Enter your Email Address to subscribe to our newsletters

Kozhikode , 25 മാര്ച്ച് (H.S.)
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണാർഥം ഇന്ന് കോഴിക്കോട് നടക്കാനിരുന്ന യു.ഡി.എഫ്. തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കില്ല. സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് കോഴിക്കോട് ബീച്ചിൽ നടക്കാനിരുന്ന പരിപാടിയിൽ നിന്ന് രാഹുൽ പിന്മാറിയത്. രാഹുൽ ഗാന്ധിക്ക് പകരം കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് എന്നിവർ റാലിയെ അഭിസംബോധന ചെയ്യും.
യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ 'ഇന്ദിര ഗ്യാരന്റി'യിലൂടെ നൽകാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ പ്രദർശിപ്പിച്ച ബസിൽ രാഹുൽ ഗാന്ധി നഗരത്തിലൂടെ റോഡ് ഷോ നടത്താനും തീരുമാനിച്ചിരുന്നു. എന്നാൽ നേരത്തെ പ്രഖ്യാപിച്ച പരിപാടികൾക്ക് മാറ്റമുണ്ടാകില്ലെന്നും മല്ലികാർജുൻ ഖാർഗെ നേതൃത്വം വഹിക്കുമെന്നും നേതാക്കൾ അറിയിച്ചു. ജനങ്ങളുമായി നേരിട്ട് സംവദിക്കാൻ കോഴിക്കോട് ബീച്ചിൽ സ്റ്റേജിനോട് ചേർന്ന് പ്രത്യേക സജ്ജീകരണങ്ങൾ വരെ ഒരുക്കിയിരുന്നു. വൈകിട്ട് നാലരയോടെ എയർപോർട്ടിൽ നിന്നും കോഴിക്കോട് ബീച്ച് ഗ്രൗണ്ടിലേക്കായിരുന്നു റോഡ് ഷോ ക്രമീകരിച്ചിരുന്നത്. രാത്രി ഏഴരയോടെ സമാപിക്കുന്ന റോഡ് ഷോയ്ക്ക് ശേഷം ഒന്നര മണിക്കൂർ നീളുന്ന പൊതുസമ്മേളനത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുന്ന തരത്തിലായിരുന്നു ക്രമീകരണങ്ങൾ. പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാലാണ് രാഹുൽ യാത്ര റദ്ദാക്കിയത്.
മുമ്പ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിച്ച 'പുതുയുഗ യാത്ര'യുടെ സമാപന സമ്മേളനം പുത്തരിക്കണ്ടം മൈതാനിയിൽ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തിരുന്നു. അവിടെവെച്ചാണ് 'ഇന്ദിര ഗ്യാരന്റി' എന്ന പേരിൽ അഞ്ച് ഉറപ്പുകൾ അദ്ദേഹം പ്രഖ്യാപിച്ചത്. കെ.എസ്.ആർ.ടി.സി. ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, കോളജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ, ക്ഷേമ പെൻഷൻ മാസം 3000 രൂപയാക്കും, ഒരു കുടുംബത്തിന് 25 ലക്ഷം രൂപ വരെയുള്ള ആരോഗ്യ ഇൻഷുറൻസ്, യുവാക്കൾക്ക് പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ, മുതിർന്ന പൗരന്മാർക്ക് പ്രത്യേക വകുപ്പ് ആരംഭിക്കും എന്നിവയായിരുന്നു പ്രഖ്യാപനങ്ങൾ. ഇത് കേരളത്തിൽ വലിയ തോതിൽ ചർച്ചയാവുകയും ചെയ്തിരുന്നു.
പുതുയുഗ യാത്രയുടെ സമാപന വേദിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളെ രാഹുൽ ഗാന്ധി കടന്നാക്രമിച്ചിരുന്നു. ഇതിനുപുറമേ സി.പി.എം. - ബി.ജെ.പി. ഡീലിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രംപ് നിയന്ത്രിക്കുന്നതുപോലെയാണ് മുഖ്യമന്ത്രി പിണറായി വിജയനെ മോദി നിയന്ത്രിക്കുന്നത് എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കേരളത്തിൽ സി.പി.എമ്മും ബി.ജെ.പിയും ശത്രുക്കളല്ല, 'സി.ജെ.പി'യാണെന്നും രാഹുൽ ആരോപിച്ചിരുന്നു.
എന്നാൽ ഈ പരാമർശത്തിലെ അതൃപ്തി 'ഇന്ത്യ' സഖ്യയോഗത്തിൽ പിന്നീട് ഇടത് നേതാക്കൾ അറിയിച്ചു. സി.പി.എമ്മിലെ ജോൺ ബ്രിട്ടാസും സി.പി.ഐയിലെ പി. സന്തോഷ് കുമാറുമാണ് അതൃപ്തി രേഖപ്പെടുത്തിയത്. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ചേർന്ന 'ഇന്ത്യ' സഖ്യ നേതാക്കളുടെ യോഗത്തിലായിരുന്നു ഇത്. രാഹുൽ ഗാന്ധി ലോക്സഭയിലെ പ്രതിപക്ഷ നേതാവാണെന്നും ആ പദവിക്ക് യോജിച്ച വാക്കുകളാണ് ഉണ്ടാകേണ്ടതെന്നും ജോൺ ബ്രിട്ടാസ് അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പിന് മുമ്പ് രാഹുൽ ഗാന്ധി ഇത്തരം പരാമർശങ്ങൾ ഒഴിവാക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം 'ഇന്ത്യ' സഖ്യത്തിന്റെ ഭാഗമായി പ്രവർത്തിക്കുമ്പോൾ, പ്രതിപക്ഷ നേതാവ് ഇത്തരം പരാമർശം നടത്തിയത് അനുചിതമായിപ്പോയെന്നാണ് പി. സന്തോഷ് കുമാർ സൂചിപ്പിച്ചത്.
എന്നാൽ ഇത് പ്രതിപക്ഷ അംഗങ്ങൾ പാർലമെന്റിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ച ചെയ്യുന്ന വേദിയാണെന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അതൃപ്തി ഇവിടെയല്ല പറയേണ്ടതെന്നും യോഗത്തിൽ മറ്റ് നേതാക്കൾ പറഞ്ഞു. 'ഇന്ത്യ' സഖ്യ ഫോറത്തിൽ ഇത്തരം പ്രാദേശിക വിഷയങ്ങൾ ചർച്ച ചെയ്യേണ്ടതില്ലെന്നും അവർ വ്യക്തമാക്കി. വിഷയത്തിൽ വേണമെങ്കിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് കെ.സി. വേണുഗോപാലും അഭിപ്രായപ്പെട്ടു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR