നേമത്ത് 900 കോടിയുടെ വികസന വിപ്ലവം; 'വികസന രേഖ' പ്രകാശനം ചെയ്ത് വി. ശിവൻകുട്ടി
Thiruvananthapuram, 21 മാര്‍ച്ച് (H.S.) കഴിഞ്ഞ അഞ്ചുവർഷ കാലയളവിനുള്ളിൽ നേമം മണ്ഡലം കൈവരിച്ച സമാനതകളില്ലാത്ത വികസന കുതിപ്പിന്റെ നേർസാക്ഷ്യമായ ''വികസന രേഖ'' എൽ.ഡി.എഫ് സ്ഥാനാർഥി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു. യാതൊരുവിധ വേർതിരിവുകളുമില്ലാതെ നാടിന്റ
V Shivankutti


Thiruvananthapuram, 21 മാര്‍ച്ച് (H.S.)

കഴിഞ്ഞ അഞ്ചുവർഷ കാലയളവിനുള്ളിൽ നേമം മണ്ഡലം കൈവരിച്ച സമാനതകളില്ലാത്ത വികസന കുതിപ്പിന്റെ നേർസാക്ഷ്യമായ 'വികസന രേഖ' എൽ.ഡി.എഫ് സ്ഥാനാർഥി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു. യാതൊരുവിധ വേർതിരിവുകളുമില്ലാതെ നാടിന്റെ നന്മയ്ക്കായി ഒറ്റക്കെട്ടായി നിന്നതിന്റെ ഫലമായി 900 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ മണ്ഡലത്തിൽ പൂർത്തിയാക്കാനോ അന്തിമഘട്ടത്തിൽ എത്തിക്കാനോ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഈ വികസന രേഖ കേവലം കണക്കുകളല്ലെന്നും നേമത്തെ ഒരു മാതൃകാ മണ്ഡലമാക്കി മാറ്റുമെന്ന വാഗ്ദാനത്തിന്റെ പൂർത്തീകരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ മേഖലയിൽ 75.39 കോടി രൂപയുടെ വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടായത്. മണ്ഡലത്തിലെ 22 സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി തുക അനുവദിച്ചതിൽ വാഴമുട്ടം ഗവ. ഹൈസ്കൂളിന് മാത്രം 11.30 കോടി രൂപ ലഭ്യമാക്കി. 15 എൽ.പി. സ്കൂളുകൾ 'വർണ്ണകൂടാര'ങ്ങളായി മാറിയപ്പോൾ 12 സ്കൂളുകളിൽ അത്യാധുനികമായ സ്മാർട്ട് ക്ലാസ് റൂമുകൾ സജ്ജമാക്കി. ആരോഗ്യ മേഖലയിൽ 63.6 കോടി രൂപയുടെ വിപുലമായ പദ്ധതികളാണ് നടപ്പിലാക്കിയത്. നേമം താലൂക്ക് ആശുപത്രിയിൽ 22.24 കോടി രൂപയുടെ പുതിയ ഒ.പി. ബ്ലോക്കും 8 കോടി രൂപയുടെ കാഷ്വാലിറ്റി ബ്ലോക്കും യാഥാർത്ഥ്യമാക്കി. കൂടാതെ ഐരാണിമുട്ടത്ത് 11 കോടി രൂപ ചെലവിൽ ഹോമിയോ ഡയറക്ടറേറ്റ് മന്ദിരം പൂർത്തിയാക്കി ഏവർക്കും മികച്ച ചികിത്സ ഉറപ്പാക്കി.

അടിസ്ഥാന സൗകര്യ വികസനത്തിലും മണ്ഡലം വലിയ മുന്നേറ്റം നടത്തി. മണക്കാട്-കാലടി റോഡ് ഉൾപ്പെടെ 322 കോടി രൂപയുടെ റോഡ് നവീകരണ പ്രവർത്തനങ്ങളും മുടവൻമുകൾ പാലം ഉൾപ്പെടെ 82 കോടി രൂപ ചെലവിൽ 11 പുതിയ പാലങ്ങളും നിർമ്മിച്ചു. നൈപുണ്യ വികസനത്തിനായി ചാലയിൽ പുതിയ ഗവ. ഐ.ടി.ഐ ഉൾപ്പെടെ 51.32 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കി. മലയാളത്തിന്റെ അഭിമാനം സ്താണു പത്മനാഭന്റെ പേരിൽ കരമനയിൽ 6 കോടി രൂപ ചെലവിൽ കരിയർ ഡെവലപ്മെന്റ് സെന്റർ സ്ഥാപിച്ചു. മുട്ടാർ തോട് നവീകരണം അടക്കം 39.43 കോടി രൂപയുടെ ജലസേചന പ്രവർത്തനങ്ങളും പൂർത്തിയാക്കി. ഇതിനുപുറമെ വാഴമുട്ടത്ത് 40 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഹൗസിംഗ് മ്യൂസിയം, 150 കോടി രൂപയുടെ ചിത്രാഞ്ജലി സ്റ്റുഡിയോ നവീകരണം എന്നിവ മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റും.

വികസന നേട്ടങ്ങൾ അവതരിപ്പിച്ച വേളയിൽ ബിജെപി സ്ഥാനാർഥിയെ വി. ശിവൻകുട്ടി വികസന സംവാദത്തിന് ക്ഷണിച്ചു. 2016 മുതൽ 2021 വരെ ബിജെപി എം.എൽ.എ ഉണ്ടായിരുന്ന കാലത്തുണ്ടായ വികസനവും 2021 മുതൽ 2026 വരെ എൽ.ഡി.എഫ് കാലത്ത് നടന്ന വികസനവും തമ്മിൽ താരതമ്യം ചെയ്തുള്ള പരസ്യമായ ചർച്ചയ്ക്ക് ബിജെപി സ്ഥാനാർഥി തയ്യാറുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News