Enter your Email Address to subscribe to our newsletters

Kochi , 22 മാര്ച്ച് (H.S.)
ജി സുധാകരനെതിരെ ചെറ്റത്തരം എന്ന വാക്ക് പ്രയോഗിച്ച മുഖ്യമന്ത്രി കുറേക്കൂടി മാന്യത പുലർത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ സുധാകരനെ വിമർശിച്ചത്. സുധാകരൻ കാണിച്ചത് ചെറ്റത്തരം അല്ലാതെ മറ്റെന്താണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. ഇതിനെതിരെയാണ് വി ഡി സതീശൻ രംഗത്ത് വന്നത്..
കോണ്ഗ്രസ് 18,000 വോട്ടിന് ജയിച്ച സീറ്റാണ് പാലക്കാട്. രണ്ടാം സ്ഥാനത്ത് ബി.ജെ.പിയായിരുന്നു. പരിതാപകരമായ അവസ്ഥയിലായിരുന്നു സിപിഎം. അവിടെ ഏറ്റവും ദുര്ബലനായ സ്ഥാനാര്ഥിയെ നിര്ത്തി യു.ഡി.എഫിന് കിട്ടേണ്ട വോട്ടുകള് വിഭജിക്കാനുള്ള പരിപാടിയാണ് എല്.ഡി.എഫ് നടത്തുന്നത്. മനപൂര്വമായി ബി.ജെ.പിയെ ജയിപ്പിക്കാന് വേണ്ടി സി.പി.എം നിര്ത്തിയിരിക്കുന്ന സ്ഥാനാര്ത്ഥിയാണ് പാലക്കാട്ടേത്. അതിനു പകരമായി ഇവര് തമ്മില് കച്ചവടമുണ്ടെന്നും വി ഡി സതീശൻ ആരോപിച്ചു..
ബി.ജെ.പി- സി.പി.എം സഖ്യമുള്ള പത്ത് സീറ്റുകളില് യു.ഡി.എഫ് പ്രത്യേകമായി ശ്രദ്ധിക്കുന്നുണ്ട്. ആ പത്ത് സീറ്റുകളിലും സി.പി.എം ദുര്ബലമായ അവസ്ഥയിലായതു കൊണ്ട് ബി.ജെ.പിയെ ജയിപ്പിക്കാന് ശ്രമിക്കുകയാണ്. എറണാകുളം ജില്ലയുടെ കിഴക്ക് ഭാഗത്ത് മാത്രമുള്ള 20ട്വന്റിക്ക് എവിടെയൊക്കെയാണ് സ്ഥാനാര്ത്ഥിത്വം നല്കിയിരിക്കുന്നത്? എന്.ഡി.എയിലെ ദുര്ബലരായ ഘടകകക്ഷികള്ക്കും പലയിടത്തും സീറ്റ് നല്കിയിരിക്കുകയാണ്. പരസ്പരമുള്ള കൈമാറലാണിത്.
