Enter your Email Address to subscribe to our newsletters

Mumbai, 04 മാര്ച്ച് (H.S.)
പശ്ചിമേഷ്യയില് തുടരുന്ന സംഘര്ഷ സാഹചര്യത്തിൽ ദുബായ്, യുഎഇ എന്നിവിടങ്ങളിൽ കുടുങ്ങിക്കിടന്ന 164 മഹാരാഷ്ട്ര പൗരന്മാരെ തിരികെയെത്തിച്ച് ഭരണകൂടം. വ്യോമാതിർത്തി അടച്ചതിനാലും വിമാന സർവീസുകൾ നിർത്തിവച്ചിരുന്നതിനാലും നിരവധി പേർ ഗൾഫ് മേഖലയിലുടനീളം കുടുങ്ങിക്കിടന്ന സാഹചര്യത്തിലാണ് അടിയന്തര ഇടപെടലിലൂടെ ഇവരെ തിരികെ എത്തിച്ചത്. സംസ്ഥാന ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ മുൻകൈയെടുത്താണ് പൗരന്മാരെ തിരികെ നാട്ടിലെത്തിച്ചത്.
ദുബായ്യിൽ കുടുങ്ങിക്കിടന്ന യാത്രക്കാരോട് ഉപമുഖ്യമന്ത്രി ഫോണിൽ സംസാരിച്ചിരുന്നു. തിരികെയെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്നും സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്നും അദ്ദേഹം അവർക്ക് ഉറപ്പ് നൽകി. തുടർന്ന് ബന്ധപ്പെട്ട ഏജൻസികളുമായി സഹകരിച്ചും നിരവധി ചർച്ചകളിലൂടെയും പൗരന്മാരെ സുരക്ഷിതമായി നാട്ടിലേക്ക് കൊണ്ടുവരുന്നതിനായി രണ്ട് പ്രത്യേക വിമാനങ്ങൾ ക്രമീകരിച്ചു.
ഞായറാഴ്ച (മാർച്ച് 01) ഉച്ചകഴിഞ്ഞ് വിടി ജിഎസ്ഒ, വിടി ജിഎസ്എച്ച് എന്നീ രണ്ട് വിമാനങ്ങൾ ഫുജറൈ വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരുമായി പുറപ്പെട്ടു. ഈ രണ്ട് വിമാനങ്ങളിലായി ആകെ 164 യാത്രക്കാരാണുണ്ടായിരുന്നത്. ഇവര് ചൊവ്വാഴ്ച രാത്രി 10 മണിയോടെ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി.
ഇതിൽ പൂനൈയിലെ ഇന്ദിര സ്കൂൾ ഓഫ് ബിസിനസ് സ്റ്റഡീസിലെ 84 വിദ്യാർഥികളും താനെയ്, മുർബാദ്, അഹല്യാനഗർ തുടങ്ങിയ സ്ഥലങ്ങളിലെ പൗരന്മാരും ഉൾപ്പെടുന്നു. സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസികൾ ഭരണകൂടത്തോട് നന്ദി പറയുകയും ഭയാനകവും ഹൃദയഭേദകവുമായിരുന്ന അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.
'മുംബൈയിൽ നിന്ന് അമേരിക്കയിലേക്കുള്ള ദുബായ് കണക്റ്റിങ് ഫ്ലൈറ്റ് റദ്ദാക്കിയതിനെത്തുടർന്നാണ് യാത്രക്കാര് ദുബായ്യിൽ കുടുങ്ങിപോയത്. വിമാനം ടേക്ക് ഓഫിനായി എടുത്ത ശേഷം തിരികെ ടെർമിനലിലേക്ക് തിരികെ കൊണ്ടുപോയി. കുറച്ച് സമയത്തെ കാത്തിരിപ്പിന് ശേഷം യുദ്ധസമാനമായ സാഹചര്യങ്ങൾ കാരണം എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി അറിയിപ്പ് ലഭിക്കുകയായിരുന്നു. വിമാനത്താവളത്തിൽ നിന്ന് എല്ലാ യാത്രക്കാരെയും ഹോട്ടലിലേക്ക് അയക്കുകയും ചെയ്തുവെന്ന്' യാത്രക്കാരനായ രാഹുൽ ഇടിവി ഭാരതിനോട് പറഞ്ഞു.
ദുബായ്യിലുടനീളം പരിഭ്രാന്തിയും ഭയവും നിറഞ്ഞ അന്തരീക്ഷമായിരുന്നു. ഒരു ഹോട്ടൽ കണ്ടെത്താൻ വളരെ സമയമെടുത്തു. പലരും മുറി ലഭിക്കാത്തവർക്ക് ഹോട്ടൽ ലോബിയിലെ സോഫകളിൽ വരെ കിടന്നുറങ്ങി. ഇടയ്ക്കിടെ ജാഗ്രത നിർദേശങ്ങളും അലർട്ടുകളും വന്നുകൊണ്ടേയിരുന്നു. നിരവധി ഇന്ത്യക്കാർ ഇപ്പോഴും അവിടെ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ച് സംസ്ഥാന സർക്കാർ: കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള കൂടുതൽ നടപടികൾ സ്വീകരിച്ച് വരികയാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിൻ്റെ ഓഫിസിൽ നിന്ന് അറിയിച്ചു. കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ സഹായിക്കുന്നതിനായി മഹാരാഷ്ട്ര സർക്കാർ ഒരു പ്രത്യേക വാട്ട്സ്ആപ്പ് നമ്പർ പുറത്തിറക്കിയിട്ടുണ്ട്. സഹായത്തിനായി ആ നമ്പറിൽ യാത്രക്കാർ ബന്ധപ്പെടണമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിച്ച വിവരങ്ങൾ നൽകിയിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിൽ ഉടലെടുത്ത യുദ്ധസാഹചര്യത്തെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന മഹാരാഷ്ട്രയിലെ വിവിധ പൗരന്മാരുമായി സംസ്ഥാന സർക്കാർ ബന്ധപ്പെട്ടിട്ടുണ്ടെന്ന് പോസ്റ്റിൽ പറഞ്ഞു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വിവിധ ഏജൻസികളുമായും കേന്ദ്ര സർക്കാരുമായും ബന്ധപ്പെടുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR