നാല് വോട്ടിന് വേണ്ടി മുഖ്യമന്ത്രി ഭൂരിപക്ഷ- ന്യൂനപക്ഷ വര്ഗീയതകളെ മാറി മാറി പ്രോത്സാഹിക്കും; പ്രതിപക്ഷ നേതാവ്
Thiruvanathapuram, 27 മാര്‍ച്ച് (H.S.) നാല് വോട്ടിന് വേണ്ടി എന്ത് നിലപാടും സ്വീകരിക്കുന്ന ആളാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ പ്രീണനമായിരുന്നു. ന്യൂനപക്ഷങ്ങള്‍ തിരിച്ചടി കൊടുത്തപ്പ
V D Satheeshan


Thiruvanathapuram, 27 മാര്‍ച്ച് (H.S.)

നാല് വോട്ടിന് വേണ്ടി എന്ത് നിലപാടും സ്വീകരിക്കുന്ന ആളാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ പ്രീണനമായിരുന്നു. ന്യൂനപക്ഷങ്ങള്‍ തിരിച്ചടി കൊടുത്തപ്പോള്‍ ഭൂരിപക്ഷ പ്രീണനമായി. പറയുന്നത് മാറ്റി മാറ്റി പറയുന്ന ആളാണ് പിണറായി. ജമാഅത്തെ ഇസ്ലാമിയെ സ്വാഗതം ചെയ്തിട്ട് മാധ്യമങ്ങളോട് ഒരു ബന്ധവും ഇല്ലെന്ന നുണ പറഞ്ഞതും പിണറായി വിജയനാണ്. പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ ജമാ അത്തെ ഇസ്ലാമിയെ സ്വാഗതം ചെയ്തിന്റെ വീഡിയോ ക്ലിപ് പുറത്ത് വിട്ടപ്പോഴാണ് നിലപാട് മാറ്റിയത്. ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ദേശാഭിമാനിയുടെ എഡിറ്റോറിയലുമുണ്ട്. എന്നിട്ടും മുഖ്യമന്ത്രി നുണ പറഞ്ഞുകൊണ്ടിരിക്കുകയാണ്. ശബരിമല യുവതി പ്രവേശനത്തില്‍ നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റില്ലെന്ന് പറഞ്ഞതാണ്. പിന്നീട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ എല്ലാ വീടുകളില്‍ കയറി സി.പി.എം മാപ്പ് ചോദിച്ചില്ലേ? ശബരിമല സ്വര്‍ണക്കേസില്‍ സി.പി.എമ്മുകാര്‍ ജയിലില്‍ കിടന്നിട്ടും അവര്‍ക്കെതിരെ നടപടി എടുക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടായോ. കൊള്ളക്കാരെയും കവര്‍ച്ചക്കാരെയുമാണ് മുഖ്യമന്ത്രി സംരക്ഷിക്കുന്നത്. രാഹുല്‍ ഗാന്ധിയെ 55 മണിക്കൂര്‍ ഇ.ഡി ചോദ്യം ചെയ്തു. പക്ഷെ മുഖ്യമന്ത്രിയുടെ മകന് സമന്‍സ് മാത്രമെ വന്നുള്ളൂ. അത് പിന്നീട് എവിടെ പോയെന്ന് ആര്‍ക്കും അറിയില്ലെന്നും സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രി ഇട്ടിരിക്കുന്ന പടത്തിന് പിന്നില്‍ 'മുന്നണി രാഷ്ട്രീയവും മതവാദവും' എന്ന സംവാദത്തിന്റെ ബോര്‍ഡുണ്ട്. അവിടെ പോയി ഞാന്‍ കോണ്‍ഗ്രസിന്റെ അഭിപ്രായമാണ് പറഞ്ഞത്. പണ്ട് സി.പി.എമ്മിന്റെയും സി.പി.ഐയുടെയും ഉള്‍പ്പെടെ എല്ലാവരുടെ വേദികളിലും എല്ലാവരും സംവാദത്തിനും സെമിനാറിനും പോകുമായിരുന്നു. അവിടെ പോയി കോണ്‍ഗ്രസിന്റെ അഭിപ്രായം പറയുന്നത് ആര്‍.എസ്.എസിനെ പുകഴ്ത്തലാകുന്നത് എങ്ങനെയാണ്? കെ.വി തോമസ് കോണ്‍ഗ്രസിലായിരിക്കുമ്പോള്‍ കണ്ണൂരിലെ സി.പി.എം സമ്മേളനത്തിലേക്ക് വിളിച്ചിട്ടില്ലേ. പറവൂര്‍ ഇ.എം.എസ് സാംസ്‌കാരിക കേന്ദ്രത്തിന്റെ പരിപാടിയിലേക്ക് പണ്ട് സി.പി.എം വിളിക്കുമായിരുന്നു. ഇപ്പോള്‍ ആരും അങ്ങോട്ടും ഇങ്ങോട്ടും വിളിക്കാറില്ല. ഒരു സംവാദത്തില്‍ പങ്കെടുത്താല്‍ എന്താണ് കുഴപ്പം? ഞാന്‍ പിണറായി വിജയനെ പോലെ ആര്‍.എസ്.എസിന്റെ പിന്തുണയില്‍ ജയിച്ചു വന്ന ആളല്ല. ആര്‍.എസ്.എസിന് ഒപ്പം നിന്ന് മത്സരിച്ച ആളാണ് പിണറായി വിജയന്‍. മാസ്‌കറ്റ് ഹോട്ടലില്‍ ഒന്നാം നമ്പര്‍ കാര്‍ മാറി വന്ന് അടച്ചിട്ട മുറിയില്‍ ശ്രീ. എമ്മിന്റെ മധ്യസ്ഥതയില്‍ ആര്‍.എസ്.എസുമായി കൂടിക്കാഴ്ച നടത്തിയില്ലേയെന്ന് നിയമസഭയില്‍ മുഖത്ത് നോക്കി ചോദിച്ചപ്പോള്‍ തല കുനിച്ചിരുന്ന ആളാണ് പിണറായി വിജയന്‍. ഇപ്പോഴും അതിന് മറുപടി പറഞ്ഞിട്ടില്ല. തൃശൂരില്‍ ഞാന്‍ പ്രകാശനം ചെയ്ത പി. പരമേശ്വരന്റെ പുസ്തകം തിരുവനന്തപുരത്ത് വി.എസ് അച്യുതാനന്ദനാണ് പ്രകാശനം ചെയ്തത്. എം.പി വീരേന്ദ്രകുമാര്‍ ക്ഷണിച്ചിട്ടാണ് ഞാന്‍ ആ പരിപാടിക്ക് പോയ്ത്. വി.എസ് തിരുവനന്തപുരത്ത് പ്രകാശനം ചെയ്ത പുസ്തകം വി.ഡി സതീശന്‍ തൃശൂരില്‍ പ്രകാശനം ചെയ്യാന്‍ പാടില്ലേ? മുഖ്യമന്ത്രി ഒരു കാര്യം പറഞ്ഞപ്പോള്‍ പഴയ പല കാര്യങ്ങളും ഓര്‍മ്മിപ്പിക്കാന്‍ പറ്റി. ആര്‍.വി ബാബു എന്നയാള്‍ കോണ്‍ഗ്രസ് വിരോധിയാണ്. ഒരു തട്ടിപ്പു കേസില്‍ പെട്ടിട്ട് പറവൂരില്‍ വന്ന് താമസിക്കുന്ന ആളാണ്. അക്കാര്യം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുറത്ത് കൊണ്ടു വന്നതിന്റെ വിദ്വേഷം തീര്‍ക്കാനാണ് ഓരോന്ന് പറയുന്നതെന്നും സതീശന്‍ ആരോപിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News