ടൃണമൂലിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയം സിലിഗുരി ഇടനാഴിയുടെ സുരക്ഷയ്ക്ക് ഭീഷണി; മമതയ്ക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ
Kolkota, 28 മാര്ച്ച് (H.S.) കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മമത ബാനർജി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) വോട്ട് ബാങ്ക് രാഷ്ട്രീയം തന്ത്രപ്രധാനമായ സിലിഗുരി ഇടനാഴിയുടെ (ചിക്കൻസ് നെക്ക്) സുരക്
ടൃണമൂലിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയം സിലിഗുരി ഇടനാഴിയുടെ സുരക്ഷയ്ക്ക് ഭീഷണി; മമതയ്ക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ


Kolkota, 28 മാര്ച്ച് (H.S.)

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മമത ബാനർജി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) വോട്ട് ബാങ്ക് രാഷ്ട്രീയം തന്ത്രപ്രധാനമായ സിലിഗുരി ഇടനാഴിയുടെ (ചിക്കൻസ് നെക്ക്) സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് അദ്ദേഹം ആരോപിച്ചു. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കൊൽക്കത്തയിൽ മമത സർക്കാരിനെതിരായ 'കുറ്റപത്രം' പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ സുരക്ഷയും നുഴഞ്ഞുകയറ്റവും

ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന സിലിഗുരി ഇടനാഴിയുടെ സുരക്ഷയിൽ സർക്കാർ ഗുരുതരമായ വിട്ടുവീഴ്ചകൾ ചെയ്യുന്നുവെന്ന് അമിത് ഷാ പറഞ്ഞു. മമത ബാനർജിയുടെ ഭരണത്തിൻ കീഴിൽ സംസ്ഥാനത്തെ ക്രമസമാധാന നില പൂർണ്ണമായും തകർന്നു. രാജ്യത്തുടനീളം അശാന്തി സൃഷ്ടിക്കാൻ നുഴഞ്ഞുകയറ്റക്കാർ പ്രവേശിക്കുന്ന ഏക സംസ്ഥാനമായി ബംഗാൾ മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നുഴഞ്ഞുകയറ്റം ദേശീയ സുരക്ഷയെ ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമാണ്. ഇത് രാജ്യത്തിന്റെ സുരക്ഷയെ മാത്രമല്ല, നമ്മുടെ പാവപ്പെട്ട തൊഴിലാളികളുടെ തൊഴിലിനെയും ബാധിക്കുന്നു. ഇത്രയധികം നുഴഞ്ഞുകയറ്റക്കാർ വരുമ്പോൾ മമത സർക്കാർ ഉറക്കത്തിലാണോ? അമിത് ഷാ ചോദിച്ചു.

അഴിമതിയും രാഷ്ട്രീയ അക്രമവും

ബംഗാളിനെ അഴിമതിയുടെ പരീക്ഷണശാലയാക്കി തൃണമൂൽ കോൺഗ്രസ് മാറ്റിയെന്ന് അമിത് ഷാ ആരോപിച്ചു. രാഷ്ട്രീയ അക്രമങ്ങളെ തിരഞ്ഞെടുപ്പ് ജയിക്കാനുള്ള ആയുധമായാണ് മുഖ്യമന്ത്രി ഉപയോഗിക്കുന്നത്. മമത ബാനർജി എപ്പോഴും 'വിക്ടിം കാർഡ്' (ഇരവാദം) കളിക്കാനാണ് ശ്രമിക്കുന്നത്. ചിലപ്പോൾ കാൽ ഒടിയുന്നു, മറ്റു ചിലപ്പോൾ തലയിൽ കെട്ടുമായി വരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളെ അധിക്ഷേപിക്കുന്നത് ഇന്ത്യൻ സംസ്കാരത്തിന് ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ ഇപ്പോൾ ഈ നാടകങ്ങളെല്ലാം തിരിച്ചറിഞ്ഞു കഴിഞ്ഞു.

ബിജെപിയുടെ വാഗ്ദാനങ്ങൾ

മെയ് 6-ന് ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വരുമെന്ന് അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സർക്കാർ രൂപീകരിച്ച് 45 ദിവസത്തിനുള്ളിൽ അതിർത്തികളിൽ വേലി കെട്ടുന്നതുൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി നുഴഞ്ഞുകയറ്റം പൂർണ്ണമായും തടയുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. പശ്ചിമ ബംഗാളിലെ ഈ തിരഞ്ഞെടുപ്പ് വെറുമൊരു സംസ്ഥാന ഭരണമാറ്റമല്ല, മറിച്ച് രാജ്യത്തിന്റെ സുരക്ഷയ്ക്ക് നിർണ്ണായകമായ ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബംഗാളിൽ ഏപ്രിൽ 23, 29 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 4-ന് വോട്ടെണ്ണൽ നടക്കും. തിരഞ്ഞെടുപ്പ് ചൂടിലേക്ക് സംസ്ഥാനം നീങ്ങുമ്പോൾ ബിജെപിയും ടിഎംസിയും തമ്മിലുള്ള പോരാട്ടം കടുക്കുമെന്നുറപ്പാണ്.

---------------

Hindusthan Samachar / Roshith K


Latest News