Enter your Email Address to subscribe to our newsletters

Kollam, 25 മാര്ച്ച് (H.S.)
വിവാദങ്ങളിലൂടെയും ഡീൽ ആരോപണങ്ങളിലൂടെയും വോട്ടർമാരുടെ ശ്രദ്ധതിരിക്കാനുള്ള ഇടത്-വലത് മുന്നണികളുടെ ശ്രമം ഈ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ പോകുന്നില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജനങ്ങളുടെ പരാതികൾ പരിഹരിക്കുന്ന, വികസനം യാഥാർഥ്യമാക്കുന്ന ബദൽ മുന്നണിയായി വളർന്ന എൻ.ഡി.എയിൽ ജനങ്ങൾക്കുള്ള വിശ്വാസവും പ്രതീക്ഷയും ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. കേരള ചരിത്രത്തിലെ നിർണായക തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം പ്രസ് ക്ലബ്ബിന്റെ 'വോട്ടും വാക്കും' തെരഞ്ഞെടുപ്പ് സംവാദ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.
ഒരു മാറ്റത്തിന്റെ ഇലക്ഷനാണ് നടക്കുന്നത്. ഭരണത്തിൽ മാത്രമല്ല, ഭരണശൈലിയിലും മാറ്റം വരുന്നു. വികസന രാഷ്ട്രീയമാണ് ബി.ജെ.പി. മുൻപോട്ട് വെക്കുന്നത്. വിവാദങ്ങളിൽ നിന്നൊരു വികസനത്തിലേക്കുള്ള മാറ്റമാണ് ഞങ്ങൾ കാണുന്നതും പ്രവർത്തിക്കുന്നതും. ബി.ജെ.പി. ഭരണത്തിൽ വന്നാൽ സ്വർണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ മാത്രമല്ല, അതിന് പിന്നിലുള്ള എല്ലാവരെയും പുറത്തുകൊണ്ടുവരും; ഇത് നരേന്ദ്ര മോദിയുടെ ഗ്യാരന്റിയാണ്. ഉണ്ണികൃഷ്ണൻ പോറ്റി ഒരു ദല്ലാളാണ്. അയാളെ സംരക്ഷിക്കുന്നത് ആരാണെങ്കിലും ബി.ജെ.പി. അവരെ കണ്ടെത്തി ജയിലിലടക്കും, രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
'വീട്ടിൽ പോയി ചോദിക്കൂ' എന്നത് ജനാധിപത്യപരമല്ല
എല്ലാം ശരിയാകും എന്ന് വാഗ്ദാനം നൽകി ഭരണത്തിലേറിയ മുഖ്യമന്ത്രിയോട് ഒരു പൗരൻ കാര്യം ചോദിക്കുമ്പോൾ, 'വീട്ടിൽ പോയി ചോദിച്ചാൽ മതി' എന്ന മറുപടി നൽകുന്നത് ജനാധിപത്യപരമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം രീതികൾ പഴയ മാർക്സിസ്റ്റ് ചൈനയിൽ നടക്കുമായിരിക്കും, എന്നാൽ ഇവിടെ നടക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബി. ഗോപാലകൃഷ്ണന്റെ ഗുരുവായൂർ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. ഒരു മതത്തിനും എതിരെ നിൽക്കാൻ ബി.ജെ.പി. ഇല്ലെന്നും ആ വിഷയത്തിൽ നിയമപരമായ കാര്യങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് - സി.പി.എം. കൂട്ടുകെട്ട്
മത്സരം ബി.ജെ.പിയും കോൺഗ്രസും തമ്മിലല്ലെന്നും മറിച്ച് സി.പി.എമ്മും കോൺഗ്രസും തമ്മിലുള്ള കൂട്ടുകെട്ടാണെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പിയെ ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് ജനശ്രദ്ധ തിരിക്കാനാണ്. ബി.ജെ.പിക്കെതിരെയുള്ള ഡീൽ ആരോപണങ്ങൾ ഭയം കൊണ്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'നൂലിൽ കെട്ടിയിറക്കിയ രാഷ്ട്രീയ നേതാവ്' എന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്ക്കും ചന്ദ്രശേഖർ മറുപടി നൽകി. കുറെ നാളായി തനിക്കെതിരെ കോൺഗ്രസുകാർ നുണപ്രചാരണം നടത്തുകയാണെന്നും ഇത് അവരുടെ രാഷ്ട്രീയ തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു. തന്നെ ഭീഷണിപ്പെടുത്താൻ നോക്കേണ്ടെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR