Enter your Email Address to subscribe to our newsletters

Patna, 05 മാര്ച്ച് (H.S.)
പട്ന: ബീഹാർ രാഷ്ട്രീയത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ ചലനങ്ങളിൽ ബിജെപിക്കെതിരെ കടുത്ത ആരോപണങ്ങളുമായി രാഷ്ട്രീയ ജനതാദൾ (ആർജെഡി). മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് നിതീഷ് കുമാർ രാജ്യസഭയിലേക്ക് പോകുന്നു എന്ന പ്രഖ്യാപനത്തിന് പിന്നിൽ മഹാരാഷ്ട്രയിൽ നടപ്പിലാക്കിയ 'ഷിൻഡെ മോഡൽ' അട്ടിമറിയാണെന്ന് ആർജെഡി ആരോപിച്ചു. നിതീഷ് കുമാറിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ വന്ന കുറിപ്പ് അദ്ദേഹം സ്വയം എഴുതിയതല്ലെന്നും ഡൽഹിയിൽ നിന്ന് ബിജെപി തയ്യാറാക്കി നൽകിയതാണെന്നും ആർജെഡി നേതാക്കൾ വാദിക്കുന്നു.
നിതീഷിനെ ബിജെപി പുകച്ചുപുറത്താക്കി: ആർജെഡി
ദീർഘകാലം ബീഹാർ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാറിനെ ബിജെപി ഇത്ര പെട്ടെന്ന് അധികാരത്തിൽ നിന്ന് പുറത്താക്കുമെന്ന് ആരും കരുതിയിരുന്നില്ലെന്ന് ആർജെഡി വക്താവ് മൃത്യുഞ്ജയ് തിവാരി പറഞ്ഞു. ബീഹാർ രാഷ്ട്രീയത്തിൽ വലിയൊരു ഭൂകമ്പമാണ് ഉണ്ടായിരിക്കുന്നത്. ജെഡിയുവിനെ തകർക്കുമെന്നും നിതീഷ് കുമാറിനെ മുഖ്യമന്ത്രി കസേരയിൽ നിന്ന് ബിജെപി പുറത്താക്കുമെന്നും ഞങ്ങളുടെ നേതാവ് തേജസ്വി യാദവ് നേരത്തെ തന്നെ പ്രവചിച്ചിരുന്നു. ആ പ്രവചനം ഇപ്പോൾ സത്യമായിരിക്കുകയാണ്, തിവാരി വ്യക്തമാക്കി. 2025-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ നേടിയ വലിയ വിജയത്തിന് പിന്നാലെ ഇത്തരമൊരു നീക്കം ആരും പ്രതീക്ഷിച്ചിരുന്നില്ല.
കുറിപ്പ് വന്നത് ഡൽഹിയിൽ നിന്ന്; മനോജ് ഝാ
നിതീഷ് കുമാറിന്റെ വിരമിക്കൽ പ്രഖ്യാപനത്തെക്കുറിച്ച് ആർജെഡി എംപി മനോജ് കുമാർ ഝാ സംശയം പ്രകടിപ്പിച്ചു. നിതീഷ് കുമാറിന്റെ ശൈലിയല്ല ആ കുറിപ്പിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. നിതീഷ് കുമാർ പോസ്റ്റ് ചെയ്ത കുറിപ്പ് വായിച്ചാൽ അത് അദ്ദേഹം പറഞ്ഞെഴുതിച്ചതോ നേരിട്ട് എഴുതിയതോ അല്ലെന്ന് ഉറപ്പാണ്. അത് ഡൽഹിയിൽ നിന്ന് തയ്യാറാക്കി വന്നതാണ്. ജെഡിയുവിന്റെ ആത്മാവിനെ മുറിപ്പെടുത്തുന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇതൊരു രാഷ്ട്രീയ അധ്യായത്തിന്റെ അന്ത്യമാണോ അതോ വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും, മനോജ് ഝാ കൂട്ടിച്ചേർത്തു.
ബീഹാറിൽ ആദ്യമായി ബിജെപി മുഖ്യമന്ത്രി?
ബീഹാറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ, ഇനി വരാനിരിക്കുന്ന പുതിയ സർക്കാരിന് തന്റെ എല്ലാ പിന്തുണയും മാർഗനിർദ്ദേശവും ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നിതീഷ് മാറുന്നതോടെ ബിജെപിയിൽ നിന്നുള്ള ഒരു നേതാവ് ബീഹാർ മുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെ സംഭവിക്കുകയാണെങ്കിൽ, ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിക്ക് ഇതുവരെ മുഖ്യമന്ത്രിയില്ലാതിരുന്ന ഏക സംസ്ഥാനമായ ബീഹാറിലും പാർട്ടി അധികാരം പിടിച്ചെടുക്കും.
പാർലമെന്റിന്റെ ഇരുസഭകളിലും നിയമസഭയുടെ ഇരുസഭകളിലും അംഗമാകുക എന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും അത് പൂർത്തിയാക്കാനാണ് താൻ രാജ്യസഭയിലേക്ക് പോകുന്നതെന്നുമാണ് നിതീഷ് കുമാർ വിശദീകരിക്കുന്നത്. എന്നാൽ നിതീഷിനെ ഒതുക്കി ബീഹാറിൽ പൂർണ്ണാധിപത്യം സ്ഥാപിക്കാനുള്ള ബിജെപിയുടെ തന്ത്രമാണ് ഇതിന് പിന്നിലെന്ന് പ്രതിപക്ഷം ഉറച്ചു വിശ്വസിക്കുന്നു.
---------------
Hindusthan Samachar / Roshith K