Enter your Email Address to subscribe to our newsletters

Banglore, 08 മാര്ച്ച് (H.S.)
പെണ്കുഞ്ഞുങ്ങളെ വളർത്താൻ കഴിയില്ലെന്നാരോപിച്ച് മൂന്ന് കുട്ടികളെ കുളത്തിലെറിഞ്ഞ് പിതാവ്. സംഭവത്തിൽ രണ്ട് കുട്ടികള് മരിച്ചു. ഒരാള്ക്കായി തെരച്ചിൽ. കർണാടകയിൽ കാമറെഡി പട്ടണത്തിലെ ആർബി നഗറിലാണ് കൊടും ക്രൂരത നടന്നത്. വനിതാ ദിനത്തിൽ സ്ത്രീകളെ വാനോളം പുകഴ്ത്തുകയും സ്ത്രീ ശാക്തീകരണത്തെപ്പറ്റിയുള്ള വാർത്തകള് നിറയുകയും ചെയ്യുന്നതിനിടെയാണ് പെണ്മക്കളോടുള്ള കൊടും ക്രൂരതയുടെ വാർത്തയും പുറത്ത് വരുന്നത്.
സ്വന്തം പിതാവ് ഇസ്മായിൽ തന്നെയാണ് അമ്മ ഷബിന സ്ഥലത്തില്ലായിരുന്ന നേരം അഞ്ചും ഏഴും എട്ടും വയസുള്ള കുട്ടികളെ കുളത്തിലെറിഞ്ഞത്. പെൺമക്കളായ ഷീപത്ത് (8), ആയത്ത് (7), മറിയം (5) എന്നിവരാണ് പിതാവിൻ്റെ ആക്രമണത്തിനിരയായത്. ഇതിൽ രണ്ട് കുട്ടികള് മരിച്ചു. ഒരാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഭാര്യ ജോലിക്ക് പോയ സമയത്താണ് ഇയാള് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഓട്ടോ ഡ്രൈവറാണ് ഇസ്മായിൽ. അഞ്ച് ലക്ഷത്തിലധികം രൂപയുടെ കടബാധ്യതയാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് ഇയാളുടെ വിശദീകരണം.
ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ഷബിന കുട്ടികളെ കാണാതായതോടെയാണ് തെരച്ചിൽ നടത്തിയത്. ഈ സമയത്ത് പിതാവായ ഇസ്മായിലും തെരച്ചിലിന് ഒപ്പമുണ്ടായിരുന്നു. ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ടീമുകളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൻ്റെ ഭാഗമായി ഇസ്മായിലിനെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ വൈരുദ്ധ്യം തോന്നിയതോടെ പൊലീസ് ഇയാളെ കേന്ദ്രീകരിച്ച് സിസിടിവി അടക്കം പരിശോധിച്ച് അന്വേഷണം ആരംഭിച്ചു. ഇതോടെയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുണ്ടായത്.
ദോശ വാങ്ങി നൽകാമെന്ന വ്യാജേന കുട്ടികളെ കുട്ടികളെ കൂട്ടി പിതാവ് ഹോട്ടലിൽ കൊണ്ടു പോയി. വയറ് നിറച്ച് ഭക്ഷണം വാങ്ങി നൽകി. ശേഷം കുട്ടികളോട് നടന്ന് പോകാൻ ആവശ്യപ്പെട്ട ശേഷം ഓട്ടോയുമായി ജോലിയ്ക്ക് പോയി എന്നാണ് ആദ്യം ഇയാള് പൊലീസിനോട് പറഞ്ഞത്. എന്നാൽ വിശദമായി ചോദ്യം ചെയ്യലിൽ താൻ തന്നെയാണ് കുട്ടികളെ കുളത്തിലേക്ക് തള്ളിയതെന്ന് സമ്മതിക്കുകയായിരുന്നു. ഭക്ഷണം വാങ്ങി നൽകിയ ശേഷം കുട്ടികളുമായി കുളത്തിനടുത്തേയ്ക്ക് പോയി.
ആദ്യം രണ്ടാമത്തെ മകളുടെ കൈകൾ പിടിച്ച് വെള്ളത്തിലേക്ക് തള്ളിയിട്ടുവെന്നും പിന്നീട് മൂന്നാമത്തെ മകളെയും ഒടുവിൽ മൂത്ത മകളെയും വെള്ളത്തിലേക്ക് തള്ളിയിട്ടുവെന്നും അയാൾ വിശദീകരിച്ചു. എല്ലാവരും മരിച്ചുവെന്ന് ഉറപ്പാക്കാൻ അരമണിക്കൂറോളം അവിടെ തങ്ങിയെന്നും അയാൾ പൊലീസിനോട് പറഞ്ഞു. അഞ്ച് ലക്ഷത്തിലധികം രൂപ കടബാധ്യതയുള്ളതിനാലാണ് അവരെ കൊലപ്പെടുത്തിയതെന്നും ആത്മഹത്യ ചെയ്യാൻ ആഗ്രഹിച്ചുവെന്നും പ്രതി മൊഴി നൽകി. ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തത്. മൂത്ത മകൾക്കായി തെരച്ചിൽ തുടരുകയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR