ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് 18.5 ലക്ഷം രൂപ നഷ്ടപരിഹാരം : ബാക്കി തുക ലഭിക്കാന് അനന്തരാവകാശ സര്ട്ടിഫിക്കറ്റ് വേഗം നല്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
Thiruvanathapuram, 24 മാര്‍ച്ച് (H.S.) തിരുവനന്തപുരം : കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തില്‍ മനു എന്ന ആന ചവിട്ടികൊന്ന ഒന്നാം പാപ്പാന്‍ വിഷ്ണു (27) വിന്റെ കുടുംബത്തിന് നല്‍കാന്‍ തീരുമാനിച്ച 18.5 ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തില്‍ ബാക്കി നല്‍കാനുള്ള
Human Rights Commission


Thiruvanathapuram, 24 മാര്‍ച്ച് (H.S.)

തിരുവനന്തപുരം : കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തില്‍ മനു എന്ന ആന ചവിട്ടികൊന്ന ഒന്നാം പാപ്പാന്‍ വിഷ്ണു (27) വിന്റെ കുടുംബത്തിന് നല്‍കാന്‍ തീരുമാനിച്ച 18.5 ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തില്‍ ബാക്കി നല്‍കാനുള്ള 13 ലക്ഷം രൂപ ലഭിക്കുന്നതിന് അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്.

തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്കും നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ക്കുമാണ് ഉത്തരവ് നല്‍കിയത്. സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ വിഷ്ണുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം അനുവദിക്കാന്‍ കഴിയുകയുള്ളൂ. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്.

ദിവസവേതനക്കാരനായ വിഷ്ണുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി 7 ന് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്ക് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നഷ്ടപരിഹാരത്തിന്റെ വിശദാംശങ്ങളുള്ളത്.

2018 മുതല്‍ കോട്ടൂര്‍ ആനപുനരധിവാസ കേന്ദ്രത്തില്‍ ദിവസവേതന പാപ്പാനായിരുന്നു വിഷ്ണു. മനു എന്ന ആനയുടെ ഒന്നാം പാപ്പാനായി പ്രവര്‍ത്തിക്കുകയായിരുന്നു. വിഷ്ണുവിന്റെ കുടുംബത്തിന് 50000 രൂപ അടിയന്തര ധനസഹായം നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറഞ്ഞു. ആനക്കുള്ള ഇന്‍ഷ്വറന്‍സില്‍ നിന്നും 3 ലക്ഷവും വനംവകുപ്പിലെ താത്കാലിക ജീവനക്കാര്‍ക്കുള്ള ഇന്‍ഷ്വറന്‍സ് പരിരക്ഷയില്‍ നിന്നും 5 ലക്ഷവും അനുവദിക്കും. ഇതിനാവശ്യമായ രേഖകള്‍ ലഭ്യമാക്കി തുടര്‍നടപടി സ്വീകരിക്കും.

വന്യജീവി ആക്രമണത്തില്‍ മരിക്കുന്നവരുടെ അവകാശികള്‍ക്ക് നല്‍കുന്ന 10 ലക്ഷം രൂപ നിര്‍ദ്ധന കുടുംബാംഗമായ വിഷ്ണുവിന്റെ അവകാശികള്‍ക്കും അനുവദിക്കുന്നതാണ്. ഇതില്‍ 5 ലക്ഷം രൂപ പിതാവായ പി. ബിജുകുമാറിന് നല്‍കാന്‍ നടപടിയെടുത്തിട്ടുണ്ട്. അനന്തരാവകാശ സര്‍ട്ടിഫിക്കറ്റും മറ്റ് നിയമപരമായ രേഖകളും കുടുംബം ലഭ്യമാക്കിയാല്‍ ബാക്കി 5 ലക്ഷം രൂപ എത്രയും വേഗം വിഷ്ണുവിന്റെ കുടുംബത്തിന് നല്‍കുമെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ഫെബ്രുവരി 5 ന് രാവിലെ ആനകളെ നെയ്യാര്‍ റിസര്‍വോയറില്‍ കുളിപ്പിച്ചുകൊണ്ടിരിക്കെയാണ്

ഉദ്ദേശം 9 വയസ് പ്രായമുള്ള മനു എന്ന മോഴയാന ഒന്നാം പാപ്പാനായ വി. വിഷ്ണുവിനെ പെട്ടെന്ന് പ്രകോപിതനായി തുമ്പിക്കൈ കൊണ്ട് ആക്രമിച്ച് വെള്ളത്തിലേക്ക് തട്ടിയിട്ടത്. പിടിയാനകളെ കുളിപ്പിക്കുന്ന ഭാഗത്ത് വെള്ളത്തിലിറങ്ങി ശല്യപ്പെടുത്തിയപ്പോള്‍ മനുവിനെ പാപ്പാന്‍ കരയ്ക്കു കയറ്റി ആണാനകളെ കുളിപ്പിക്കുന്ന ഭാഗത്ത് കൊണ്ടു പോയതാവാം മനുവിനെ പ്രകോപിപ്പിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു.

നിലവിലുള്ള പ്രശ്‌നങ്ങളുടെ വെളിച്ചത്തില്‍ ഒരു സേഫ്റ്റി ഓഡിറ്റ് നടത്തി പാകപ്പിഴ ഉണ്ടെങ്കില്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ ജില്ലാ കളക്ടറും തഹസില്‍ദാറും ഒരു മാസത്തിനകം കമ്മീഷനെ അറിയിക്കണമെന്ന് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവില്‍ പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News