Enter your Email Address to subscribe to our newsletters

Thiruvanathapuram, 04 മാര്‍ച്ച് (H.S.)
ജനജീവിതം എളുപ്പമാക്കുന്ന പദ്ധതികൾ നടപ്പാക്കാനായി സ്വയംഭരണ, എക്സൈസ് വകുപ്പുകൾക്ക് സാധിച്ചതായി മന്ത്രി എം ബി രാജേഷ് പറഞ്ഞു. സംസ്ഥാന സർക്കാർ തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പുകളിൽ കഴിഞ്ഞ പത്ത് വർഷങ്ങളിൽ നടപ്പിലാക്കിയ നേട്ടങ്ങളും മാറ്റങ്ങളും വിശദീകരിച്ച് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്ത് ആദ്യമായി നഗരനയം ആവിഷ്‌കരിച്ചത് കേരളത്തിലാണെന്നും അടുത്ത 25 വർഷത്തെ കേരളത്തിന്റെ വികസന ദിശ നിർണയിക്കുന്ന ഒന്നാണിതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ പത്ത് വർഷത്തെ കാലയളവിൽ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് ഗണ്യമായി വർദ്ധിപ്പിച്ചു. സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ വലിയ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങൾ കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സർവേയിൽ വരെ പ്രത്യേക പരാമർശം നേടിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ മാലിന്യമലകൾ നീക്കം ചെയ്ത് 70 ഏക്കറോളം ഭൂമിയാണ് സർക്കാർ ഇതിനകം വീണ്ടെടുത്തത്. കൂടാതെ ബി.പി.സി.എല്ലുമായി ചേർന്ന് സംസ്ഥാനത്ത് 7 കംപ്രസ്ഡ് ബയോഗ്യാസ് (സി.ബി.ജി) പ്ലാന്റുകൾ ആരംഭിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
കെ-സ്മാർട്ട് സംവിധാനത്തിലൂടെ സർക്കാർ സേവനങ്ങൾ ജനങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കി എന്നതാണ് മറ്റൊരു പ്രധാന നേട്ടം. വ്യവസായ സംരംഭകർക്ക് അനുകൂലമാകുന്ന രീതിയിൽ പഞ്ചായത്ത്, മുനിസിപ്പൽ ലൈസൻസ് ചട്ടങ്ങൾ പൂർണ്ണമായി മാറ്റി ലഘൂകരിച്ചു. കെട്ടിട നിർമ്മാണ ചട്ടങ്ങളിലും ഇളവുകൾ വരുത്തി, 300 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് ഒരു മിനിറ്റിൽ പെർമിറ്റ് ലഭിക്കുന്ന സംവിധാനം നടപ്പിലാക്കി. കെ-സ്മാർട്ട് വഴി അതിവേഗത്തിൽ ഒരു കോടിയിലധികം ഫയലുകളാണ് സർക്കാർ തീർപ്പാക്കിയത്. എല്ലാ ജില്ലകളിലും അദാലത്തുകൾ സംഘടിപ്പിക്കുകയും ലഭിച്ച 17,000-ത്തിലധികം പരാതികളിൽ 90 ശതമാനവും പരിഹരിക്കുകയും ചെയ്തു.
സംസ്ഥാനത്തിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയെ കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സർവേ ഒരു ദേശീയ മാതൃകയായി അംഗീകരിച്ചു. അറുപത്തിരണ്ട് ലക്ഷം പേർക്കാണ് സർക്കാർ നിലവിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകിവരുന്നത്. കുടുംബശ്രീയുടെ നേതൃത്വത്തിൽ 'കെ-ഇനം' എന്ന പുതിയ ബ്രാൻഡിൽ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വിപണിയിൽ ഇറക്കി. ഇതിനുപുറമെ കേരള ചിക്കൻ പദ്ധതി 100 കോടി രൂപയുടെ വിറ്റുവരവ് നേടുകയും ചെയ്തു. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരെ മൈക്രോപ്ലാനിലൂടെ പുനരധിവസിപ്പിക്കുന്നതിലും കുടുംബശ്രീ സുപ്രധാന പങ്ക് വഹിച്ചതായി മന്ത്രി പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനായി രാജ്യത്ത് ആദ്യമായി തദ്ദേശ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ലോക്കൽ ആക്ഷൻ പ്ലാൻ തയ്യാറാക്കി. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി വഴി ആയിരക്കണക്കിന് റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കി. സംസ്ഥാനത്തെ റോഡുകളുടെ കൃത്യമായ വിവരശേഖരണത്തിനായി ജി.ഐ.എസ് അധിഷ്ഠിതമായി സ്മാർട്ട് ട്രാക്ക് സംവിധാനം നടപ്പിലാക്കിയതായും മന്ത്രി സൂചിപ്പിച്ചു. വിവിധ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാനായതിൽ ചാരിതാർഥ്യമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മയക്കുമരുന്ന് കേസുകളിൽ ഏറ്റവും കൂടുതൽ ശിക്ഷാ നിരക്ക് കേരളത്തിൽ
രാജ്യത്തെ മയക്കുമരുന്ന് കേസുകളിൽ ഏറ്റവും കൂടുതൽ ശിക്ഷാ നിരക്ക് കേരളത്തിലാണെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ദേശീയ ശരാശരി 78 ശതമാനം ആയിരിക്കുമ്പോൾ കേരളത്തിൽ 98 ശതമാനം പ്രതികളും ശിക്ഷിക്കപ്പെടുന്നുണ്ട്. കുറ്റക്കാർക്ക് 25 മുതൽ 34 വർഷം വരെ കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കാനും സർക്കാരിന് കഴിഞ്ഞു. വലിയ ഗൗരവമുള്ള കേസുകൾ അന്വേഷിക്കുന്നതിനായി എക്‌സൈസിൽ പ്രത്യേകമായി ക്രൈം ബ്രാഞ്ച് രൂപീകരിച്ചതായും അത് ഗുണകരമായതായും മന്ത്രി അഭിപ്രായപ്പെട്ടു.
എക്‌സൈസ് സേനയ്ക്ക് ആയുധങ്ങൾ ലഭ്യമാക്കിയും സൈബർ സെൽ നവീകരിച്ചും സേനയെ ആധുനികവൽക്കരിച്ചു. 2021 മുതൽ ഇതുവരെ 247 പുതിയ തസ്തികകൾ വകുപ്പിൽ സൃഷ്ടിച്ചിട്ടുണ്ട്. 2021 മെയ് മുതൽ 2024 ജനുവരി വരെയുള്ള കാലയളവിൽ 1353 പേർക്ക് നിയമനം നൽകി. കൂടാതെ സേനയിൽ വനിതാ പ്രാതിനിധ്യം വലിയ തോതിൽ വർദ്ധിപ്പിക്കുകയും ചെയ്തു.
കേരളം നടപ്പിലാക്കിയ 'വിമുക്തി' പദ്ധതി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഉൾപ്പെടെ പ്രശംസ നേടി ദേശീയ മാതൃകയായി മാറി. ലഹരിക്കെതിരെ ഒരു കോടിയിലധികം വിദ്യാർത്ഥികളെ അണിനിരത്തി വലിയ ജനകീയ ക്യാമ്പയിൻ സർക്കാർ സംഘടിപ്പിച്ചു. സ്‌കൂളുകളിലും കോളേജുകളിലുമായി ആന്റി നാർക്കോട്ടിക് ക്ലബ്ബുകൾ, 'നേർക്കൂട്ടം', 'ശ്രദ്ധ', സ്‌പോർട്‌സിലൂടെ ലഹരി വിമുക്തി ലക്ഷ്യമിടുന്ന 'ഉണർവ്' തുടങ്ങിയ പദ്ധതികളും വിജയകരമായി നടപ്പിലാക്കി.
കേരളത്തിലെ 14 ജില്ലകളിലും ഡി-അഡിക്ഷൻ സെന്ററുകളും കൗൺസിലിംഗ് കേന്ദ്രങ്ങളും ആരംഭിച്ച് ആയിരക്കണക്കിന് ആളുകൾക്ക് സൗജന്യ ചികിത്സയും സഹായവും നൽകി. ഇതിന് പുറമെ, ആദിവാസി മേഖലകളിൽ എക്‌സൈസ് വകുപ്പ് നടത്തിയ കരിയർ ഗൈഡൻസ് ക്ലാസുകളിലൂടെ നിരവധി യുവാക്കൾക്ക് സർക്കാർ ജോലി ഉൾപ്പെടെയുള്ളവ ലഭിക്കാൻ സാഹചര്യമൊരുക്കി.
മയക്കുമരുന്നിനോട് യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത സമീപനമാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. എക്‌സൈസിന്റെ 'ഓപ്പറേഷൻ ക്ലീൻ' പദ്ധതിയിലൂടെ മയക്കുമരുന്ന് ശൃംഖലകളെ തകർക്കാൻ കഴിഞ്ഞു. സംസ്ഥാനത്തിന് പുറത്തുള്ള ആൻഡമാൻ, ഹൈദരാബാദ്, ഡൽഹി, ഗുരുഗ്രാം എന്നിവിടങ്ങളിൽ നേരിട്ടെത്തി പ്രതികളെ അറസ്റ്റ് ചെയ്യാനും ലഹരിമരുന്ന് കേന്ദ്രങ്ങൾ തകർക്കാനും നമ്മുടെ സേനയ്ക്ക് സാധിച്ചു. സംസ്ഥാന തലത്തിൽ ഒരു നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ യാഥാർത്ഥ്യമാക്കാനും സർക്കാർ ലക്ഷ്യമിടുന്നതായി മന്ത്രി അറിയിച്ചു.
---------------
Hindusthan Samachar / Sreejith S