ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് റിമാൻഡിലായിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റും സിപിഎം നേതാവുമായ എ പത്മകുമാറിന് കോടതി ജാമ്യം അനുവദിച്ചു.
Kollam, 04 മാര്ച്ച് (H.S.) ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് റിമാൻഡിലായിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റും സിപിഎം നേതാവുമായ എ പത്മകുമാറിന് കോടതി ജാമ്യം അനുവദിച്ചു. കട്ടിള പാളി കവർച്ചാ കേസിലും ദ്വാരപാലക ശിൽപ കവർച്ചാ കേസിലും ജാ
A Pathmakumar


Kollam, 04 മാര്ച്ച് (H.S.)

ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് റിമാൻഡിലായിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റും സിപിഎം നേതാവുമായ എ പത്മകുമാറിന് കോടതി ജാമ്യം അനുവദിച്ചു. കട്ടിള പാളി കവർച്ചാ കേസിലും ദ്വാരപാലക ശിൽപ കവർച്ചാ കേസിലും ജാമ്യം ലഭിച്ചതോടെ അദ്ദേഹം ഇന്ന് വൈകുന്നേരത്തോടെ ജയിൽ മോചിതനാകും. അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും അന്വേഷണ സംഘത്തിന് കുറ്റപത്രമോ ഇടക്കാല കുറ്റപത്രമോ സമർപ്പിക്കാൻ സാധിക്കാത്തതിനാലാണ് സ്വാഭാവിക ജാമ്യം ലഭിച്ചത്.

എട്ട് പേർക്ക് ജാമ്യംകൊല്ലം വിജിലൻസ് കോടതിയാണ് ദ്വാരപാലക ശിൽപ കവർച്ചാ കേസിൽ ഇപ്പോൾ എ പത്മകുമാറിന് ജാമ്യം അനുവദിച്ചത്. കട്ടപ്പന കർട്ടൻ പാളി കേസിൽ അദ്ദേഹത്തിന് നേരത്തെ തന്നെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നുവെങ്കിലും ദ്വാരപാലക ശിൽപക്കേസിൽ റിമാൻഡ് കാലാവധി പൂർത്തിയാക്കാത്തതിനാലാണ് പുറത്തിറങ്ങാൻ കഴിയാതിരുന്നത്.

ഇരുഭാഗത്തിൻ്റെയും വാദങ്ങൾ പൂർത്തിയായതിനെ തുടർന്ന് കോടതി ഇന്ന് വിധി പറയുകയായിരുന്നു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ എ പത്മകുമാർ ഉൾപ്പെടെ ഇതുവരെ എട്ട് പേർക്കാണ് ജാമ്യം ലഭിച്ചത്. തെളിവുകളുടെ അഭാവവും കുറ്റപത്രം സമർപ്പിക്കുന്നതിലെ കാലതാമസവും കാരണം കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി അടക്കം അഞ്ച് പേർക്ക് കോടതി നേരത്തെ സ്വാഭാവിക ജാമ്യം നൽകിയിരുന്നു. എന്നാൽ, തന്ത്രിക്കും എഎസ് ശ്രീകുമാറിനും റിമാൻഡ് കാലാവധി പൂർത്തിയാകുന്നതിന് മുൻപേയാണ് ജാമ്യം ലഭിച്ചത്.

അറസ്റ്റിലേക്ക് നയിച്ച നിർണായക കണ്ടെത്തൽ

സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എ പത്മകുമാറിന് പങ്കുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാനുള്ള വിഷയം ദേവസ്വം ബോർഡ് യോഗത്തിൽ ചർച്ച ചെയ്യാമെന്ന് തീരുമാനിച്ച ശേഷം, മിനിറ്റ്സ് വന്നപ്പോൾ അത് വിട്ടുനൽകാൻ തീരുമാനിച്ചു എന്ന് രേഖപ്പെടുത്തിയതാണ് അദ്ദേഹത്തിനെതിരെയുള്ള പ്രധാന ആരോപണം. ദേവസ്വം മിനിറ്റ്സ് യോഗത്തിലെ ഇത്തരം ചില തീരുമാനങ്ങളും മറ്റ് ദേവസ്വം ബോർഡ് അംഗങ്ങളുടെ മൊഴികളുമാണ് പത്മകുമാറിൻ്റെ അറസ്റ്റിലേക്ക് നയിച്ച നിർണായക ഘടകങ്ങൾ.

രാഷ്ട്രീയമായി നിർണായകം

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുനിൽക്കുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലെ പ്രമുഖ നേതാവായ എ പത്മകുമാറിൻ്റെ ജയിൽ മോചനം രാഷ്ട്രീയമായി വലിയ പ്രാധാന്യമർഹിക്കുന്നുണ്ട്. ശബരിമല സ്വർണക്കൊള്ള വിഷയം സിപിഎമ്മിനെ വലിയ രീതിയിൽ പ്രതിരോധത്തിലാക്കിയിരുന്നു. വരും ദിവസങ്ങളിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അദ്ദേഹത്തെ ചോദ്യം ചെയ്യാനിരിക്കുന്നത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കും. കേന്ദ്ര ഏജൻസികളുടെ നീക്കങ്ങളും എ പത്മകുമാറിൻ്റെ വെളിപ്പെടുത്തലുകളും കേരള രാഷ്ട്രീയത്തിൽ നിർണായകമാകും

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News