Enter your Email Address to subscribe to our newsletters

Ernakulam, 05 മാര്ച്ച് (H.S.)
തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിൽ മുൻ മന്ത്രി ആൻ്റണി രാജുവിന് തിരിച്ചടിയായി സർക്കാരിൻ്റെ നിലപാട്. ശിക്ഷ മരവിപ്പിക്കണമെന്ന ആൻ്റണി രാജുവിൻ്റെ അപ്പീലിനെ ശക്തമായി എതിർത്തുകൊണ്ട് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. അസാധാരണ സാഹചര്യമില്ലാത്തതിനാൽ ആൻ്റണി രാജുവിന് ഇളവ് നൽകുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള പൊതുജന വിശ്വാസം ദുർബലപ്പെടുത്തുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കണം എന്നത് ആൻ്റണി രാജുവിൻ്റെ ഒരു രാഷ്ട്രീയ ആവശ്യം മാത്രമെന്നും സർക്കാരിൻ്റെ സത്യവാങ്മൂലത്തിൽ പറയുന്നു. ശിക്ഷ മരവിപ്പിക്കാൻ ഇതൊരു അസാധാരണ സാഹചര്യമായി കണക്കാക്കാൻ കഴിയില്ല എന്നതായിരുന്നു സര്ക്കാരിൻ്റെ പ്രധാന വാദം. കോടതിയുടെ അനുവാദമില്ലാതെയാണ് ഒന്നാം പ്രതിയിൽ നിന്ന് ആൻ്റണി രാജു തൊണ്ടിമുതൽ കൈപ്പറ്റിയത്. ഇത് കൈമാറാൻ കോടതി ഉത്തരവ് ഉണ്ടായിരുന്നില്ല. ആൻ്റണി രാജുവിൻ്റെ കൈവശം ഇരുന്ന കാലയളവിലാണ് തൊണ്ടിമുതലിൽ കൃത്രിമത്വം നടന്നത്. ഇതിന് വ്യക്തമായ തെളിവുകളുണ്ട്. തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം നടന്നുവെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്. അക്കാലയളവിൽ എന്തൊക്കെ ചെയ്തുവെന്ന് പ്രതിക്ക് മാത്രം അറിവുള്ള കാര്യമെന്നും സർക്കാർ ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കി.
കേരള രാഷ്ട്രീയത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഈ കേസിൻ്റെ തുടക്കം 1990 ഏപ്രിൽ നാലിനാണ്. തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് അടിവസ്ത്രത്തിൽ ഒളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്ട്രേലിയൻ പൗരനായ ആൻഡ്രൂ സാൽവദോർ സർവലി പിടിയിലാകുന്നു. തുടർന്ന് നടന്ന വിചാരണയിൽ തിരുവനന്തപുരം സെഷൻസ് കോടതി പ്രതിക്ക് 10 വർഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. ഈ ഘട്ടത്തിൽ പ്രതിയുടെ വക്കാലത്ത് ഏറ്റെടുത്തത് അഭിഭാഷകനായ ആൻ്റണി രാജുവായിരുന്നു.
സെഷൻസ് കോടതി വിധിക്കെതിരെ പ്രതിഭാഗം ഹൈക്കോടതിയിൽ അപ്പീൽ നൽകി. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിക്ക് പാകമാകില്ലെന്ന വിചിത്രമായ വാദമാണ് ഹൈക്കോടതിയിൽ ഉന്നയിക്കപ്പെട്ടത്. ഇത് കോടതിക്ക് ബോധ്യപ്പെടുകയും തൊണ്ടിമുതൽ പ്രതിയുടേതല്ലെന്ന നിഗമനത്തിൽ ആൻഡ്രൂ സാൽവദോറിനെ വെറുതെ വിടുകയും ചെയ്തു. വിധിക്ക് പിന്നാലെ ഇയാൾ രാജ്യം വിടുകയും ചെയ്തു.
അതേസമയം നാട്ടിലെത്തിയ ആൻഡ്രൂ ഓസ്ട്രേലിയയിൽ മറ്റൊരു കൊലപാതക കേസിൽ ഉൾപ്പെട്ട് മെൽബൺ ജയിലിലായി. അവിടെ വച്ച് സഹതടവുകാരനോടാണ് കേരളത്തിലെ കേസിൽ നടന്ന കൃത്രിമത്തെക്കുറിച്ച് ഇയാൾ വെളിപ്പെടുത്തിയത്. അഭിഭാഷകൻ്റെയും കോടതി ക്ലാർക്കിൻ്റെയും സഹായത്തോടെ തൊണ്ടിമുതലായ അടിവസ്ത്രം വെട്ടിക്കെട്ടി ചെറുതാക്കി കൃത്രിമം കാട്ടിയാണ് താൻ രക്ഷപ്പെട്ടതെന്നായിരുന്നു ആൻഡ്രൂവിൻ്റെ വെളിപ്പെടുത്തൽ.
സഹതടവുകാരൻ ഈ വിവരം ഓസ്ട്രേലിയൻ പൊലീസിന് കൈമാറി. 1996 ജനുവരി 25ന് രേഖപ്പെടുത്തിയ ഈ മൊഴി ഓസ്ട്രേലിയയിലെ ഇൻ്റർപോൾ യൂണിറ്റ് ഇന്ത്യയിലെ സിബിഐക്ക് അയച്ചു നൽകി. ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് നിന്നും ഈ കത്ത് കേരള പൊലീസിന് ലഭിച്ചതോടെയാണ് കേസിന് വീണ്ടും ജീവൻ വച്ചത്.
സിബിഐ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കേസിൽ അട്ടിമറി നടന്നുവെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥനായ ജയമോഹൻ ഹൈക്കോടതി വിജിലൻസിന് പരാതി നൽകി. മൂന്നു വർഷത്തെ പരിശോധനയ്ക്ക് ശേഷം ഇക്കാര്യം അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. തുടർന്ന് 2005ൽ കേസ് പുനരന്വേഷിക്കാൻ അന്നത്തെ ഐജി ടി.പി സെൻകുമാർ ഉത്തരവിടുകയായിരുന്നു.
നീണ്ട അന്വേഷണത്തിനൊടുവിൽ 2006ൽ വഞ്ചിയൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ആൻ്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവരായിരുന്നു പ്രതികൾ. എന്നാൽ എട്ടു വർഷത്തോളം കേസ് വെളിച്ചം കണ്ടില്ല. പിന്നീട് 2014ൽ പ്രത്യേക ഉത്തരവിറക്കി കേസ് നെടുമങ്ങാട് കോടതിയിലേക്ക് മാറ്റി.
വിചാരണ വേളയിൽ ആൻ്റണി രാജു ഹാജരാകാത്തതിനെ തുടർന്ന് 22 തവണയോളം കേസ് മാറ്റിവയ്ക്കേണ്ടി വന്നിരുന്നു. 2026 ജനുവരി മൂന്നിന് തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന കേസിൽ ആൻ്റണി രാജുവിനും കൂട്ടുപ്രതി കെഎസ് ജോസിനും മൂന്ന് വർഷം തടവുശിക്ഷ വിധിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR