ടി20 ലോകകപ്പ് ഫൈനൽ; അഹമ്മദാബാദിൽ ഹോട്ടലുകളുടെയും വിമാനങ്ങളുടെയും നിരക്കുകള് കുതിച്ചുയരുന്നു
Ahmedabad, 08 മാര്ച്ച് (H.S.) ഹോട്ടൽ റൂം നിരക്കുകൾ കുതിച്ചുയർന്നു. മുറികൾക്ക് വൻ ഡിമാൻഡ് വന്നതോടെ പല ഹോട്ടലുകളും റൂം നിരക്കുകൾ ഉയർത്തുകയായിരുന്നു. ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് ഫൈനലിൽ ഇന്ത്യയും ന്യൂസിലൻഡുമാണ് ഇന്ന് നേ
T20


Ahmedabad, 08 മാര്ച്ച് (H.S.)

ഹോട്ടൽ റൂം നിരക്കുകൾ കുതിച്ചുയർന്നു. മുറികൾക്ക് വൻ ഡിമാൻഡ് വന്നതോടെ പല ഹോട്ടലുകളും റൂം നിരക്കുകൾ ഉയർത്തുകയായിരുന്നു. ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് ഫൈനലിൽ ഇന്ത്യയും ന്യൂസിലൻഡുമാണ് ഇന്ന് നേർക്കുനേർ. മത്സരാവേശത്തിൽ ആരാധകരും കായിക പ്രേമികളും വളരെ ദിവസങ്ങൾക്കു മുൻപ് തന്നെ ഗുജറാത്തിലും അഹമ്മദാബാദിലും പല സ്ഥലങ്ങളിലായി നേരത്തെ തമ്പടിക്കാൻ എത്തിതുടങ്ങിയിരുന്നു.

എന്നാൽ ഈ സാഹചര്യം മുന്നിൽ കണ്ട് കുറച്ച് ദിവസങ്ങളായി ഹോട്ടൽ മുറികളുടെ ചാർജ് ഒറ്റയടിക്ക് കൂട്ടിയിരിക്കുകയാണ് ഉടമകൾ. നിലവിൽ ഈടാക്കുന്ന ചാർജിൻ്റെ കൂടെ അധിക പൈസയും ജിഎസ്ടിയും ഉൾപ്പെടെ വലിയ ഒരു തുകയാണ് നഗരത്തിൽ ഇപ്പോൾ ഈടാക്കുന്നത്. പ്രദേശത്തെ എല്ലാ ഹോട്ടലുകളുടെയും അവസ്ഥ ഇത് തന്നെ എന്ന് കായിക പ്രേമികൾ പറയുന്നു. സാധാരണയായി ഒരു രാത്രിക്ക് 2000 അല്ലെങ്കിൽ 3000 രൂപ വിലയുള്ള ഹോട്ടൽ മുറികൾ ഇപ്പോൾ അതിൻ്റെ അഞ്ചിരട്ടി നിരക്ക് ഈടാക്കുന്നു.

ഡിമാൻ്റ് കൂടുമ്പോൾ കൂടുതൽ പൈസ ഈടാക്കി വൻ ലാഭമുണ്ടാക്കുന്നു. നഗരത്തിലെ ചില പഴയ ലോഡ്ജുകൾ പോലും അവയുടെ നിരക്കുകൾ കൊള്ള ലാഭത്തിനായി വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ മുറികൾ കിട്ടാനുമില്ല. വളരെ അന്വേഷിച്ച് നടന്ന ശേഷമാകും ഒരു മുറി കിട്ടുക.

എന്നാൽ അവിടെ പഴയ നിരക്കിനേക്കാൾ നാലിരട്ടി കൂടുതൽ പൈസയും. മറ്റ് നിവർത്തിയില്ലാത്തതിനാൽ ആ പൈസ കൊടുത്ത് റൂം എടുക്കുന്ന കാഴ്ചയാണിവിടെ. ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്ഫോമുകളിലും സമാന അവസ്ഥയാണ്. ചില ത്രീ സ്റ്റാർ ഹോട്ടലുകൾ ഒറ്റ രാത്രിയിൽ 40,000 അല്ലെങ്കിൽ അതിൽ കൂടുതലുള്ള നിരക്കുകൾ പോർട്ടലുകളിൽ കാണിക്കുന്നു.

താമസം പോലെ തന്നെ ആളുകൾ കൂടുതൽ ആശ്രയിക്കുന്ന മറ്റൊരു മേഖലയാണ് യാത്ര. സമയ ലാഭിക്കാനായി പലരും കൂടുതൽ തെരഞ്ഞെടുക്കുന്നത് വിമാന യാത്രകളാണ്. എന്നാൽ ഹോട്ടൽ മുറികൾ പോലെ തന്നെ വൻ കുതിച്ചുചാട്ടമാണ് ഈ ദിവസങ്ങളിലെ വിമാന ടിക്കറ്റുകൾക്കും. ഫൈനലിന് തലേ ദിവസവും അതിനുശേഷമുള്ള രണ്ട് ദിവസത്തെയും അഹമ്മദാബാദിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങളുടെ ടിക്കറ്റ് വിലയാണ് കുത്തനെ ഉയർന്നിരിക്കുന്നത്.

നഗരത്തിലെത്തിയ ശേഷമാണ് ഈ കുതിപ്പ് കണ്ടത്. സാധാരണയായി, അഹമ്മദാബാദിൽ നിന്ന് ഡൽഹിയിലേക്കുള്ള ടിക്കറ്റ് 4,000 നും 5,000 നും ഇടയിലാണ്. എന്നാൽ മാർച്ച് ഒന്പതിന്, അത് ₹25,000 നും അതിനു മുകളിലുമായി ഉയർന്നു കളി കാണാന് വേണ്ടി മുറി ബുക്ക് ചെയ്യാന് ശ്രമിച്ച ഡൽഹി നിവാസി മീര എന്ന കായികപ്രേമി പറഞ്ഞു. പിന്നീട് വീണ്ടും പരിശോധിച്ചപ്പോൾ വില വീണ്ടും കൂടുതൽ വർധിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.

ഫൈനലിന് ശേഷം മാർച്ച് ഒന്പതിന് അഹമ്മദാബാദിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനയാത്ര ടിക്കറ്റിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. മുംബൈയിലേക്ക് ഒരു ട്രെയിനിൽ പോകാനും പിന്നീട് മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് ഒരു വിമാനത്തിൽ പോകാനുമാണ് തീരുമാനിച്ചതെന്ന് ഫൈനൽ കാണാൻ എത്തിയ മറ്റൊരു ആരാധകനായ രോഹിത് പറഞ്ഞു. എന്നാൽ അമിത ചാർജ് കാണിക്കുന്നതിനാൽ മറ്റ് യാത്ര മാർഗമാകും തെരഞ്ഞെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാധാരണയായി ബജറ്റ് സൗഹൃദ വിമാന ടിക്കറ്റ് പോർട്ടലുകൾ പോലും അസാധാരണമാംവിധം ഉയർന്ന നിരക്കുകൾ കാണിച്ചിരിക്കുന്നു. ഒരു ഘട്ടത്തിൽ, ഡൽഹിയിലേക്കുള്ള ഏറ്റവും കുറഞ്ഞ ടിക്കറ്റ് 13,500 ആയിരുന്നു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ വില 30,000 ലേക്ക് അടുത്തു. ഫൈനൽ കഴിഞ്ഞയുടനെ പോകാൻ പദ്ധതിയിടുന്ന ആയിരക്കണക്കിന് ആരാധകരുണ്ട്. അവരെ ഈ നിരക്ക് വർധനവ് ബാധിക്കും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News