Enter your Email Address to subscribe to our newsletters

Kochi , 29 മാര്ച്ച് (H.S.)
ബിജെപിക്കും നരേന്ദ്ര മോദിക്കും എതിരെ എന്തെങ്കിലുമൊരു വിമര്ശനം ഉന്നയിക്കാന് പിണറായി വിജയന് ധൈര്യമുണ്ടോയെന്നും വേദനിക്കരുതെന്ന ആഗ്രഹത്തോടെ ശ്രീകൃഷ്ണനെ മയില്പ്പീലി കൊണ്ട് അടിച്ചിരുന്ന യശോദയെപ്പോലെയാണ് പിണറായി വിജയന് ഇവര്ക്കെതിരെ മയില്പ്പീലിത്തല്ല് പോലെ എന്തെങ്കിലും പറയുന്നതെന്നും എഐസിസി ജനറല് സെക്രട്ടറി കെ.സി.വേണുഗോപാല് എംപി.
തിരഞ്ഞെടുപ്പ് ഡീല് സംബന്ധിച്ച് മുഖ്യമന്ത്രി കള്ളക്കളി നടത്തുകയാണ്. ട്വന്റി ട്വന്റി എന്ന ഇടനിലക്കാര് മുഖേന ബിജെപിയുമായി ഒത്തുകളിക്കുകയാണ്.ഞങ്ങള് കൃത്യമായ ഗ്യാരണ്ടികളുമായാണ് ജനങ്ങളുടെ അടുത്ത് പോകുന്നത്. യുഡിഎഫ് ജയിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ട് മുഖ്യമന്ത്രി അങ്കലാപ്പിലാണ്.മുഖ്യമന്ത്രിക്കെതിരെ താന് ഉന്നയിച്ച ആരോപണങ്ങള്ക്ക് മുഖ്യമന്ത്രി എന്തുകൊണ്ട് മറുപടി പറയുന്നില്ല? ക്ലാസിഫിക്കേഷന് ഇല്ലാത്ത ബാറുകള്ക്ക് ലൈസന്സ് അനുവദിക്കാന് മുഖ്യമന്തിയുടെ അറിവോടെ കോടികളാണ് കോഴ വാങ്ങിയിരിക്കുന്നത് . ഇന്നലെ രമേശ് ചെന്നിത്തലയും പുതിയ അഴിമതി ആരോപണം ഉന്നയിച്ചിരിക്കുകയാണ്. ഇതിനെല്ലാം മുഖ്യമന്ത്രി മറുപടി പറയട്ടെ. പത്രക്കാര് ചോദ്യം ചോദിക്കുമ്പോള് മുഖ്യമന്ത്രിയുടെ സമീപനം എന്താണെന്ന് എല്ലാവരും വ്യക്തമായി അറിഞ്ഞല്ലോ ? ചോദ്യം ചോദിക്കുന്നവരോട് മുഖ്യമന്ത്രിക്കുള്ള അസഹിഷ്ണുതയ്ക്ക് കാരണവും ഈ പരാജയഭീതി തന്നെ.പാര്ട്ടിക്കാര് ചോദ്യം ചോദിച്ചാല് വീട്ടില് പോയി ചോദിക്കാന് മുഖ്യമന്ത്രി പറയും.
