എൽപിജി സിലിണ്ടറുകളുടെ ഭാരം കുറയ്ക്കില്ല; വിതരണത്തിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം
Newdelhi , 23 മാര്ച്ച് (H.S.) ന്യൂഡൽഹി: രാജ്യത്തെ ഗാർഹിക എൽപിജി സിലിണ്ടറുകളുടെ ഭാരം 14.2 കിലോയിൽ നിന്ന് 10 കിലോയായി കുറയ്ക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം വ്യക്തമാക്കി. പശ്ചി
എൽപിജി സിലിണ്ടറുകളുടെ ഭാരം കുറയ്ക്കില്ല; വിതരണത്തിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം


Newdelhi , 23 മാര്ച്ച് (H.S.)

ന്യൂഡൽഹി: രാജ്യത്തെ ഗാർഹിക എൽപിജി സിലിണ്ടറുകളുടെ ഭാരം 14.2 കിലോയിൽ നിന്ന് 10 കിലോയായി കുറയ്ക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ എൽപിജി സ്റ്റോക്ക് ലാഭിക്കുന്നതിനായി സിലിണ്ടറുകളുടെ അളവ് കുറയ്ക്കുമെന്ന് സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിച്ച റിപ്പോർട്ടുകൾ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്ന് മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ അറിയിച്ചു.

വിതരണം സുഗമം, പരിഭ്രാന്തി വേണ്ട

രാജ്യത്ത് എൽപിജി വിതരണത്തിൽ നിലവിൽ തടസ്സങ്ങളില്ലെന്നും സ്റ്റോക്ക് തീരുന്ന സാഹചര്യം ഒരിടത്തും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉപഭോക്താക്കൾക്കിടയിൽ ഉണ്ടായിരുന്ന പരിഭ്രാന്തി മൂലമുള്ള ബുക്കിംഗ് (Panic Booking) കുറഞ്ഞിട്ടുണ്ട്. എൽപിജി വിതരണക്കാരുടെ പക്കൽ ആവശ്യത്തിന് സ്റ്റോക്കുണ്ട്. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധികൾക്കിടയിലും ഇന്ത്യയിലേക്കുള്ള രണ്ട് വലിയ എൽപിജി ടാങ്കറുകൾ സുരക്ഷിതമായി യാത്ര തുടരുകയാണ്. 92,000 മെട്രിക് ടൺ എൽപിജി ഈ ടാങ്കറുകളിലായുണ്ട്. ഇത് അടുത്ത ദിവസങ്ങളിൽ തന്നെ ഇന്ത്യൻ തീരത്തെത്തും.

പിഎൻജി കണക്ഷനുകളിൽ വൻ വർധന

എൽപിജിക്ക് പകരമായി പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ രാജ്യത്ത് 3.5 ലക്ഷം പുതിയ പിഎൻജി കണക്ഷനുകൾ ആക്ടിവേറ്റ് ചെയ്തതായി മന്ത്രാലയം അറിയിച്ചു. ഗാർഹിക, വാണിജ്യ ആവശ്യങ്ങൾക്കായി കൂടുതൽ ആളുകൾ പിഎൻജിയിലേക്ക് മാറുന്നത് എൽപിജിക്ക് മേലുള്ള സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. പ്രധാന നഗരങ്ങളിലെ വാണിജ്യ സ്ഥാപനങ്ങൾ എത്രയും വേഗം പിഎൻജിയിലേക്ക് മാറണമെന്ന് കേന്ദ്രം നിർദേശിച്ചു.

വാണിജ്യ എൽപിജി വിഹിതം ഉയർത്തി

വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നൽകുന്ന വിഹിതം 50 ശതമാനമായി കേന്ദ്രം ഉയർത്തിയിട്ടുണ്ട്. നിലവിൽ 20 സംസ്ഥാനങ്ങൾ ഈ വിഹിതം കൈപ്പറ്റി കഴിഞ്ഞു. ഹോട്ടലുകൾ, ധാബകൾ, കമ്മ്യൂണിറ്റി കിച്ചണുകൾ, ഭക്ഷണ സംസ്കരണ യൂണിറ്റുകൾ എന്നിവയ്ക്ക് മുൻഗണന നൽകാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിഥി തൊഴിലാളികൾക്കായി 5 കിലോയുടെ എഫ്.ടി.എൽ (Free Trade LPG) സിലിണ്ടറുകൾ ലഭ്യമാക്കാനും നിർദേശമുണ്ട്.

കരിഞ്ചന്തയ്ക്കെതിരെ കർശന നടപടി

എൽപിജി സിലിണ്ടറുകൾ പൂഴ്ത്തിവെക്കുന്നതും കരിഞ്ചന്തയിൽ വിൽക്കുന്നതും തടയാൻ രാജ്യവ്യാപകമായി പരിശോധനകൾ ശക്തമാക്കി. ഉത്തർപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതിനോടകം ആയിരക്കണക്കിന് റെയ്ഡുകൾ നടക്കുകയും സിലിണ്ടറുകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. സിലിണ്ടർ വിതരണത്തിൽ സുതാര്യത ഉറപ്പാക്കാൻ 'ഡെലിവറി ഓതന്റിക്കേഷൻ കോഡ്' (DAC) സംവിധാനം കർശനമായി പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.

അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും എൽപിജി വിതരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ മന്ത്രാലയം ഔദ്യോഗികമായി വിശദീകരിക്കുമെന്നും സുജാത ശർമ കൂട്ടിച്ചേർത്തു.

---------------

Hindusthan Samachar / Roshith K


Latest News