സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്ച്ചയുമില്ല
Tehran , 26 മാര്ച്ച് (H.S.) പശ്ചിമേഷ്യയില് സമാധാനം ഉടനൊന്നും ഉണ്ടാകില്ലെന്ന സൂചനയുമായി ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. അമേരിക്കയുമായി സമാധാന ചര്ച്ചകള്ക്കില്ലെന്ന കര്ശന നിലപാടുമായി ഇറാന് വീണ്ടും രംഗത്തെത്തി. ഇതോടെ പശ്ചിമേഷ്യയില് യുദ്ധഭീത
Iran USA conflict


Tehran , 26 മാര്ച്ച് (H.S.)

പശ്ചിമേഷ്യയില് സമാധാനം ഉടനൊന്നും ഉണ്ടാകില്ലെന്ന സൂചനയുമായി ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി.

അമേരിക്കയുമായി സമാധാന ചര്ച്ചകള്ക്കില്ലെന്ന കര്ശന നിലപാടുമായി ഇറാന് വീണ്ടും രംഗത്തെത്തി. ഇതോടെ പശ്ചിമേഷ്യയില് യുദ്ധഭീതി കൂടുതല് ശക്തമായി. നിലവില് അമേരിക്കയുമായി യാതൊരു വിധ ചര്ച്ചകളും നടത്തുന്നില്ലെന്നും വരും ദിവസങ്ങളിലും ചര്ച്ചകള് നടത്താന് തങ്ങള്ക്ക് യാതൊരു പദ്ധതിയുമില്ലെന്നും ഇറാന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

ബുധനാഴ്ച ഇറാന് സ്റ്റേറ്റ് ടെലിവിഷന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പശ്ചിമേഷ്യയില് നടക്കുന്ന യുദ്ധം അവസാനിപ്പിക്കാന് അമേരിക്ക മുന്നോട്ടുവെച്ച സമാധാന പദ്ധതി പൂര്ണമായും തള്ളിക്കളഞ്ഞ ഇറാന്, ഇസ്രായേലിനും ഗള്ഫ് അറബ് രാജ്യങ്ങള്ക്കും നേരെയുള്ള ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തില് വലിയ തോതിലുള്ള നാശനഷ്ടം ഉണ്ടായതായാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്. ആള്നാശം ഉണ്ടായില്ലെങ്കിലും സാമ്പത്തികമായി വലിയ തിരിച്ചടിയാണ് ഗള്ഫ് രാജ്യങ്ങള് ഇത്തരം ആക്രമണങ്ങളിലൂടെ നേരിടുന്നത്. ഹോര്മുസ് കടലിടുക്കില് ഇന്ധന വിതരണം തടസപ്പെട്ടതോടെ ഇന്ത്യ, പാകിസ്ഥാന് അടക്കമുള്ള രാജ്യങ്ങള് കടുത്ത ഇന്ധന ക്ഷാമമാണ് നേരിടുന്നത്.

ഇസ്രായേല് ടെഹ്റാനില് വ്യോമാക്രമണം തുടരുന്ന സാഹചര്യത്തില് തങ്ങളുടെ നിലപാടില് മാറ്റമില്ലെന്നാണ് ഇറാന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടെ മേഖലയില് നിലയുറപ്പിച്ചിട്ടുള്ള അമേരിക്കന് സൈന്യം തങ്ങളുടെ ശക്തി വര്ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല് മറീനുകളെയും പാരാട്രൂപ്പുകളെയും വിന്യസിച്ചു കഴിഞ്ഞു. ഇതും ഇറാനെ പ്രകോപിപ്പിച്ചിട്ടുണ്ട്.

പാകിസ്ഥാന് വഴി അമേരിക്ക കൈമാറിയ 15 നിര്ദേശങ്ങള് അടങ്ങിയ ഒത്തുതീര്പ്പ് വ്യവസ്ഥകളില് ഇറാന്റെ ആണവ പദ്ധതികള് നിയന്ത്രിക്കുക, മിസൈല് പരീക്ഷണങ്ങളില് പരിധി നിശ്ചയിക്കുക, ഉപരോധങ്ങളില് ഇളവ് നല്കുക, എണ്ണക്കടത്തിന് പ്രധാനമായ ഹോര്മുസ് കടലിടുക്ക് തുറന്നുകൊടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉണ്ടായിരുന്നത്. എന്നാല് തങ്ങളുടെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമായ ബാലിസ്റ്റിക് മിസൈല് പദ്ധതിയെക്കുറിച്ചോ പ്രാദേശിക സായുധ സംഘങ്ങള്ക്കുള്ള പിന്തുണയെക്കുറിച്ചോ ചര്ച്ച നടത്താന് ഇറാന് തയ്യാറല്ലെന്ന് ഈജിപ്ഷ്യന് ഉദ്യോഗസ്ഥര് വ്യക്തമാക്കുന്നു.

ഇറാന് ചര്ച്ചകള് നിഷേധിക്കുമ്പോഴും വൈറ്റ് ഹൗസ് ഇതിന് വിരുദ്ധമായ പ്രസ്താവനയാണ് നടത്തുന്നത്. ഇറാനുമായി ചര്ച്ചകള് പുരോഗമിക്കുകയാണെന്നും അവ വളരെ ഫലപ്രദമാണെന്നുമാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന് ലീവിറ്റ് അവകാശപ്പെടുന്നത്. എന്നാല് ചര്ച്ചകള് പരാജയപ്പെട്ടാല് ഇറാന് ഇതുവരെ നേരിടാത്ത തരത്തിലുള്ള കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഹോര്മുസ് കടലിടുക്കിലെ നിയന്ത്രണങ്ങളും എണ്ണക്കടത്തിന് നേരെയുള്ള ആക്രമണങ്ങളും ആഗോള വിപണിയില് എണ്ണവില കുതിച്ചുയരാന് കാരണമായിട്ടുണ്ട്.

വിപണിയിലെ ഈ അസ്ഥിരത അമേരിക്കയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയര്ത്തുന്നത്. യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങള് തുടരുന്നുണ്ടെങ്കിലും ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത് മേഖലയെ കൂടുതല് പ്രക്ഷുബ്ധമാക്കുകയാണ്. യുദ്ധത്തില് ഇറാന് വലിയ നാശനഷ്ടങ്ങളാണ് സംഭവിക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News