ചരിത്രപരമായ കാൽവെപ്പുമായി കേരളം: 2025-ലെ മലയാളഭാഷാ നിയമം നിലവിൽ വന്നു
Thiruvanathapuram, 04 മാര്‍ച്ച് (H.S.) കേരളത്തിന്റെ ഭരണനിർവ്വഹണവും നിയമനിർമ്മാണവും പൂർണ്ണമായും മാതൃഭാഷയായ മലയാളത്തിലേക്ക് മാറ്റുന്നതിനുള്ള ചരിത്രപരമായ ''2025-ലെ മലയാളഭാഷാ നിയമം'' പ്രാബല്യത്തിൽ വന്നു. 2025 ഒക്ടോബർ 9-ന് നിയമസഭ പാസ്സാക്കിയ ഈ ബില്ലി
Kerala Governor address state assembly


Thiruvanathapuram, 04 മാര്‍ച്ച് (H.S.)

കേരളത്തിന്റെ ഭരണനിർവ്വഹണവും നിയമനിർമ്മാണവും പൂർണ്ണമായും മാതൃഭാഷയായ മലയാളത്തിലേക്ക് മാറ്റുന്നതിനുള്ള ചരിത്രപരമായ '2025-ലെ മലയാളഭാഷാ നിയമം' പ്രാബല്യത്തിൽ വന്നു. 2025 ഒക്ടോബർ 9-ന് നിയമസഭ പാസ്സാക്കിയ ഈ ബില്ലിന് ബഹുമാനപ്പെട്ട ഗവർണ്ണർ അംഗീകാരം നൽകി. നേരത്തെ 2015-ൽ അവതരിപ്പിച്ച ബില്ലിന് യൂണിയൻ സർക്കാർ ഉന്നയിച്ച തടസ്സങ്ങളും ഭാഷാന്യൂനപക്ഷങ്ങളുടെ ആശങ്കകളും പരിഹരിച്ചുകൊണ്ടാണ് ഈ സമഗ്രമായ നിയമം കൊണ്ടുവന്നിട്ടുള്ളത്. ഭരണനിർവ്വഹണം ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്നതിൽ ഈ നിയമം സുപ്രധാന പങ്കുവഹിക്കും.

പ്രധാന വ്യവസ്ഥകൾ:

* നിയമനിർമ്മാണ മേഖല: നിയമസഭയിൽ അവതരിപ്പിക്കുന്ന ബില്ലുകൾ, പാസ്സാക്കുന്ന നിയമങ്ങൾ, ഓർഡിനൻസുകൾ, സർക്കാർ ഉത്തരവുകൾ എന്നിവയെല്ലാം ഇനി മലയാളത്തിലായിരിക്കും. ഇവയോടൊപ്പം ഇംഗ്ലീഷ് പരിഭാഷയും പ്രസിദ്ധീകരിക്കേണ്ടതുണ്ട്.

* കോടതിഭാഷ: ഹൈക്കോടതിയുടെ അനുമതിയോടെ ജില്ലാ കോടതികൾ വരെയുള്ള നടപടികളും വിധിന്യായങ്ങളും ഘട്ടംഘട്ടമായി മലയാളത്തിലാക്കും. സർക്കാരിന് കീഴിലുള്ള എല്ലാ അർധ ജുഡീഷ്യൽ സ്ഥാപനങ്ങളുടെയും ഉത്തരവുകൾ മലയാളത്തിലായിരിക്കണം.

* വിദ്യാഭ്യാസം: കേരളത്തിലെ എല്ലാ സർക്കാർ-എയ്ഡഡ് വിദ്യാലയങ്ങളിലും പത്താം ക്ലാസ് വരെ മലയാളം നിർബന്ധിത ഒന്നാംഭാഷയായിരിക്കും. ഇതരസംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നു പഠിക്കുന്ന വിദ്യാർഥികൾക്ക് 9, 10, ഹയർസെക്കൻഡറി തലങ്ങളിൽ മലയാളം പരീക്ഷ എഴുതുന്നത് നിർബന്ധമല്ല.

* പൊതുമേഖലയും ബോർഡുകളും: സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, വാണിജ്യ-വ്യാപാര സ്ഥാപനങ്ങൾ എന്നിവയുടെ ബോർഡുകളിൽ മലയാളത്തിന് പ്രാമുഖ്യം നൽകണം. ഉൽപ്പന്നങ്ങളുടെ പേരും ഉപയോഗക്രമവും മലയാളത്തിൽ കൂടി രേഖപ്പെടുത്തുന്നത് നിർബന്ധമാക്കി.

* വിവരസാങ്കേതിക വിദ്യ: സർക്കാർ വെബ്സൈറ്റുകളുടെ ഡിഫോൾട്ട് പേജ് മലയാളമായിരിക്കും. ഇ-ഭരണ പദ്ധതികളുടെ അടിസ്ഥാന ഭാഷയും മലയാളമായിരിക്കും.

* ഔദ്യോഗിക ഭാഷാ വികസന വകുപ്പ്: ഗവൺമെന്റ് സെക്രട്ടേറിയറ്റിലെ നിലവിലുള്ള ഉദ്യോഗസ്ഥ-ഭരണപരിഷ്കാര (ഔദ്യോഗികഭാഷ) വകുപ്പിനെ 'മലയാളഭാഷാവികസന വകുപ്പ്' എന്ന് പുനർനാമകരണം ചെയ്യും. കൂടാതെ, ഭാഷാ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക ഡയറക്ട്രേറ്റും രൂപീകരിക്കും.

ഭാഷാന്യൂനപക്ഷ സംരക്ഷണം:

പുതിയ നിയമം തമിഴ്, കന്നഡ ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ പൂർണ്ണമായും സംരക്ഷിക്കുന്നു. ഭാഷാന്യൂനപക്ഷ പ്രദേശങ്ങളിലെ ഓഫീസുകളുമായുള്ള കത്തിടപാടുകൾക്ക് അവരുടെ മാതൃഭാഷ ഉപയോഗിക്കാവുന്നതും മറുപടികൾ അതേ ഭാഷയിൽ തന്നെ നൽകേണ്ടതുമാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും എത്തുന്ന വിദ്യാർത്ഥികൾക്ക് മലയാളം പരീക്ഷ എഴുതുന്നതിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News