധനങ്ങളും പാനീയങ്ങളും വിൽക്കുന്ന കടകളിൽ പരിശോധനകളും ആരംഭിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച മൂന്ന് കടകൾ അടച്ചുപൂട്ടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

10 ആൾക്ക് ഷിഗല്ല സ്ഥിരീകരിച്ചതായി റിപ്പോർട്ട് വന്ന സമയത്ത് പെരുന്നാൾ ദിനം ആയിട്ട് പോലും ആരോഗ്യ പ്രവർത്തകർ, പൊതു പ്രവർത്തകർ, അംഗനവാടി പ്രവർത്തകർ,ആശ പ്രവർത്തകർ തുടങ്ങി എല്ലാവരുടേയും അടിയന്തിര മീറ്റിങ് വിളിച്ചുവെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ആർ വി ജാഫർ പറഞ്ഞു. എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചു കഴിഞ്ഞു. തൊട്ടടുത്ത വാർഡുകളിൽ പോലും ക്ലോറിനേഷൻ നടത്തുകയും പഞ്ചായത്തിനെ ബോധവത്ക്കരിക്കുന്നതായി നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ലല്ല മെഡിക്കൽ ക്യാമ്പുകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ആർആർടിയും രൂപീകരിച്ചു. രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാനുള്ള സംവിധാനങ്ങളും ഗ്രാമപഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്. അതേസമയംകുട്ടികൾ ഉൾപ്പെടെനിരവധി പേർക്ക് ഷിഗല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇത് പടർന്നു പിടിക്കാൻ ഉണ്ടായ കാരണം കണ്ടെത്താനുള്ള പരിശോധനകളുംആരംഭിച്ചിട്ടുണ്ട്.

പ്രദേശത്തെകുടിവെള്ള സ്രോതസുകളിലെ വെള്ളം ശേഖരിച്ച് പരിശോധനനടത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഗ്രാമപഞ്ചായത്ത് ഇതിനോടകം ചെയ്തു കഴിഞ്ഞു.ഏതായാലും ആരോഗ്യവകുപ്പും ഗ്രാമപഞ്ചായത്തും ഇപ്പോൾ നടത്തുന്ന ഊർജിത പ്രവർത്തനത്തിലൂടെ ഷിഗല്ല വ്യാപിക്കുന്നത് എത്രയും പെട്ടെന്ന് തടയാൻ ആകും എന്നാണ് പ്രതീക്ഷിക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News