സിപിഎമ്മും ബിജെപിയും തമ്മില് ഡീലുണ്ടെന്ന് വ്യക്തമായ തെളിവ് സഹിതമാണ് ഞങ്ങള് ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് യുഡിഎഫിനെതിരെ വ്യാജ ആരോപണങ്ങള് ഉന്നയിക്കുകയാണ്.വര്ഗീയ സംഘടനകളുമായൊന്നും യുഡിഎഫിന് ചങ്ങാത്തമില്ല. തിരഞ്ഞെടുപ്പില് വോട്ട് ആര് തന്നാലും സ്വീകരിക്കും. ഒരു സ്ഥാനാര്ത്ഥിക്ക് ആര് വോട്ട് തന്നാലും വേണ്ടെന്ന് പറയില്ല.കൃത്യമായ നിലപാടുകളുമായാണ് യുഡിഎഫ് തിരഞ്ഞെടുപ്പില് മത്സരിക്കുന്നത്. സിപിഎം - ബിജെപി ഡീല് അണികള്ക്ക് വ്യക്തമായിക്കഴിഞ്ഞു. അത് പുറത്തുവന്നപ്പോള് മുഖ്യമന്ത്രി തങ്ങള്ക്കെതിരെ കളവായ ആരോപണങ്ങള് ഉന്നയിക്കുകയാണ്. എസ്ഡിപിഐയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിക്കുമ്പോള് മുഖ്യമന്ത്രിയാണ് കള്ളക്കളി കാണിക്കുന്നത്.
സിപിഎമ്മും ബിജെപിയും സ്പോണ്സര് ചെയ്തതാണ് തനിക്കെതിരായ ആരോപണമാണെന്നും കെ.സി.വേണുഗോപാല് പറഞ്ഞു. അത് സംബന്ധിച്ച് താന് കൃത്യമായ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. പിണറായിയുടെ കീഴിലുള്ള ഡിജിപിക്കും പരാതി കിട്ടിയിട്ടുണ്ടല്ലോ. അവര് അന്വേഷിക്കട്ടെ. തനിക്ക് ഒരന്വേഷണത്തെയും പേടിയില്ല. കാരണം തന്റെ മടിയില് കനമില്ല.
കഴിഞ്ഞ 10 കൊല്ലമായി അഴിമതിയുടെയും ധൂര്ത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും പര്യായമായി മാറി ജനങ്ങളെ വേട്ടയാടുന്ന മുഖ്യമന്ത്രിയോട് ജനങ്ങള് ദേഷ്യം കാണിക്കുന്നതിലുള്ള അസഹിഷ്ണുതയാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് കാണിക്കുന്നത്. ഈ അസഹിഷ്ണുതയ്ക്ക് ജനങ്ങള് കൃത്യമായ മറുപടി നല്കുമെന്നും കെസി വേണുഗോപാല് പറഞ്ഞു.
വിദേശ സംഭാവന നിയന്ത്രണ (എഫ്.സി.ആര്.എ) നിയമ ഭേദഗതിയില് കേന്ദ്ര സര്ക്കാരിനെതിരെ കോണ്ഗ്രസ് സംഘടനാ ജനറല് സെക്രട്ടറി കെ സി വേണുഗോപാല്. നിയമ ഭേദഗതി ക്രൈസ്തവരെ ലക്ഷ്യമിട്ടാണെന്ന് കെ സി ആരോപിച്ചു. ക്രിസ്തുമസിന് കേക്കുമായി പോകുവുക എന്നിട്ട് നിയമം ഉപയോഗിച്ച് നേരിടുക. കന്യസ്ത്രീകളെ ആക്രമിച്ച പോലെ മറ്റൊരു ശ്രമം. ചെറിയ വിദേശ സഹായം നേടിയാല് ആ സ്ഥാപനം ഏറ്റെടുക്കാന് വഴി ഒരുക്കുന്ന ബില്. ഇതൊരു വിചിത്ര ബിലാണ്. പല്ലും നഖവും ഉപയോഗിച്ച് കോണ്ഗ്രസ് എതിര്ക്കും. ആദ്യം വെക്ഫ് ബില് വഴി മുസ്ലിമുകളെ ഉന്നമിട്ടു. ഇപ്പോള് എഫ്.സി.ആര്.എ ഭേദഗതി വഴി ക്രൈസ്തവരിലേക്ക് ഇനി സിഖുകാരെ കൂടി പിടിക്കുമെന്നും കെസി വേണുഗോപാല് പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR