Enter your Email Address to subscribe to our newsletters

Trivandrum, 21 മാര്ച്ച് (H.S.)
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രികാ സമർപ്പണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, രണ്ട് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ കണ്ടെത്താനാവാതെ ഇടതുമുന്നണി പ്രതിസന്ധിയിൽ. താനൂർ, വള്ളിക്കുന്ന് മണ്ഡലങ്ങളിലാണ് സ്ഥാനാർത്ഥി നിർണ്ണയം ഇപ്പോഴും അനിശ്ചിതത്വത്തിൽ തുടരുന്നത്. തിങ്കളാഴ്ച പത്രികാ സമർപ്പണത്തിനുള്ള അവസാന തീയതിയായിരിക്കെ, ഇന്നുതന്നെ പ്രഖ്യാപനം ഉണ്ടായില്ലെങ്കിൽ മുന്നണി വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നീങ്ങും.
താനൂരും വള്ളിക്കുന്നും; മാറുന്ന സമവാക്യങ്ങൾ
മന്ത്രി വി. അബ്ദുറഹിമാൻ താനൂരിൽ നിന്ന് തിരൂരിലേക്ക് മാറാൻ തീരുമാനിച്ചതോടെയാണ് താനൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥി പ്രതിസന്ധി രൂക്ഷമായത്. മണ്ഡലത്തിൽ വിജയസാധ്യതയുള്ള ഉചിതമായ ഒരു സ്ഥാനാർത്ഥിക്കായുള്ള തിരച്ചിൽ സി.പി.ഐ.എം നേതൃത്വം തുടരുകയാണ്. വള്ളിക്കുന്നിന്റെ കാര്യത്തിലും സമാനമായ അവസ്ഥയാണുള്ളത്. മുസ്ലിം ലീഗ് വിട്ടുവന്ന അബ്ദുറഹിമാൻ രണ്ടത്താണി വള്ളിക്കുന്നിൽ സ്ഥാനാർത്ഥിയാകുമെന്ന പ്രതീക്ഷയിൽ ഇടതുമുന്നണി ഈ മണ്ഡലം ഒഴിച്ചിട്ടിരിക്കുകയായിരുന്നു. എന്നാൽ നീക്കുപോക്കുകൾ ഫലം കാണാത്തത് തിരിച്ചടിയായി. മങ്കടയിൽ എം.പി. അലവിയെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചിട്ടുണ്ടെങ്കിലും, പകരം ലീഗുകാരനായ കുന്നത്ത് മുഹമ്മദിനെ എത്തിച്ച് വള്ളിക്കുന്നിൽ പരീക്ഷിക്കാനുള്ള നീക്കങ്ങളും സജീവമാണ്.
തിരുവനന്തപുരത്തും കാസർകോടും സ്ഥാനാർത്ഥികളായി
അതേസമയം, തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിലും കാസർകോടും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഏകദേശ ധാരണയായിട്ടുണ്ട്. തിരുവനന്തപുരത്ത് അന്തരിച്ച പ്രശസ്ത നടൻ കരമന ജനാർദ്ദനൻ നായരുടെ മകനും ചലച്ചിത്രതാരവുമായ സുധീർ കരമന ഇടതു സ്വതന്ത്രനായി മത്സരിക്കുമെന്നാണ് സൂചന. കാസർകോട് മണ്ഡലത്തിൽ ഷാനവാസ് പാദൂർ ഇടതു സ്വതന്ത്രനായി ജനവിധി തേടും. ഈ രണ്ട് മണ്ഡലങ്ങൾ ഉൾപ്പെടെ നാല് സീറ്റുകളിലെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
പത്രികാ സമർപ്പണം അവസാന ഘട്ടത്തിലേക്ക്
തിങ്കളാഴ്ച പത്രികാ സമർപ്പണം അവസാനിക്കാനിരിക്കെ, ഇന്ന് സംസ്ഥാന വ്യാപകമായി പ്രമുഖ സ്ഥാനാർത്ഥികൾ പത്രിക സമർപ്പിക്കുകയാണ്. തിരുവനന്തപുരത്ത് വി. ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ, കെ. മുരളീധരൻ, വി.കെ. പ്രശാന്ത്, രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ ഇന്ന് ശക്തിപ്രകടനം നടത്തി പത്രിക നൽകും. രമ്യ ഹരിദാസ്, വി. മുരളീധരൻ, പി.കെ. കൃഷ്ണദാസ്, ആർ. ശ്രീലേഖ തുടങ്ങിയവരും ഇന്ന് പത്രികാ സമർപ്പണത്തിനെത്തും.
ഇന്ന് സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നില്ലെങ്കിൽ നാളെ ഞായറാഴ്ചയായതിനാൽ പിന്നീട് തിങ്കളാഴ്ച മാത്രമാണ് പത്രിക നൽകാൻ അവസരമുള്ളത്. ഇത് മണ്ഡലങ്ങളിലെ പ്രചാരണ പ്രവർത്തനങ്ങളെയും മുന്നൊരുക്കങ്ങളെയും ബാധിക്കുമെന്ന ആശങ്കയിലാണ് സി.പി.ഐ.എം നേതൃത്വം. മലപ്പുറം ജില്ലയിലെ താനൂർ, വള്ളിക്കുന്ന് സീറ്റുകളിലെ അനിശ്ചിതത്വം പരിഹരിക്കാൻ സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെടുന്നുണ്ട്. വരും മണിക്കൂറുകളിൽ തന്നെ സ്ഥാനാർത്ഥി പട്ടികയ്ക്ക് പൂർണ്ണരൂപമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
---------------
Hindusthan Samachar / Roshith K