Enter your Email Address to subscribe to our newsletters

Kolkatha, 05 മാര്‍ച്ച് (H.S.)
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്ണര് സി.വി. ആനന്ദ ബോസ് രാജിവെച്ചു. സ്ഥാനത്ത് നാല് വര്‍ഷം തികയ്ക്കാനിരിക്കേയാണ് അദ്ദേഹത്തിന്റെ രാജി. പശ്ചിമ ബംഗാള്‍ ലോക്ഭവനാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് അദ്ദേഹത്തിന്റെ രാജി എന്നതും ശ്രദ്ധേയമാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആനന്ദ ബോസ് മത്സരിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.
കോട്ടയം മാന്നാനം സ്വദേശിയായ ആനന്ദബോസ് 1977 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. ചീഫ് സെക്രട്ടറി റാങ്കിലിരിക്കെയാണ് വിരമിച്ചത്. 2019-ലാണ് ബിജെപിയില്‍ ചേര്‍ന്നത്. മേഘാലയ സര്‍ക്കാരിന്റെ ഉപദേശകനായി പ്രവര്‍ത്തിച്ചുവരികയായിരുന്നതിനിടെയാണ് അദ്ദേഹത്തെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിക്കുന്നത്.
ജില്ലാ കളക്ടറായും വിദ്യാഭ്യാസം, ഫോറസ്റ്റ്, പരിസ്ഥിതി, തൊഴില്‍, പൊതുഭരണം തുടങ്ങി വിവിധ മന്ത്രാലയങ്ങളില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും അഡീഷണല്‍ ചീഫ് സെക്രട്ടറിയായുമെല്ലാം ആനന്ദബോസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രീംകോടതി നിയമിച്ച പത്മനാഭ സ്വാമിക്ഷേത്ര വിദഗ്ദ സമിതിയുടെ ചെയര്‍മാനായിരുന്നു. തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയായിരിക്കും പുതിയ പശ്ചിമ ബംഗാള്‍ ഗവര്‍ണറെന്നാണ് സൂചന.
സി.വി. ആന്ദബോസ് രാജിവെച്ചെന്ന് വാര്‍ത്ത അറിഞ്ഞ് ഞെട്ടിപ്പോയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതികരിച്ചു. എന്തുകൊണ്ടാണ് അദ്ദേഹം രാജിവെച്ചത് എന്ന കാര്യം എനിക്കറിയില്ല. എന്നാല്‍, നിലവിലെ സാഹചര്യം വിലയിരുത്തുമ്പോള്‍, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാഷ്ട്രീയ താത്പര്യങ്ങള്‍ നിറവേറ്റുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രിയില്‍നിന്ന് ഗവര്‍ണര്‍ക്ക് സമ്മര്‍ദ്ദമുണ്ടായാല്‍ അതില്‍ അതിശയിക്കാനില്ല.
തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി എന്നെ അറിയിച്ചു. കീഴ്വഴക്കം അനുസരിച്ച് അദ്ദേഹം എന്നോട് ഇക്കാര്യത്തില്‍ ഒരു കൂടിയാലോചന നടത്തിയിട്ടില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവിനെ ദുര്‍ബലപ്പെടുത്തുകയും ഫെഡറല്‍ ഘടനയുടെ ആത്മാവിനെ തകര്‍ക്കുകയും ചെയ്യുന്നുമെന്ന് മമത എക്‌സില്‍ കുറിച്ചു.
---------------
Hindusthan Samachar / Sreejith S