Enter your Email Address to subscribe to our newsletters

Tehran, 26 മാര്ച്ച് (H.S.)
ന്യൂഡൽഹി/തെഹ്റാൻ: മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക സാന്നിധ്യത്തിന് കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ട് ഇറാന്റെ ശക്തമായ തിരിച്ചടി. ഇറാൻ നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണങ്ങളിൽ മേഖലയിലെ 13 യുഎസ് സൈനിക താവളങ്ങൾ പൂർണ്ണമായോ ഭാഗികമായോ തകർക്കപ്പെട്ടതായും ഇവ നിലവിൽ വാസയോഗ്യമല്ലാതായതായും പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ 'ന്യൂയോർക് ടൈംസ് റിപ്പോർട്ട് .
പ്രത്യാക്രമണത്തിന്റെ പശ്ചാത്തലം
കഴിഞ്ഞ ഫെബ്രുവരി 28-ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി, അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടതാണ് നിലവിലെ സംഘർഷങ്ങൾക്ക് ആക്കം കൂട്ടിയത്. ഇതിന് പ്രതികാരമായി 'തീവ്രമായ തിരിച്ചടി' നൽകുമെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് മിഡിൽ ഈസ്റ്റിലെ വിവിധ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ മിസൈലുകളും ചാവേർ ഡ്രോണുകളും വർഷിച്ചത്.
തകർന്നടിഞ്ഞ സൈനിക താവളങ്ങൾ
റിപ്പോർട്ടുകൾ പ്രകാരം കുവൈറ്റിലെ താവളങ്ങൾക്കാണ് ഏറ്റവും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിരിക്കുന്നത്. ഇറാന്റെ അതിർത്തിയോട് ചേർന്നു കിടക്കുന്ന പോർട്ട് ഷുഐബ (Port Shuaiba), അലി അൽ സലേം എയർബേസ് (Ali Al Salem Air Base), ക്യാമ്പ് ബ്യൂറിംഗ് (Camp Buehring) എന്നിവ ഇറാൻ ലക്ഷ്യം വെച്ചു. അതിതീവ്രമായ ആക്രമണത്തെത്തുടർന്ന് ഈ താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും റൺവേകളും ഇന്ധന പൈപ്പ് ലൈനുകളും പൂർണ്ണമായും തകർന്നു. ഖത്തർ, ബഹ്റൈൻ, സൗദി അറേബ്യ എന്നിവിടങ്ങളിലെ അമേരിക്കൻ ബന്ധമുള്ള താവളങ്ങൾക്കും നേരെ ആക്രമണമുണ്ടായി.
സൈനികർ താൽക്കാലിക ഷെൽട്ടറുകളിൽ
താവളങ്ങൾ വാസയോഗ്യമല്ലാതായതോടെ ആയിരക്കണക്കിന് യുഎസ് സൈനികരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായാണ് വിവരം. തകർക്കപ്പെട്ട ബേസുകളിൽ നിന്ന് സൈനികരെ ഹോട്ടലുകളിലേക്കും താൽക്കാലിക ഓഫീസുകളിലേക്കും മാറ്റാൻ വാഷിംഗ്ടൺ നിർബന്ധിതരായി. നിലവിൽ പലയിടങ്ങളിലും അമേരിക്ക 'റിമോട്ട് വാർഫെയർ' (Remote Warfare) രീതിയിലേക്ക് മാറിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വ്യോമ പ്രതിരോധ സംവിധാനങ്ങൾ പലതും തകർന്നതോടെ സൈനികരുടെ സുരക്ഷ വലിയ ഭീഷണിയിലാണ്.
അമേരിക്കയുടെയും ഇസ്രായേലിന്റെയും പിഴവ്
ഇറാന്റെ പ്രത്യാക്രമണ ശേഷിയെ അമേരിക്കയും ഇസ്രായേലും കുറച്ചുകാണിച്ചതാണ് ഇത്രയും വലിയ തകർച്ചയ്ക്ക് കാരണമായതെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു. ഇറാന്റെ കൃത്യതയാർന്ന മിസൈൽ സാങ്കേതികവിദ്യ അമേരിക്കൻ പ്രതിരോധ കവചങ്ങളെ ഭേദിച്ചുകൊണ്ട് തന്ത്രപ്രധാനമായ കേന്ദ്രങ്ങളിൽ പതിക്കുകയായിരുന്നു. സൈനിക താവളങ്ങൾക്ക് പുറമെ ഇന്ധന സംഭരണ ശാലകളെയും ഇറാൻ ലക്ഷ്യം വെച്ചിട്ടുണ്ട്.
മേഖലയിലെ ലോജിസ്റ്റിക് ശൃംഖലകൾ തടസ്സപ്പെട്ടത് അമേരിക്കൻ സൈന്യത്തിന്റെ നീക്കങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണ്. വർഷങ്ങൾക്കിടയിൽ യുഎസ് സൈനികർ നേരിടുന്ന ഏറ്റവും വലിയ സുരക്ഷാ ഭീഷണിയായാണ് ഇതിനെ കണക്കാക്കുന്നത്. ഇറാൻ-അമേരിക്ക സംഘർഷം ഒരു 'ദീർഘകാല യുദ്ധത്തിലേക്ക്' (Long War) നീങ്ങുകയാണെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ. വരും ദിവസങ്ങളിൽ അമേരിക്കയുടെ ഭാഗത്തുനിന്ന് എന്ത് പ്രതികരണമുണ്ടാകുമെന്നാണ് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്നത്.
---------------
Hindusthan Samachar / Roshith K