Enter your Email Address to subscribe to our newsletters

Kochi, 05 മാര്ച്ച് (H.S.)
ശബരി റെയില്വേ പദ്ധതി ഇനി വൈകില്ലെന്ന് ഉറപ്പായി. ഏറെക്കാലമായി മുടങ്ങി കിടന്നിരുന്ന പദ്ധതിക്കാണ് ഇപ്പോള് ജീവൻ വച്ചിരിക്കുന്നത്.
അഞ്ച് താലൂക്കുകളില് കൂടി സ്ഥലമെടുപ്പ് പുനരാരംഭിക്കാൻ സർക്കാർ ഭരണാനുമതി നല്കിയതോടെ പദ്ധതിയുടെ വേഗം വർധിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഭൂമി ഏറ്റെടുക്കുന്നതിനായി സ്പെഷ്യല് തഹസില്ദാർമാരുടെ നേതൃത്വത്തിലുള്ള യൂണിറ്റുകള് ഉടൻ പ്രവർത്തനം പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.
മൂവാറ്റുപുഴയില് അടക്കം അടച്ചുപൂട്ടിയ ശബരി സ്ഥലമെടുപ്പ് ഓഫീസുകള് താമസിയാതെ തുറക്കുമെന്നാണ് കരുതുന്നത്. വിവിധ ജില്ലകളിലെ ഭൂമി ഏറ്റെടുക്കുന്നതിന് റവന്യൂ ഓഫീസുകള് തുറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഏഴ് ഓഫീസുകളാണ് ഇതിനായി തുറക്കുക. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകള് കേന്ദ്രീകരിച്ചായിരിക്കും ഈ ഓഫീസുകളുടെ പ്രവർത്തനം നടക്കുക. പദ്ധതി വേഗത്തില് നടപ്പാക്കണമെന്നാണ് വിവിധ കോണുകളില് നിന്ന് ഉയരുന്ന ആവശ്യം.
മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട്, ആലുവ, തൊടുപുഴ, കാഞ്ഞിരപ്പള്ളി, മീനച്ചില് താലൂക്കുകളിലാണ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനുള്ളത്. ഇതിന്റെ ഉത്തരവ് സംസ്ഥാന ട്രാൻസ്പോർട്ട് വകുപ്പ് പുറത്തിറക്കിയിരുന്നു. എറണാകുളം ജില്ലയില് 152.05 ഹെക്ടറും കോട്ടയം ജില്ലയില് 119.89 ഹെക്ടറും ഇടുക്കി ജില്ലയില് 33.77 ഹെക്ടറുമാണ് ഭൂമി ഏറ്റെടുക്കേണ്ടത്. റവന്യു വകുപ്പ് വിജ്ഞാപനം വൈകാതെ പുറപ്പെടുവിക്കുമെന്നാണ് വിവരം.
മൂന്ന് ജില്ലകളിലായി ആകെ 305.71 ഹെക്ടർ ഭൂമിയാണ് ശബരി പാതയ്ക്കായി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നല്കേണ്ടത്. ഇതിന്റെ ചെലവ് പൂർണമായും വഹിക്കുക സംസ്ഥാന സർക്കാരായിരിക്കും. ആകെ പദ്ധതി ചെലവായ 3800.9 കോടി രൂപയുടെ പകുതി തുകയായ 1900 കോടി സംസ്ഥാന സർക്കാർ നല്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ശേഷിക്കുന്ന വിഹിതം കേന്ദ്ര സർക്കാരാണ് വഹിക്കുക.
പദ്ധതിയുമായി ബന്ധപ്പെട്ട അടുത്ത ഘട്ട നടപടികള് വൈകാതെ ആരംഭിക്കും. സ്ഥലമേറ്റെടുപ്പ് നടത്തുന്ന ഓഫീസുകളിലേക്ക് ഉദ്യോഗസ്ഥരെ പുനർവിന്യസിക്കുന്ന തീരുമാനം ഉടനെ വരുമെന്നാണ് ഇപ്പോള് ലഭിക്കുന്ന വിവരം. ഏറ്റെടുക്കേണ്ട ഭൂമിയുടെ വിവരങ്ങള് അതത് ജില്ലാ കളക്ടർമാർ സർക്കാരിന് നല്കിയിട്ടുണ്ട്.
എറണാകുളം ജില്ലയിലെ അങ്കമാലി മുതല് കോട്ടയം ജില്ലയിലെ എരുമേലി വരെയുള്ള 111 കിലോമീറ്റര് ദൂരത്തിലാണ് ശബരി റെയില്പ്പാത വരുന്നത്. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി റെയില്വേ പദ്ധതിക്ക് വേണ്ടി സംസ്ഥാന സർക്കാർ പണം മുടക്കുന്നുവെന്ന പ്രത്യേകതയും ശബരി റെയില്വേ പദ്ധതിക്ക് ഉണ്ടെന്നതാണ് പ്രത്യേകത.
അങ്കമാലിയില് നിന്ന് തുടങ്ങി, കാലടി, പെരുമ്പാവൂർ, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി ഉള്പ്പെടെയുള്ള പ്രധാന ഇടങ്ങളിലൂടെ റെയില് പാത കടന്നുപോവുമെന്നാണ് കരുതുന്നത്. എന്നാല് ഏതൊക്കെ ഇടങ്ങളില് സ്റ്റേഷനുകള് അനുവദിക്കുമെന്ന കാര്യത്തില് ഇതുവരെ ധാരണ ആയിട്ടില്ല. എന്തായാലും പാത വന്നാല് മലയോര മേഖലയ്ക്ക് ഗുണമാവും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR