കൊച്ചി കണ്ടയ്നർ റോഡിലെ വഴിവിളക്കുകൾ തെളിയുന്നില്ലെന്നു പരാതി
Kochi , 25 മാര്ച്ച് (H.S.) കൊച്ചി കണ്ടെയ്നർ ടെർമിനൽ റോഡിലെ (NH-966A) തെരുവ് വിളക്കുകൾ കത്താത്തതുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി എറണാകുളം ജില്ലാ സെക്രട്ടറി സുജിത് സി. സുകുമാരൻ നൽകിയ പരാതിയിൽ ദേശീയ പാത അതോറിറ്റിയുടെയും (NHAI) കെ.എസ്.ഇ.ബി.യുടെയും
ദേശീയ പാത


Kochi , 25 മാര്ച്ച് (H.S.)

കൊച്ചി കണ്ടെയ്നർ ടെർമിനൽ റോഡിലെ (NH-966A) തെരുവ് വിളക്കുകൾ കത്താത്തതുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി എറണാകുളം ജില്ലാ സെക്രട്ടറി സുജിത് സി. സുകുമാരൻ നൽകിയ പരാതിയിൽ ദേശീയ പാത അതോറിറ്റിയുടെയും (NHAI) കെ.എസ്.ഇ.ബി.യുടെയും നിരുത്തരവാദപരമായ സമീപനം സ്വീകരിക്കുന്നതായി പരാതി .

റോഡിലെ അപകടാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പോർട്ടലിലും സി.പി.ഗ്രാംസിലും (CPGRAMS) നൽകിയ പരാതികൾക്ക് ലഭിച്ച മറുപടികളിലാണ് അധികൃതരുടെ വീഴ്ച വ്യക്തമാകുന്നത്.

കളമശ്ശേരി മുതൽ വല്ലാർപാടം വരെയുള്ള പാതയിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനായി കെ.എസ്.ഇ.ബി തയ്യാറാക്കിയ എസ്റ്റിമേറ്റ് തുക നൽകുന്നതിൽ ദേശീയ പാത അതോറിറ്റി വരുത്തുന്ന കാലതാമസമാണ് പദ്ധതി നീണ്ടുപോകാൻ പ്രധാന കാരണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. 2025 ഡിസംബർ 3-ന് തന്നെ പണമടയ്ക്കാനുള്ള നിർദ്ദേശം NHAI അധികൃതർക്ക് നൽകിയിട്ടുണ്ടെന്നും, തുക ലഭ്യമായാൽ ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നുമാണ് കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ നൽകിയ വിശദീകരണം.

അതേസമയം, വിഷയം സജീവമായി പരിഗണിച്ചു വരികയാണെന്നും കെ.എസ്.ഇ.ബി ഉൾപ്പെടെയുള്ള അധികൃതരുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നുമാണ് NHAI പ്രോജക്ട് ഡയറക്ടർ നൽകിയ മറുപടിയിൽ പറയുന്നത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും തുക കൈമാറാൻ തയ്യാറാകാത്തത് യാത്രക്കാരുടെ സുരക്ഷയോടുള്ള വെല്ലുവിളിയാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു.

പ്രധാന വിവരങ്ങൾ:

വൈദ്യുതി ബോർഡിന്റെ നിലപാട്: എലൂർ സെക്ഷന് കീഴിലുള്ള ഭാഗങ്ങളിൽ തെരുവ് വിളക്കുകൾ പ്രവർത്തനസജ്ജമാണ്. എന്നാൽ കളമശ്ശേരി സെക്ഷന് കീഴിലുള്ള (ഡെക്കാത്ത്ലോൺ മുതൽ പുതിയ റോഡ് ജംഗ്ഷൻ വരെ) 32 തെരുവ് വിളക്കുകളുടെയും 24 ഹൈമാസ്റ്റ് വിളക്കുകളുടെയും കണക്ഷനായി NHAI പണമടയ്ക്കേണ്ടതുണ്ട്.

NHAI-യുടെ മറുപടി: യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കാൻ ശ്രമിക്കുന്നുണ്ടെന്നും കെ.എസ്.ഇ.ബി-യുമായി ചർച്ചകൾ തുടരുകയാണെന്നും NHAI അറിയിച്ചു.

മാസങ്ങളായി ഇരുട്ടിൽ കിടക്കുന്ന കണ്ടെയ്നർ റോഡിൽ അപകടങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, NHAI അടിയന്തരമായി തുക കൈമാറി തെരുവ് വിളക്കുകൾ തെളിയിക്കണമെന്ന് സുജിത് സി. സുകുമാരൻ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു

-----------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News