തിരഞ്ഞെടുപ്പിൽ മത്സരിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്, ഞാൻ ഒറ്റപ്പെട്ടു'; തുറന്നുപറച്ചിലുമായി ഫിറോസ് കുന്നംപറമ്പിൽ
Malappuram, 21 മാര്ച്ച് (H.S.) മലപ്പുറം: 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു എന്ന് ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. രാഷ്ട്രീയ പ്രവേശനം തന്റെ വ്യക്തിജീവിതത്തെയും ജീവകാരുണ്
തിരഞ്ഞെടുപ്പിൽ മത്സരിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്, ഞാൻ ഒറ്റപ്പെട്ടു'; തുറന്നുപറച്ചിലുമായി ഫിറോസ് കുന്നംപറമ്പിൽ


Malappuram, 21 മാര്ച്ച് (H.S.)

മലപ്പുറം: 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു എന്ന് ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. രാഷ്ട്രീയ പ്രവേശനം തന്റെ വ്യക്തിജീവിതത്തെയും ജീവകാരുണ്യ പ്രവർത്തനങ്ങളെയും ദോഷകരമായി ബാധിച്ചുവെന്നും അഞ്ചു വർഷത്തിനിപ്പുറം അദ്ദേഹം ഖേദത്തോടെ പറഞ്ഞു. 'ദി ഇന്ത്യൻ എക്സ്പ്രസിന്' നൽകിയ അഭിമുഖത്തിലാണ് ഫിറോസ് തന്റെ രാഷ്ട്രീയ അനുഭവങ്ങൾ പങ്കുവെച്ചത്.

2021-ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി തവനൂർ മണ്ഡലത്തിൽ കെ.ടി. ജലീലിനെതിരെയാണ് ഫിറോസ് മത്സരിച്ചത്. ശക്തമായ പോരാട്ടത്തിലൂടെ ജലീലിന്റെ ഭൂരിപക്ഷം 3066 വോട്ടുകളായി കുറയ്ക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. എന്നാൽ ഈ രാഷ്ട്രീയ നീക്കം തനിക്ക് വലിയ വ്യക്തിപരമായ വില നൽകേണ്ടി വന്നുവെന്ന് ഫിറോസ് പറയുന്നു.

വേട്ടയാടലുകളും ഒറ്റപ്പെടലും

തിരഞ്ഞെടുപ്പിന് ശേഷം താൻ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾക്കും ഒറ്റപ്പെടലിനും ഇരയായതായി ഫിറോസ് വെളിപ്പെടുത്തി. ഇടതുപക്ഷ സൈബർ ഇടങ്ങളിൽ 'ചാരിറ്റി മാഫിയ കിങ്' എന്ന വിശേഷണം തനിക്ക് ലഭിച്ചു. എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തിയതോടെ നിരന്തരമായ നിയമനടപടികളും തനിക്ക് നേരിടേണ്ടി വന്നു. മാനുഷിക പരിഗണന അർഹിക്കുന്ന കാര്യങ്ങളിൽ പോലും രാഷ്ട്രീയ നേതാക്കൾ തന്നിൽ നിന്ന് അകലം പാലിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

രാഷ്ട്രീയത്തിലേക്ക് വരുന്നതിന് മുൻപ് തന്റെ ചാരിറ്റി ഫൗണ്ടേഷൻ വഴി പാവപ്പെട്ടവർക്കായി ടൗൺഷിപ്പുകൾ വരെ നിർമ്മിച്ചു നൽകിയിരുന്നു. ജനങ്ങൾക്ക് തന്നിൽ വലിയ വിശ്വാസമുണ്ടായിരുന്നു. ഗുണഭോക്താക്കളുടെ ബാങ്ക് വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള വീഡിയോകൾ വഴി വലിയ തുകയാണ് ചികിത്സാ സഹായമായി ലഭിച്ചിരുന്നത്. പലപ്പോഴും ആവശ്യത്തിലധികം വരുന്ന തുക മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിരുന്നു. എന്നാൽ രാഷ്ട്രീയ പ്രവേശനത്തോടെ ഈ പ്രവർത്തനങ്ങൾ കുത്തനെ കുറഞ്ഞുവെന്ന് ഫിറോസ് സങ്കടത്തോടെ പറഞ്ഞു.

മാറിമറിഞ്ഞ ജീവിതം

2021-ലെ തിരഞ്ഞെടുപ്പ് എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. വലിയ ജനപിന്തുണയുണ്ടായിരുന്ന സ്ഥാനത്തുനിന്ന് ഞാൻ ഒറ്റപ്പെട്ടുപോയി, ഫിറോസ് പറഞ്ഞു. രാഷ്ട്രീയത്തിന് അതീതമായി താൻ ചെയ്തിരുന്ന സേവനങ്ങളെ രാഷ്ട്രീയ കണ്ണടയിലൂടെ കാണാൻ തുടങ്ങിയതാണ് തിരിച്ചടിയായതെന്നും അദ്ദേഹം വിശ്വസിക്കുന്നു.

ജീവകാരുണ്യ പ്രവർത്തനങ്ങൾ സോഷ്യൽ മീഡിയ വഴി സജീവമായിരുന്ന കാലത്താണ് കോൺഗ്രസ് ഫിറോസിനെ തവനൂരിലേക്ക് സ്ഥാനാർത്ഥിയായി കൊണ്ടുവന്നത്. എന്നാൽ രാഷ്ട്രീയ ഗോദയിലെ അങ്കം തന്റെ സ്വതന്ത്രമായ പ്രവർത്തനങ്ങളെയും വ്യക്തിത്വത്തെയും ബാധിച്ചുവെന്നാണ് ഫിറോസ് കുന്നംപറമ്പിലിന്റെ ഇപ്പോഴത്തെ വിലയിരുത്തൽ. നിയമസഭാ തിരഞ്ഞെടുപ്പ് 2026 അടുത്തെത്തി നിൽക്കെ ഫിറോസിന്റെ ഈ തുറന്നുപറച്ചിൽ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

---------------

Hindusthan Samachar / Roshith K


Latest News