Enter your Email Address to subscribe to our newsletters

Alappuzha , 27 മാര്ച്ച് (H.S.)
കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ യുഡിഎഫ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. യുഡിഎഫ് നിയോജകമണ്ഡലം കൺവീനറും മുസ്ലിം ലീഗ് നേതാവുമായിരുന്ന ഇർഷാദ് ചക്കാലശേരിക്കെതിരെയാണ് നടപടി. സ്ഥാനാർഥി കായംകുളം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
സ്ത്രീത്വത്തെ അപമാനിക്കൽ, അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ഇർഷാദിനെതിരെ ചുമത്തിയത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു. ഒന്നിലധികം തവണ സമാനമായ കുറ്റകൃത്യങ്ങൾ ചെയ്തവർക്ക് ജാമ്യം അനുവദിക്കാനാകില്ല. എന്നാൽ പൊലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ ഇർഷാദിനെതിരെ മുമ്പ് ഇത്തരം പരാതികളില്ലെന്ന് കണ്ടെത്തി. തുടർന്നാണ് ഇന്നലെ രാത്രി വൈകി സ്റ്റേഷനിലെത്തിയ ഇർഷാദിന് ജാമ്യം അനുവദിച്ചത്.
പ്രചാരണത്തിൽ നിന്ന് ഒഴിവാക്കി
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലേക്ക് കടക്കവെയാണ് മുന്നണിയെ പ്രതിരോധത്തിലാക്കിയ വിവാദം ഉയർന്നത്. അധിക്ഷേപ പരാമർശം വിവാദമായതോടെ ഇർഷാദിനെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ നിന്ന് പൂർണമായി മാറ്റിനിർത്താൻ യുഡിഎഫ് നേതൃത്വം തീരുമാനിച്ചു.
മുന്നണിയുടെ പ്രതിച്ഛായയെ ബാധിക്കാതിരിക്കാനുള്ള മുൻകരുതലുകളുടെ ഭാഗമായാണ് അടിയന്തര നടപടിയെടുത്തത്. മാർച്ച് 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കായംകുളത്ത് നടന്ന യുഡിഎഫ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു ഇർഷാദ്. പ്രസംഗത്തിനിടെ എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ നടത്തിയ വ്യക്തിപരമായ പരാമർശങ്ങൾ വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചു. സമൂഹ മാധ്യമങ്ങളിലടക്കം ഇത് വ്യാപകമായി പ്രചരിച്ചതോടെയാണ് ഇടതുമുന്നണി നിയമനടപടിയിലേക്ക് കടന്നത്.
ഖേദപ്രകടനവുമായി ഇർഷാദ്
സംഭവത്തിന് പിന്നാലെ ഇർഷാദിനെ മുസ്ലിം ലീഗിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. വിവാദം രൂക്ഷമായതോടെ തൻ്റെ വാക്കുകളിൽ ഖേദം പ്രകടിപ്പിച്ച് ഇർഷാദ് രംഗത്തെത്തി. താൻ ഒരിക്കലും സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്നും പറഞ്ഞ കാര്യങ്ങളിൽ നിന്ന് ചില വാക്കുകൾ അടർത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. എങ്കിലും തൻ്റെ വാക്കുകൾ ആർക്കെങ്കിലും പ്രയാസമുണ്ടാക്കിയിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായി ഇർഷാദ് വ്യക്തമാക്കി.
കർശന നടപടിയുമായി കമ്മിഷൻ
കായംകുളം മണ്ഡലത്തിൽ ഇത്തവണ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. അതിനാൽ തന്നെ ഇത്തരം വിവാദങ്ങൾ വോട്ടർമാർക്കിടയിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് മുന്നണികൾ വിലയിരുത്തുന്നു. സ്ഥാനാർഥിക്കെതിരെ വ്യക്തിഹത്യ നടത്തിയെന്നാരോപിച്ച് ഇടതുമുന്നണി പ്രവർത്തകർ തെരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകിയിട്ടുണ്ട്. പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ഇത്തരം പരാതികളിൽ അന്വേഷണം വേഗത്തിലാക്കാൻ കമ്മിഷൻ്റെ കർശന നിർദേശമുണ്ട്.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും അധിക്ഷേപങ്ങളും തെരഞ്ഞെടുപ്പ് കാലത്ത് വലിയ ചർച്ചയാകുന്ന സാഹചര്യത്തിൽ പൊലീസും അതീവ ജാഗ്രതയിലാണ്. വരും ദിവസങ്ങളിൽ മണ്ഡലത്തിൽ കൂടുതൽ പ്രമുഖ നേതാക്കൾ പ്രചാരണത്തിനായി എത്തുന്നുണ്ട്. അതിനുമുമ്പ് തന്നെ വിവാദങ്ങൾ അവസാനിപ്പിക്കാനാണ് യുഡിഎഫ് നേതൃത്വം ശ്രമിക്കുന്നത്. സൈബർ ഇടങ്ങളിൽ ഉൾപ്പെടെ സ്ഥാനാർഥികൾക്കെതിരെ നടക്കുന്ന വ്യക്തിഹത്യകൾ തടയാൻ പൊലീസ് പ്രത്യേക നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR