പശ്ചിമേഷ്യയിൽ അയവില്ലാതെ തുടരുന്ന സംഘർഷ സാഹചര്യത്തിൽ ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്ക് പിന്തുണയുമായി റഷ്യ
Newdelhi, 04 മാര്ച്ച് (H.S.) പശ്ചിമേഷ്യയിൽ അയവില്ലാതെ തുടരുന്ന സംഘർഷ സാഹചര്യത്തിൽ ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്ക് പിന്തുണയുമായി റഷ്യ. ഗൾഫ് മേഖലയിലെ സംഘർഷം മൂലം ആഗോള എണ്ണ, വാതകം എന്നിവയുടെ വിതരണം തടസപ്പെട്ടാല് ഇന്ത്യയ്ക്ക് ആവശ്യമായ അധിക ഇന്ധനം നൽകാൻ
Energy crisis


Newdelhi, 04 മാര്ച്ച് (H.S.)

പശ്ചിമേഷ്യയിൽ അയവില്ലാതെ തുടരുന്ന സംഘർഷ സാഹചര്യത്തിൽ ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്ക് പിന്തുണയുമായി റഷ്യ. ഗൾഫ് മേഖലയിലെ സംഘർഷം മൂലം ആഗോള എണ്ണ, വാതകം എന്നിവയുടെ വിതരണം തടസപ്പെട്ടാല് ഇന്ത്യയ്ക്ക് ആവശ്യമായ അധിക ഇന്ധനം നൽകാൻ തയ്യാറാണെന്ന് റഷ്യൻ ഫെഡറേഷൻ എംബസി അറിയിച്ചു. ഇറാൻ-ഇസ്രയേൽ സംഘർഷം ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കത്തെ ബാധിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് റഷ്യയുടെ ഈ നിർണായക വാഗ്ധാനം.

ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ, എൽപിജി എന്നിവയുടെ വലിയൊരു ശതമാനം ഇറക്കുമതിയും നടക്കുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്. നിലവിലെ യുദ്ധസാഹചര്യം ഈ പാതയിൽ ഗതാഗത തടസം സൃഷ്ടിച്ചിരിക്കുന്നത് ഇന്ത്യയെയും സാരമായി ബാധിച്ചിട്ടുണ്ട്. എന്നാൽ ദിവസേന കേന്ദ്ര സർക്കാർ സ്ഥിതിഗതികൾ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാൻ രാജ്യം സജ്ജമാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

രാജ്യത്ത് അസംസ്കൃത എണ്ണയും പെട്രോൾ, ഡീസൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഫ്ലൂയിഡ് (എടിഎഫ്) ഉൾപ്പെടെയുള്ള പ്രധാന പെട്രോളിയം ഉത്പന്നങ്ങളുടെ ശേഖരവും ഉണ്ടെെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. 'ഹ്രസ്വകാല പ്രതിസന്ധികൾ മറികടക്കാൻ ആവശ്യമായ കരുതൽ ശേഖരം നിലവിലുണ്ട്. ഹോർമുസ് കടലിടുക്ക് വഴിയല്ലാത്ത ഊർജ്ജ വിതരണങ്ങളിലേക്ക് ഇന്ത്യൻ ഊർജ്ജ കമ്പനികൾക്ക് പ്രവേശനം സാധ്യമാണ്' കേന്ദ്ര മന്ത്രാലയം അറിയിച്ചു.

തുടർച്ചയായ നിരീക്ഷണത്തിൻ്റെ അടിസ്ഥാനത്തിൽ സാഹചര്യം കൂടുതൽ ലഘൂകരിക്കുന്നതിനായി ഘട്ടം ഘട്ടമായുള്ള നടപടികൾ സ്വീകരിക്കാൻ കഴിയുമെന്ന് സർക്കാർ വിശ്വസിക്കുന്നതായും പറഞ്ഞു. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ പെട്രോളിയം ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ വലിയ രാജ്യവും കയറ്റുമതി ചെയ്യുന്ന അഞ്ചാമത്തെ വലിയ രാജ്യവുമാണ് ഇന്ത്യ.

ഫെബ്രുവരി 28ന് യുഎസും ഇസ്രയേലും സംയുക്തമായി ഇറാനിയൻ നഗരങ്ങളിൽ വ്യോമാക്രമണം നടത്തി. സൈനിക കമാൻഡ് സെൻ്ററുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, ആണവ കേന്ദ്രങ്ങൾ, ഔദ്യോഗിക കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം. ഇത് ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാമനേയിയുടെയും മുതിർന്ന സൈനിക, സുരക്ഷാ ഉദ്യോഗസ്ഥരുടെയും മരണത്തിന് കാരണമായി. ടെഹ്റാനിലും മറ്റ് പ്രധാന നഗരങ്ങളിലും വലിയ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

പ്രത്യാക്രമണമായി ഇറാൻ കനത്ത തിരിച്ചടി നൽകി. ഇസ്രയേൽ, ബഹ്റൈൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, യുഎഇ, ജോർദാൻ എന്നിവ ഉൾപ്പെടെയുള്ള യുഎസ് കേന്ദ്രങ്ങൾക്കും സഖ്യകക്ഷികൾക്കും നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചു. ഇതേ തുടർന്ന് മിഡിൽ ഈസ്റ്റിലെ സംഘർഷം യുദ്ധസമാനമായ സാഹചര്യങ്ങളിലേക്ക് നയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News