കോണ്ഗ്രസ് നാണംകെട്ട പാര്ട്ടിയെന്ന് രാജീവ് ചന്ദ്രശേഖര് പറഞ്ഞത്. അദ്ദേഹത്തെ പോലെ ഒരാള് അങ്ങനെ പറയാന് പാടില്ല. കോണ്ഗ്രസ് ഇന്ത്യയിലെ പ്രതിപക്ഷും രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന പാര്ട്ടയുമാണ്. ആ കോണ്ഗ്രസിനെ നാണംകെട്ട പാര്ട്ടിയെന്ന് രാജീവ് ചന്ദ്രശേഖര് പറയാന് കാരണം രാഷ്ട്രീയം അറിയാത്തതിനാലാണ്. അദ്ദേഹം ബിസിനസുകാരനാണ്. ആകാശത്ത് നിന്നും നൂലില്കെട്ടിയാണ് ബി.ജെ.പി അദ്ദേഹത്തെ കേരളത്തില് ഇറക്കിയത്. മൂന്നുതവണ രാജ്യസഭ അഗമായപ്പോഴും രാജീവ് ചന്ദ്രശേഖര് ബി.ജെ.പി ടിക്കറ്റിലല്ല മത്സരിച്ചത്. അതൊന്നും എന്നെക്കൊണ്ട് പറയിക്കരുത്. കോണ്ഗ്രസിനെ നാണംകെട്ട പാര്ട്ടിയെന്ന് ഒരു ബി.ജെ.പിക്കാരന് പറഞ്ഞാല് അതിന് മറുപടി പറഞ്ഞിരിക്കും. ആകാശത്ത് നിന്നും നൂലില് കെട്ടിയിറക്കിയ ബിസിനസുകാരന് കോണ്ഗ്രസിനെ രാഷ്ട്രീയം പഠിപ്പിക്കേണ്ട. കോണ്ഗ്രസുകാര് സാധാരണക്കാരായ ജനങ്ങള്ക്കൊപ്പം പ്രവര്ത്തിച്ച് രാഷ്ട്രീയ പ്രവര്ത്തനം നടത്തുന്നവരാണ്. രാജീവ് ചന്ദ്രശേഖറില് നിന്നും രാഷ്ട്രീയം പഠിക്കേണ്ട ഗതികേട് കേരളത്തില് ആര്ക്കുമില്ലെന്നും സതീശൻ പറഞ്ഞു.
രാഹുല് ഗാന്ധി നയിക്കുന്ന കോണ്ഗ്രസ് ബി.ജെ.പിയുടെ ബി ടീം ആണെന്ന് ഇന്നലെ മുഖ്യമന്ത്രിയും പറഞ്ഞു. ഇന്ത്യയില് പിണറായി വിജയന് അല്ലാതെ ആരും അങ്ങനെ പറയില്ല. ബി.ജെ.പിക്കും സംഘ്പരിവാറിനും വര്ഗീയതയിക്കും എതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തുന്ന ആളാണ് രാഹുല് ഗാന്ധിയെന്ന് ആര്ക്കാണ് അറിയാത്തത്. അങ്ങനെ ഒരു പോരാട്ടം നടത്തുന്നില്ലെന്ന് രാഹുല് ഗാന്ധിയുടെ ശത്രുക്കള് പോലും പറയില്ല. അദ്ദേഹത്തെ ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. പാര്ലമെന്റിനകത്തും പുറത്തും അദ്ദേഹത്തെ ആക്രമിക്കുകയാണ്. അദ്ദേഹത്തിന്റെ പോരാട്ടമാണ് രാജ്യ മുഴുവന് ഉറ്റുനോക്കുന്നത്. തകര്ന്നു വീഴാത്ത പാലത്തിന്റെ പേരില് മുന് മന്ത്രി ഇബ്രാഹിംകുഞ്ഞിനെ ജയിലാക്കാന് എല്.ഡി.എഫ് നോക്കി. നൂറ്റി അന്പതോളം സ്ഥലങ്ങളില് ദേശീയപാത പൊളിഞ്ഞു വീണിട്ടും കേന്ദ്രത്തിനെതിരെ സംസ്ഥാന സര്ക്കാരിന് ഒരു പരാതിയില്ല. പാലം പൊളിഞ്ഞ് വീണതിനു ശേഷം പരാതിയുമായല്ല, ആമാടപ്പെട്ടിയുമായാണ് ഡല്ഹിയില് മന്ത്രിയെ കാണാന് പോയത്. മോദിയും അമിത്ഷായും എവിടെ ഒപ്പിടാന് പറഞ്ഞാലും ഒപ്പിട്ടു നല്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയന്.
ഇരട്ടച്ചങ്കൊക്കെ ഡല്ഹിയില് ചെല്ലുമ്പോള് 90 ഡിഗ്രിയില് കുനിയും. അവിഹിതമായ ബന്ധവമാണ് ബി.ജെ.പിയുമായി. അതൊന്നും ഞങ്ങളെ ബാധിക്കില്ല. അതിനെയെല്ലാം മറികടന്ന് ജനങ്ങളുടെ പിന്തുണയില് യു.ഡി.എഫ് അധികാരത്തില് എത്തും. ഈ സര്ക്കാരിനെതിരെ അതിശക്തമായ ജനവികാരമാണ് സംസ്ഥാനത്തുള്ളത്.
ഞാന് നുണ പറഞ്ഞെന്നാണ് എം.വി ഗോവിന്ദന് പറയുന്നത്. കണ്ണൂര് റെയില്വെ സ്റ്റേഷനില് ഉണ്ടായ സംഭവത്തില് കെ.എസ്.യുക്കാര് ആരോഗ്യമന്ത്രി വീണാ ജോര്ജിന്റെ കഴുത്ത് പിടിച്ച് തിരിച്ചെന്നും കൈപിടിച്ച് വളച്ച് ഒടിച്ചെന്നും കേരളത്തോട് പച്ചക്കള്ളം വിളിച്ചു പറഞ്ഞ ആളാണ് എം.വി ഗോവിന്ദന്. കേരളത്തിലെ ഏറ്റവും വലിയ നുണയന്മാരിലൊരാളാണ് എം.വി.ഗോവിന്ദന്. ഇതിനേക്കാള് വലിയ കള്ളം കേരളത്തില് ഏതെങ്കിലും രാഷ്ട്രീയക്കാരന് പറഞ്ഞിട്ടുണ്ടോ? കഴുത്ത് പിടിച്ച് തിരിച്ചു എന്ന നുണയാണ് നൊബേല് സമ്മാനത്തിന് അയയ്ക്കേണ്ടത്. മറ്റാര്ക്കും സമ്മാനം കിട്ടില്ല.
മുഖ്യമന്ത്രി നല്കുന്ന അഭിമുഖങ്ങളില് നല്ല വാക്കുകള് ഉപയോഗിക്കുന്നുണ്ട്. പണ്ട് എന്.കെ പ്രേമചന്ദ്രനെ പരനാറി എന്നു വിളിച്ചു. ഇപ്പോള് മുഖ്യമന്ത്രിയുടെ സഹയാത്രികനായിരുന്ന സീനിയര് കമ്മ്യൂണിസ്റ്റ് നേതാവായ ജി. സുധാകരനെ ചെറ്റത്തരം എന്ന വാക്കുപയോഗിച്ചാണ് വിശേഷിപ്പിച്ചത്. മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്ന് കൊണ്ട് ഉപയോഗിക്കാന് പാടില്ലാത്ത വാക്കുകള് ഉപയോഗിച്ച് സ്വയം തരംതാഴുകയാണ്. പൊതുരംഗത്ത് നില്ക്കുന്നവര് കുറേക്കൂടി മാന്യതയോടെ സംസാരിക്കണം. മുഖ്യമന്ത്രിയുടെ അടുത്ത് നിന്ന എത്രയോ പേര് ബി.ജെ.പിയിലേക്ക് പോയിട്ടുണ്ട്. അവരെ കുറിച്ചൊക്കെ ഇതുപോലെ മോശമായ വാക്കുകള് ഉപയോഗിക്കുമോ. ഇതൊക്കെ കേരളം കാണുകയാണ്. ഇങ്ങനെയുള്ള വാക്കുകളാണോ രാഷ്ട്രീയക്കാര് ഉപയോഗിക്കുന്നത് എന്നോര്ത്ത് ചെറുപ്പക്കാര്ക്ക് രാഷ്ട്രീയ നേതാക്കളോട് പുച്ഛം തോന്നും.
അവളോടൊപ്പമാണെന്ന അടിക്കുറിപ്പോട് കൂടിയ കപ്പാണ് മുഖ്യമന്ത്രി ഉപയോഗിച്ചത്. കപ്പില് ചായയാണോ കാപ്പിയാണോ വെള്ളമാണോ കുടിച്ചതെന്ന് അറിയില്ല. മുഖ്യമന്ത്രി ആ കപ്പില് കുടിച്ചതിനു ശേഷം അദ്ദേഹത്തിന്റെ ഓഫീസില് നിന്നും എല്ലാ മാധ്യമ ഓഫീസുകളിലേക്കും വിളിച്ചു. മനോഹരമായ വാക്കാണെന്നും അവളോടൊപ്പം എന്നതിന്റെ പ്രതീകമാണ് അതെന്നും മുഖ്യമന്ത്രിയുടെ പി.ആര് സംഘം പറഞ്ഞത്. ആ കപ്പുമായി മുഖ്യമന്ത്രി നില്ക്കുന്നത് കണ്ടപ്പോള് എനിക്കും ഇഷ്ടം തോന്നി. പക്ഷെ ഇപ്പോള് മുഖ്യമന്ത്രി പറയുന്നത് അവളോടൊപ്പമല്ല, അവനോടൊപ്പമാണെന്നാണ്. കപ്പ് അറിയാതെ പിടിച്ചു പോയതാണെന്നും വീട്ടില് നിന്നും കൊടുത്തു വിട്ടതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. കെ.ബി ഗണേഷ് കുമാര് വിഷയം വെറും ഒരു കുടുംബപ്രശ്നമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത്രയും ഗൗരവമല്ലാത്ത ഒരു കുടുംബപ്രശ്നം ഉമ്മന് ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള് ഉണ്ടായി. അന്ന് പാര്ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന് പറഞ്ഞത് ഗണേഷ് കുമാറിനെ മന്ത്രിസഭയില് നിന്നും പുറത്താക്കണമെന്നാണ്. ഇപ്പോള് അദ്ദേഹം മുഖ്യമന്ത്രിയാണ്. ഇപ്പോള് അതിനേക്കള് ഗൗരവതരമായ പ്രശ്നമുണ്ടായപ്പോള് അത് കുടുംബപ്രശ്നമാണെന്ന് പറയുകയാണ്. അതാണ് ഇരട്ടത്താപ്പ്. പണ്ട് പറഞ്ഞത് വിഴുങ്ങിയിരിക്കുകയാണ്. ഇവരൊക്കെ എന്തും പറയും. കാലം കണക്ക് ചോദിച്ചുകൊണ്ടിരിക്കുകയാണ്. ഉമ്മന് ചാണ്ടിയെ അപമാനിക്കാന് ഈ കഥകളൊക്കെ ഉണ്ടാക്കിയവരുടെ മുഖത്ത് നോക്കി കാലം ഇപ്പോള് കണക്ക് ചോദിച്ചുകൊണ്ടിരിക്കുകയാണ്. ബാക്കി തിരഞ്ഞെടുപ്പില് ജനവും ചോദിക്കും.
പൊന്നാനിയില് പലപ്പോഴും ഹിന്ദു എം.എല്.എമാര് ഉണ്ടായിട്ടുണ്ട്. ഗുരുവായൂരില് മുസ്ലീം എം.എല്.എമാരും. അതൊക്കെ കേരളത്തിന്റെ മതസൗഹാര്ദ്ദ സവിശേഷതകളാണ്. ജാതിയും മതവും പറഞ്ഞ് ബി.ജെ.പി വോട്ട് പിടിക്കുന്നതില് ഒരു അദ്ഭുതവും ഇല്ല. ബി ഗോപാലകൃഷ്ണന്റെ പരാമര്ശത്തില് തിരഞ്ഞെടുപ്പ് കമ്മിഷനാണ് നടപടി എടുക്കേണ്ടത്. അത് സംബന്ധിച്ച് പരാതി നല്കിയിട്ടുണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കി
---------------
Hindusthan Samachar / CHANDHU CHANDRASEKHAR