Enter your Email Address to subscribe to our newsletters

Thiruvanathapuram, 24 മാര്‍ച്ച് (H.S.)
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി സമര്‍പ്പിച്ച് നാമനിര്‍ദേശ പത്രികളുടെ സൂക്ഷമപരിശോധന ഇന്ന്. 1202 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. ഇവര്‍ക്കായി 2039 നാമനിര്‍ദേശ പത്രികകളാണ് ലഭിച്ചത്.പത്രികകള്‍ പിന്‍വലിക്കാനുള്ള സമയം വ്യാഴാഴ്ച അവസാനിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അവസാനദിവസമാണ് പത്രിക നല്‍കിയത്.
കൂടുതല്‍ സ്ഥാനാര്‍ഥികള്‍
കോഴിക്കോട്-141
മലപ്പുറം-137
തിരുവനന്തപുരം- 136
കുറവ് സ്ഥാനാര്‍ഥികള്‍ വയനാട് ജില്ലയില്‍
മണ്ഡലങ്ങളില്‍ മുന്‍പില്‍ കൊടുവള്ളി, 18 സ്ഥാനാര്‍ഥികള്‍
2021-ല്‍ 1061 സ്ഥാനാര്‍ഥികള്‍ക്കായി 2180 പത്രിക നല്‍കിയിരുന്നു. പത്രിക പിന്‍വലിക്കല്‍ പൂര്‍ത്തിയായ ശേഷം 957 പേരാണ് മത്സരത്തിനുണ്ടായിരുന്നത്
പത്തു വര്‍ഷത്തെ ഭരണനേട്ടങ്ങളാണ് എല്‍.ഡി.എഫിന്റെ മുഖ്യപ്രചാരണായുധം. അതിനാല്‍, ഭരണത്തുടര്‍ച്ച മുന്നില്‍ക്കണ്ട് 'മറ്റാരുണ്ട്, എല്‍.ഡി.എഫ്. അല്ലാതെ' എന്നൊരു ചോദ്യത്തോടെ വോട്ടര്‍മാര്‍ക്കു മുന്നിലെത്തുന്നു. പാലങ്ങളും കെട്ടിടങ്ങളുമടക്കമുള്ള കിഫ്ബി വികസനപദ്ധതികള്‍, ലൈഫ് മിഷന്റെ അഞ്ചുലക്ഷം വീടുകള്‍, പവര്‍ കട്ടില്ലാത്ത പത്തുവര്‍ഷം, സര്‍ക്കാര്‍ സ്‌കൂളുകള്‍ സ്മാര്‍ട്ടായതും സമയത്ത് പാഠപുസ്തകങ്ങള്‍ എത്തിച്ചതുമൊക്കെ കേരളം മാറ്റത്തിന്റെ വഴിയില്‍ സഞ്ചരിച്ചതിന്റെ അടയാളങ്ങളായി എല്‍.ഡി.എഫ്. ഉയര്‍ത്തിക്കാട്ടുന്നു. ആരോഗ്യം, വിദ്യാഭ്യാസം, സ്റ്റാര്‍ട്ടപ്പ്, വ്യവസായം, പി.എസ്.സി. നിയമനം തുടങ്ങിയവയില്‍ കേരളം 'നമ്പര്‍ വണ്‍' ആണെന്ന് ബി.ജെ.പി. ഭരണമുള്ള കേന്ദ്രസര്‍ക്കാര്‍ പോലും അംഗീകരിച്ചെന്നാണ് അവകാശവാദം.
പത്തുവര്‍ഷത്തെ ഇടതുഭരണത്തിന് അറുതിവരുത്തുകയെന്ന ലക്ഷ്യവുമായി 'കേരളം ജയിക്കും യു.ഡി.എഫ്. നയിക്കും' എന്ന മുദ്രാവാക്യവുമായാണ് യു.ഡി.എഫിന്റെ പോരാട്ടം. ശബരിമല സ്വര്‍ണക്കൊള്ളയാണ് സര്‍ക്കാരിനും എല്‍.ഡി.എഫിനുമെതിരേ പ്രതിപക്ഷം ആദ്യം പുറത്തെടുത്ത ആയുധം. ഇപ്പോഴാവട്ടെ, 'സി.പി.എം.-ബി.ജെ.പി. ഡീല്‍' എന്ന ആരോപണമുയര്‍ത്തി, തിരഞ്ഞെടുപ്പുകളത്തില്‍ വജ്രായുധം പ്രയോഗിച്ചിരിക്കുകയാണ് പ്രതിപക്ഷം. ഇങ്ങനെ, രാഷ്ട്രീയചര്‍ച്ച വഴി തിരിച്ചുവിടാന്‍ യുഡിഎഫിനായി.
കേരളത്തില്‍ ബി.ജെ.പി. വളരില്ലെന്ന രാഷ്ട്രീയാഖ്യാനം ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ മാറിക്കിട്ടിയതിന്റെ ആത്മവിശ്വാസത്തിലാണ് എന്‍.ഡി.എ. തൃശ്ശൂരിലൂടെ പാര്‍ലമെന്റിലേക്കു തുറന്ന അക്കൗണ്ടും തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണം പിടിച്ചതുമൊക്കെ ബി.ജെ.പി.യുടെ പ്രത്യാശ കൂട്ടുന്നു. കേരളം ഇതുവരെ മാറിമാറി ഭരിച്ച എല്‍.ഡി.എഫും യു.ഡി.എഫും ഒന്നാണെന്ന് വിമര്‍ശിച്ചും ഇന്ത്യ സഖ്യത്തില്‍ കൈകോര്‍ക്കുന്ന ഈ മുന്നണികള്‍ കേരളത്തില്‍ പോരടിക്കുന്നതു നാടകമാണെന്ന് ആരോപിച്ചുമാണ് ബി.ജെ.പി. പ്രചാരണം.
---------------
Hindusthan Samachar / Sreejith S