Enter your Email Address to subscribe to our newsletters

Trivandrum, 22 മാര്ച്ച് (H.S.)
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിലുണ്ടായ തീപിടുത്തത്തെത്തുടർന്ന് രോഗികളെ മാറ്റിയതിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ആശുപത്രി അധികൃതർ. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാറ്റിയത് കൃത്യമായ ജീവൻരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കിയാണെന്ന് വകുപ്പ് മേധാവികൾ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ആശുപത്രി സൂപ്രണ്ട് ഈ റിപ്പോർട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് (DME) കൈമാറി.
റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ സർജിക്കൽ ഐസിയുവിലാണ് വെന്റിലേറ്റർ തകരാറിലായി തീപിടുത്തമുണ്ടായത്. ഐസിയുവിൽ പുക നിറഞ്ഞതിനെത്തുടർന്ന് രോഗികളെ ഉടൻ തന്നെ മറ്റ് ഐസിയുകളിലേക്ക് മാറ്റിയിരുന്നു.
-
മരണകാരണം പരിക്കുകൾ: തീപിടുത്തമുണ്ടായ അന്നും പിറ്റേന്നുമായി അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇവരാരും തീപിടുത്തം മൂലമോ പുക ശ്വസിച്ചോ അല്ല മരിച്ചതെന്നാണ് ആശുപത്രിയുടെ നിഗമനം. അപകടത്തെത്തുടർന്നുണ്ടായ ഗുരുതര പരിക്കുകൾ കാരണം ആരോഗ്യനില വഷളായതാണ് മരണകാരണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
-
ജീവൻരക്ഷാ സഹായം: വെന്റിലേറ്ററിലുണ്ടായിരുന്ന രോഗികളെ മാറ്റുമ്പോൾ അമ്പ്യൂ ബാഗ് (Ambu Bag) സപ്പോർട്ടും ഓക്സിജൻ സഹായവും കൃത്യമായി നൽകിയിരുന്നു. പ്രോട്ടോക്കോൾ പ്രകാരമുള്ള എല്ലാ നടപടികളും പാലിച്ചിട്ടുണ്ട്.
-
ജീവനക്കാർക്ക് ചികിത്സ: രോഗികളെ മാറ്റുന്നതിനിടെ പുക ശ്വസിച്ച് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട 9 ജീവനക്കാർക്ക് വിദഗ്ധ ചികിത്സ നൽകിയതായും ന്യൂറോ സർജറി, സർജറി വിഭാഗം മേധാവികൾ അറിയിച്ചു.
ബന്ധുക്കളുടെ ആരോപണവും പ്രതിഷേധവും
ആശുപത്രി അധികൃതർ വാദങ്ങൾ നിരത്തുമ്പോഴും രോഗികളുടെ ബന്ധുക്കൾ വലിയ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ബൈക്ക് അപകടത്തിൽപ്പെട്ട് വെന്റിലേറ്ററിലായിരുന്ന നെയ്യാറ്റിൻകര സ്വദേശി സനീഷ്, ഓട്ടോ അപകടത്തിൽ പരിക്കേറ്റ ഓയൂർ സ്വദേശി കൃഷ്ണൻകുട്ടി എന്നിവരുടെ ബന്ധുക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. ഐസിയു മാറ്റുന്ന വിവരം തങ്ങളെ അറിയിച്ചില്ലെന്നും മാറ്റിയതിന് ശേഷമാണ് രോഗികളുടെ നില വഷളായതെന്നുമാണ് ഇവരുടെ ആക്ഷേപം.
സംഭവത്തിൽ പ്രതിഷേധവുമായി രാഷ്ട്രീയ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദീകരണം വേണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബിജെപിയും വിഷയത്തിൽ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നിലുണ്ട്.
അന്തിമ നിഗമനം പോസ്റ്റ്മോർട്ടത്തിന് ശേഷം
ആശുപത്രിയുടെ പ്രാഥമിക റിപ്പോർട്ടിൽ ചികിത്സാ പിഴവില്ലെന്ന് പറയുന്നുണ്ടെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി വന്നാലേ മരണകാരണത്തിൽ വ്യക്തത വരികയുള്ളൂ. രോഗികളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ ലഭിച്ച ശേഷം അന്തിമ നിഗമനത്തിലെത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. നിലവിൽ ആശുപത്രിയിലെ തീപിടുത്തം ഉണ്ടായ ഐസിയുവിൽ അറ്റകുറ്റപ്പണികൾ നടന്നു വരികയാണ്. പുക നിറഞ്ഞ ഭാഗങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളും പൂർത്തിയാക്കി വരുന്നു.
---------------
Hindusthan Samachar / Roshith K