Enter your Email Address to subscribe to our newsletters

Kannur, 24 മാര്ച്ച് (H.S.)
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി മുൻ അംഗവും നിലവിൽ ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റി അംഗവുമായ കെ.പി. രമണിക്കെതിരെ പാർട്ടി അച്ചടക്ക നടപടി ഉണ്ടായേക്കും. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പരസ്യമായി പങ്കെടുത്തതിനെത്തുടർന്നാണ് നടപടിക്ക് വഴിയൊരുങ്ങുന്നത്. സിപിഎം വിട്ട് തളിപ്പറമ്പ് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഭർത്താവ് ടി.കെ. ഗോവിന്ദന് പിന്തുണ അറിയിച്ചാണ് രമണി യുഡിഎഫ് വേദിയിലെത്തിയത്.
കൺവെൻഷനിലെ അപ്രതീക്ഷിത സാന്നിധ്യം
തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കൺവെൻഷനെത്തിയ കെ.പി. രമണിയെ ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് മാലയിട്ട് സ്വീകരിച്ചു. ദശാബ്ദങ്ങളായി സിപിഎമ്മിന്റെ സജീവ മുഖമായിരുന്ന രമണി യുഡിഎഫ് വേദിയിൽ പ്രത്യക്ഷപ്പെട്ടത് ഇടതുകേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. മലപ്പട്ടം പഞ്ചായത്ത് മുൻ പ്രസിഡന്റും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്നു രമണി.
'പാർട്ടിയുടെ ചോറല്ല തിന്നുന്നത്'
യുഡിഎഫ് വേദിയിലെത്തിയതിനെക്കുറിച്ച് വൈകാരികമായ പ്രതികരണമാണ് രമണി നടത്തിയത്. ടി.കെ. ഗോവിന്ദൻ മാഷിനെ ഒറ്റപ്പെടുത്തുന്നത് കണ്ടുനിൽക്കാനാവില്ല. കുടുംബം അദ്ദേഹത്തോടൊപ്പമില്ലെന്ന പ്രചാരണം ശക്തമായിരുന്നു. ഞാൻ മാഷിന്റെ ചോറാണ് തിന്നുന്നത്, പാർട്ടിയുടെ ചോറല്ല. 59 വർഷമായി ഈ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നു. എന്നിട്ടും മാഷിനെ ഒറ്റപ്പെടുത്തിയത് എനിക്ക് സഹിക്കാനായില്ല, രമണി പറഞ്ഞു. കുടുംബത്തിന്റേത് പൂർണ്ണ പിന്തുണയാണെന്ന് വ്യക്തമാക്കാനാണ് താൻ കൺവെൻഷനെത്തിയതെന്നും അവർ കൂട്ടിച്ചേർത്തു.
ടി.കെ. ഗോവിന്ദന്റെ പ്രതിഷേധം
തളിപ്പറമ്പ് മണ്ഡലത്തിൽ പി.കെ. ശ്യാമളയെ (എം.വി. ഗോവിന്ദന്റെ പത്നി) എൽഡിഎഫ് സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് മുതിർന്ന നേതാവായ ടി.കെ. ഗോവിന്ദൻ സിപിഎം വിട്ടത്. പാർട്ടിയിൽ ഇതുവരെ കാണാത്ത ചില പ്രവണതകൾ നടക്കുന്നുണ്ടെന്നും ഇതിനെതിരെ ശബ്ദമുയർത്തിയിട്ടും ഫലമുണ്ടായില്ലെന്നും ആരോപിച്ചാണ് അദ്ദേഹം പടിയിറങ്ങിയത്. നിലവിൽ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് ഗോവിന്ദൻ മത്സരിക്കുന്നത്.
നടപടിക്കൊരുങ്ങി പാർട്ടി
രമണിയുടെ നടപടി ഗുരുതരമായ പാർട്ടി വിരുദ്ധ പ്രവർത്തനമായാണ് സിപിഎം നേതൃത്വം കാണുന്നത്. ഏരിയ കമ്മിറ്റി അംഗം തന്നെ പാർട്ടി വിരുദ്ധ സ്ഥാനാർത്ഥിയുടെ കൺവെൻഷനിൽ പങ്കെടുത്തത് പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്ന് തന്നെ രമണിക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്നാണ് സൂചന. സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി തളിപ്പറമ്പിൽ ഉടലെടുത്ത ഭിന്നത വോട്ടെടുപ്പിൽ എങ്ങനെയൊക്കെ പ്രതിഫലിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ.
---------------
Hindusthan Samachar / Roshith K