ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ 2026-27 അന്താരാഷ്ട്ര ഹോം സീസണിൽ തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയവും വേദിയാകുന്നു
Hyderabad , 26 മാര്ച്ച് (H.S.) കേരളത്തിലെ ക്രിക്കറ്റ് ആരാധകർക്ക് ആവേശം പകർന്ന് ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ 2026-27 അന്താരാഷ്ട്ര ഹോം സീസണിൽ തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയവും വേദിയാകുന്നു. 2026 സെപ്റ്റംബർ 27-ന് ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസ
CRICKET


Hyderabad , 26 മാര്ച്ച് (H.S.)

കേരളത്തിലെ ക്രിക്കറ്റ് ആരാധകർക്ക് ആവേശം പകർന്ന് ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ 2026-27 അന്താരാഷ്ട്ര ഹോം സീസണിൽ തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയവും വേദിയാകുന്നു. 2026 സെപ്റ്റംബർ 27-ന് ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിലെ ഒന്നാം ഏകദിന മത്സരത്തിനാണ് അനന്തപുരി വേദിയാവുകയെന്ന് ബിസിസിഐ അറിയിച്ചു.

ടി20 ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഇന്ത്യയിൽ നടക്കുന്ന പ്രധാന മത്സരങ്ങളിൽ ഒന്നാണിതെന്ന പ്രത്യേകതയുമുണ്ട്. ഈ ഹോം സീസണിൽ വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, സിംബാബ്വെ, ഓസ്ട്രേലിയ എന്നീ നാല് പ്രമുഖ ടീമുകളാണ് ഇന്ത്യയിൽ പര്യടനം നടത്തുന്നത്. വിവിധ ഫോർമാറ്റുകളിലായി ആകെ 22 അന്താരാഷ്ട്ര മത്സരങ്ങളാണ് ഈ സീസണിൽ ഇന്ത്യയിലെ 17 നഗരങ്ങളിലായി ക്രമീകരിച്ചിരിക്കുന്നത്.

സീസണിന്റെ തുടക്കത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെയുള്ള മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിൽ തിരുവനന്തപുരത്തിന് (സെപ്റ്റംബർ 27) പുറമെ ഗുവാഹത്തി (സെപ്റ്റംബർ 30), ന്യൂ ചണ്ഡീഗഡ് (ഒക്ടോബർ 3) എന്നിവിടങ്ങളിലും മത്സരങ്ങൾ നടക്കും. ഇതിനുശേഷം ഒക്ടോബറിൽ നടക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ലഖ്നൗ, റാഞ്ചി, ഇൻഡോർ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്.

വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് ശേഷം 2026 ഡിസംബറിൽ ശ്രീലങ്കൻ ടീം ഇന്ത്യയിലെത്തും. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് ഈ പരമ്പരയിലുള്ളത്. ഏകദിന മത്സരങ്ങൾ ഡൽഹി, ബെംഗളൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിലും ടി20 മത്സരങ്ങൾ രാജ്കോട്ട്, കട്ടക്ക്, പൂനെ എന്നിവിടങ്ങളിലും നടക്കും.

പുതുവർഷത്തിന്റെ തുടക്കത്തിൽ 2027 ജനുവരിയിൽ സിംബാബ്വെ ടീം മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കായി ഇന്ത്യയിലെത്തും. കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ എന്നിവയാണ് ഈ മത്സരങ്ങളുടെ വേദികൾ. ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ബോർഡർ-ഗാവസ്കർ ട്രോഫിയോടെയാണ് 2026-27 ഹോം സീസൺ സമാപിക്കുന്നത്. ഓസ്ട്രേലിയയ്ക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 2027 ജനുവരി 21-ന് നാഗ്പൂരിൽ ആരംഭിക്കും.

ചെന്നൈ, ഗുവാഹത്തി, റാഞ്ചി, അഹമ്മദാബാദ് എന്നിവിടങ്ങളിലായി ബാക്കി ടെസ്റ്റ് മത്സരങ്ങൾ നടക്കും. ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ (2025-27) ഭാഗമായാണ് ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പര നടക്കുന്നത്. രാജ്യത്തെ വിവിധ നഗരങ്ങളിലെ ആരാധകർക്ക് മികച്ച അന്താരാഷ്ട്ര ക്രിക്കറ്റ് നേരിട്ട് ആസ്വദിക്കാനുള്ള വിപുലമായ സൗകര്യമാണ് ഈ സീസണിലൂടെ ബിസിസിഐ ഒരുക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News