Enter your Email Address to subscribe to our newsletters

Andhra pradesh, 28 മാര്‍ച്ച് (H.S.)
ആന്ധ്രാപ്രദേശിന്റെ ഏക തലസ്ഥാനം അമരാവതിയാണെന്ന പ്രമേയം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിയമസഭയില്‍ അവതരിപ്പിച്ചു. 2014-ലെ ആന്ധ്ര പുനഃസംഘടനാ നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രമേയം പാസാക്കിയത്. ഈ പ്രമേയം ഇനി കേന്ദ്ര സര്‍ക്കാരിന് അയക്കും.
പാര്‍ലമെന്റില്‍ നിന്ന് അംഗീകാരം ലഭിക്കുന്നതോടെ അമരാവതി ആന്ധ്രാപ്രദേശിന്റെ ഔദ്യോഗിക തലസ്ഥാനമായി മാറും. കേന്ദ്ര സര്‍ക്കാരിന് ഇന്ന് തന്നെ പ്രമേയം അയക്കുമെന്ന് തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) ജനറല്‍ സെക്രട്ടറിയും മാനവ വിഭവശേഷി വികസന മന്ത്രിയുമായ നാര ലോകേഷ് പറഞ്ഞു.
ഏപ്രില്‍ ഒന്നിന് കേന്ദ്ര മന്ത്രിസഭ ഈ ഭേദഗതി പരിഗണിക്കും. തുടര്‍ന്ന് ഏപ്രില്‍ രണ്ടിന് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കുമെന്നും നാര ലോകേഷ് വ്യക്തമാക്കി. തലസ്ഥാനവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും ശേഷമാണ് അമരാവതി ആന്ധ്രപ്രദേശിന്റെ ഏക തലസ്ഥാനമാകുന്നത്.
'ആന്ധ്രാപ്രദേശ് സംസ്ഥാനത്തിന് പുതിയൊരു തലസ്ഥാനം ഉണ്ടാകും' എന്ന് സെക്ഷന്‍ 5(2) ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിനോട് സംസ്ഥാനം അഭ്യര്‍ത്ഥിക്കും. 2014-ലെ ആന്ധ്രാപ്രദേശ് തലസ്ഥാന മേഖല വികസന നിയമം പ്രകാരം വിജ്ഞാപനം ചെയ്ത പ്രദേശമായി അമരാവതിയുടെ നിര്‍വ്വചനവും ഭേദഗതിയില്‍ ഉള്‍പ്പെടുത്തും.
'ഞാന്‍ ഒരു കാര്യം മാത്രമേ പറയുന്നുള്ളൂ. ആന്ധ്രയ്ക്ക് ഒരു തലസ്ഥാനമേയുള്ളൂ, അതാണ് അമരാവതി. ഇതായിരിക്കും ഇനി നമ്മുടെ തലസ്ഥാനം. ഇതില്‍ ആര്‍ക്കും തൊടാന്‍ കഴിയില്ല,' ചര്‍ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു.
ഏകദേശം 64,000 കോടി രൂപ ചെലവിലാണ് അമരാവതി തലസ്ഥാന പദ്ധതി നടപ്പിലാക്കുക. ആന്ധ്രാപ്രദേശ് തലസ്ഥാന മേഖല വികസന അതോറിറ്റിക്കാണ് (APCRDA) പദ്ധതിയുടെ നിര്‍വ്വഹണ ചുമതല. അമരാവതിയെ അത്യാധുനിക തലസ്ഥാന നഗരമായി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചത്.
ഗരത്തിന്റെ മധ്യഭാഗത്തുള്ള സ്ഥാനം, മികച്ച യാത്രാസൗകര്യങ്ങള്‍, അത്യാധുനികവും സുസ്ഥിരവുമായ നഗരമായി വികസിപ്പിക്കാനുള്ള സാധ്യതകള്‍ എന്നിവ കണക്കിലെടുത്താണ് അമരാവതിയെ തലസ്ഥാനമായി തിരഞ്ഞെടുത്തത്. നിലവിലുള്ള നഗരങ്ങളെ പരിഷ്‌കരിക്കുന്നതിന് പകരം പുതിയൊരു സ്ഥലത്ത് ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കെട്ടിപ്പടുക്കാനുള്ള അപൂര്‍വ്വ അവസരമായാണ് ഈ പദ്ധതിയെ സര്‍ക്കാര്‍ കാണുന്നത്. അമരാവതിക്ക് ആന്ധ്രാപ്രദേശിന്റെ ഏക തലസ്ഥാനമെന്ന നിയമസാധുത ഉറപ്പാക്കുന്നതിനായി പാര്‍ലമെന്റില്‍ പ്രത്യേക ബില്‍ പാസാക്കുകയാണ് തന്റെ പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യക്തമാക്കിയിരുന്നു.
---------------
Hindusthan Samachar / Sreejith S