നിയമസഭ തെരഞ്ഞെടുപ്പ്, സമ്മതിദായക ബോധവൽക്കരണ പരിപാടികൾക്ക് തുടക്കം
Kolkata 28 മാര്ച്ച് (H.S.) അസം, കേരളം, പുതുച്ചേരി, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാരുടെയും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരുടെയും
Vote


Kolkata 28 മാര്ച്ച് (H.S.)

അസം, കേരളം, പുതുച്ചേരി, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാരുടെയും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരുടെയും സഹകരണത്തോടെ സംസ്ഥാനവ്യാപക സമ്മതിദായക ബോധവൽക്കരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. ജനാധിപത്യത്തിന്റെ ഉത്സവത്തെ സന്തോഷകരവും സമാധാനപരവുമായ അന്തരീക്ഷത്തിൽ ആഘോഷിക്കുകയാണ് ഈ പ്രവർത്തനങ്ങളുടെ ലക്ഷ്യം.

ഇതിന്റെ ഭാഗമായി പശ്ചിമ ബംഗാളിലെ ഹൗറയിൽ ഇന്ന് വിപുലമായ 'സ്വീപ്' (സിസ്റ്റമാറ്റിക് വോട്ടര് എജ്യുക്കേഷന് ആന്ഡ് ഇലക്ടോറല് പാര്ട്ടിസിപ്പേഷന്) പരിപാടികൾ സംഘടിപ്പിച്ചു. പശ്ചിമ ബംഗാളിലെ എല്ലാ ജില്ലകളിലും സമാനമായ പ്രവര്ത്തനങ്ങള് നടന്നുവരുന്നുണ്ട്. സ്വതന്ത്രവും നിഷ്പക്ഷവുമായി ഉത്സവപ്രതീതിയോടെ സജീവമായി വോട്ടെടുപ്പിൽ പങ്കെടുക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ഈ പരിപാടികളിലൂടെ ലക്ഷ്യമിടുന്നത്.

. ഹൗറ ജില്ലയിൽ സംഘടിപ്പിച്ച പരിപാടിയിൽ സ്കൂൾ-കോളജ് വിദ്യാർത്ഥികൾ, കന്നിവോട്ടർമാർ, യുവജനങ്ങള് എന്നിവര്ക്കൊപ്പം തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരും പങ്കെടുത്ത സൈക്ലത്തോൺ ശ്രദ്ധേയമായി. രാവിലെ 7 ന് ഹൗറ ബ്രിഡ്ജ് ചെക്ക് പോസ്റ്റിൽ നിന്ന് ആരംഭിച്ച് റെയിൽ മ്യൂസിയം വഴി രാമകൃഷ്ണപൂർ ഫെറി ഘട്ടിൽ സമാപിച്ച റാലിയിൽ നിരവധി പേരാണ് പങ്കെടുത്തത്. തുടർന്ന് സംഘടിപ്പിച്ച സാംസ്കാരിക പരിപാടികളിൽ നാടൻ പാട്ടുകള്, നൃത്തം, നാടകം എന്നിവയിലൂടെ സമ്മതിദാനത്തിന്റെ പ്രാധാന്യവും തിരഞ്ഞെടുപ്പിന്റെ ആവേശവും ജനങ്ങളിലെത്തിച്ചു. വോട്ടർ ബോധവൽക്കരണ ബോട്ട് സർവീസ് ഉൾപ്പെടെ മറ്റ് സ്വീപ് പദ്ധതികൾക്കും തുടക്കമായി.

.യുവജനങ്ങളെയും കന്നിവോട്ടർമാരെയും ആകർഷിക്കാന് പ്രശസ്ത ആനിമേഷൻ കഥാപാത്രങ്ങളായ ഛോട്ടാ ഭീമും ചുട്കിയും പരിപാടിയുടെ ഭാഗമായത് പ്രത്യേക ശ്രദ്ധയാകർഷിച്ചു.

.സ്വന്തം വോട്ടെടുപ്പ് കേന്ദ്രങ്ങളും വോട്ടെടുപ്പ് ദിവസത്തെ സമയക്രമവും തുടങ്ങി അവശ്യ വിവരങ്ങൾ കണ്ടത്തുന്നതെങ്ങനെയെന്ന് വോട്ടർമാരെ അറിയിക്കുകയാണ് ഈ പദ്ധതികളുടെ ലക്ഷ്യം. നഗരപ്രദേശങ്ങളിലെ വോട്ടർമാരുടെയും സ്ത്രീകൾ, ഭിന്നശേഷിക്കാർ, യുവജനങ്ങള്, കന്നിവോട്ടർമാർ എന്നിവരുടെയും പങ്കാളിത്തം വർധിപ്പിക്കാനും ഈ പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നു.

.കാളിഘട്ട് പെയിന്റിങ്, പട്ടചിത്ര കല, ചൗ നൃത്തം, ബംഗാളി യാത്രാ നാടകം, ബാവുൾ സംഗീതം തുടങ്ങി പശ്ചിമ ബംഗാളിന്റെ സാംസ്കാരിക പൈതൃകവും വോട്ടർ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

. തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ ലളിതമാക്കാനും സുതാര്യത ഉറപ്പാക്കാനും കമ്മീഷൻ നടപ്പാക്കിയ മൊബൈൽ ഡെപ്പോസിറ്റ് സൗകര്യം, ഇസിഐ-നെറ്റ് ആപ്പ്, 100 ശതമാനം വെബ്കാസ്റ്റിങ്, മെച്ചപ്പെടുത്തിയ വോട്ടർ ഇൻഫർമേഷൻ സ്ലിപ്പുകൾ തുടങ്ങിയ നടപടികളെക്കുറിച്ചും ഈ പരിപാടികളിലൂടെ വോട്ടർമാര്ക്ക് അവബോധം നല്കും.

.കോളജുകളിലെയും സർവകലാശാലകളിലെയും തിരഞ്ഞെടുപ്പ് സാക്ഷരത ക്ലബ്ബുകൾ വഴി വിദ്യാർത്ഥികൾക്കിടയിൽ അവബോധം വളർത്തും. കൂടാതെ യുവജനങ്ങളെ ആകർഷിക്കാന് സമൂഹമാധ്യമ പ്രചാരണ പരിപാടികളും സജീവമാക്കും.

.ഈ പ്രവർത്തനങ്ങളില് സർക്കാർ വകുപ്പുകളുടെയും കോർപ്പറേറ്റ് സ്ഥാപനങ്ങളുടെയും സഹകരണവും ഉറപ്പാക്കിയിട്ടുണ്ട്.

.ഭയരഹിതവും പ്രലോഭനങ്ങളില്ലാത്തതുമായ വോട്ടെടുപ്പ് ഉറപ്പാക്കുകയാണ് ഇത്തരം പ്രവർത്തനങ്ങളുടെ ആത്യന്തിക ലക്ഷ്യം. “തിരഞ്ഞെടുപ്പ് മഹോത്സവം, പശ്ചിമ ബംഗാളിന്റെ പെരുമ” എന്ന പ്രമേയത്തിലൂന്നിയാണ് പശ്ചിമ ബംഗാളിൽ സ്വീപ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News