Enter your Email Address to subscribe to our newsletters

New delhi, 28 മാര്‍ച്ച് (H.S.)
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് പങ്കെടുത്തില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മോദിയും ട്രംപും നടത്തിയ സംഭാഷണത്തില്‍ ഇലോണ്‍ മസ്‌ക് പങ്കെടുത്തതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്.
ഔദ്യോഗിക പ്രസ്താവനകളിലോ ബ്രീഫിംഗിലോ ഇലോണ്‍ മസ്‌കിന്റെ സാന്നിധ്യത്തെക്കുറിച്ച് യുഎസോ ഇന്ത്യന്‍ സര്‍ക്കാരോ പരാമര്‍ശിച്ചിട്ടില്ല. മാര്‍ച്ച് 24-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ ടെലിഫോണ്‍ സംഭാഷണം നടന്നതെന്നും പശ്ചിമേഷ്യയിലെ സ്ഥിതിഗതികളെക്കുറിച്ചാണ് ഇരുവരും ചര്‍ച്ച ചെയ്തതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മസ്‌കിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക്, പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി മോദിയും തമ്മില്‍ മികച്ച ബന്ധമാണുള്ളതെന്നും ഫലപ്രദമായ സംഭാഷണമാണ് നടന്നതെന്നുമായിരുന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പിടിഐയോട് പ്രതികരിച്ചത്.
മസ്‌ക് സംഭാഷണത്തില്‍ പങ്കുചേര്‍ന്നുവെന്ന ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ അത് എന്തിനായിരുന്നു എന്ന കാര്യത്തില്‍ വ്യക്തതയില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് ജീവനക്കാരെ കുറയ്ക്കാനുള്ള നീക്കത്തിനെതിരെ മസ്‌ക് വിയോജിപ്പ് പ്രകടിപ്പിച്ചത് നേരത്തെ വിവാദമായിരുന്നു. ഇതിനുശേഷം നടന്ന ടെലിഫോണ്‍ സംഭാഷണത്തിലെ മസ്‌കിന്റെ സാന്നിധ്യം ട്രംപുമായുള്ള അദ്ദേഹത്തിന്റെ ബന്ധം മെച്ചപ്പെട്ടതിന്റെ സൂചനയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഇറാനെതിരായ ഇസ്രായേലിന്റെയും യുഎസിന്റെയും സൈനിക ആക്രമണങ്ങള്‍ ആരംഭിച്ചതിന് ശേഷം ട്രംപുമായി പ്രധാനമന്ത്രി മോദി നടത്തുന്ന ആദ്യ ചര്‍ച്ചയാണിത്. പശ്ചിമേഷ്യന്‍പ്രതിസന്ധിയിലും മേഖലയിലെ യുദ്ധസാഹചര്യങ്ങളിലുമാണ് ഫോണ്‍ സംഭാഷണം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രത്യേകിച്ച്, ഇറാനിയന്‍ സൈന്യം പ്രധാന കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ചരക്ക് ഗതാഗതം വഷളാകാന്‍ സാധ്യതയുണ്ട്. ഇത് എണ്ണ-വാതക വിതരണത്തെ ബാധിക്കുകയും ആഗോള ഊര്‍ജ്ജ വില ഉയരാന്‍ ഇടയാക്കുകയും ചെയ്യും.
സംഭാഷണത്തിനിടെ ഹോര്‍മുസ് കടലിടുക്കിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി മോദി സംസാരിച്ചു. ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും സാമ്പത്തിക ക്ഷേമത്തിനും ഇത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതവും സുഗമവുമായ ജലപാതയാണെന്ന് ഉറപ്പാക്കേണ്ടത് ലോകത്തിന്റെ ആവശ്യമാണെന്നും സമാധാനത്തിനായി ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇറാനുമായും ഇസ്രായേലുമായും ഒരേപോലെ നല്ല ബന്ധം പുലര്‍ത്തുന്ന ചുരുക്കം രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. അതിനാല്‍ തന്നെ മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഇന്ത്യയ്ക്ക് മധ്യസ്ഥത വഹിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും ചര്‍ച്ചയിലുണ്ടായതായാണ് സൂചന.
---------------
Hindusthan Samachar / Sreejith S